'ഈ ബില്‍ പാസ്സാക്കാന്‍ അനുവദിക്കില്ല, ഞങ്ങള്‍ തനിച്ചല്ല'; പൗരത്വ ഭേദഗതി ബില്ലിനെതിരെ എം.പി ബദ്രുദ്ദീന്‍ അജ്മല്‍
India
'ഈ ബില്‍ പാസ്സാക്കാന്‍ അനുവദിക്കില്ല, ഞങ്ങള്‍ തനിച്ചല്ല'; പൗരത്വ ഭേദഗതി ബില്ലിനെതിരെ എം.പി ബദ്രുദ്ദീന്‍ അജ്മല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th December 2019, 11:24 am

ന്യൂദല്‍ഹി: ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ വിമര്‍ശനവുമായി അസമിലെ ദുബ്രി ജില്ലയില്‍ നിന്നുള്ള ലോക്‌സഭാ എം.പിയും ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവുമായ ബദ്രുദ്ദീന്‍ അജ്മല്‍.

ഈ ബില്‍ ഭരണഘടനയ്ക്കും ഹിന്ദു-മുസ്ലിം ഐക്യത്തിനും എതിരാണെന്നും എന്തു വില കൊടുത്തും ബില്ലിനെ തങ്ങള്‍ എതിര്‍ക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

‘പൗരത്വ ഭേഗഗതി ബില്‍ ഭരണഘടനയ്ക്ക് എതിരാണ്. അതിലുപരി ഹിന്ദു-മുസ്ലിം ഐക്യത്തിനും എതിരാണ്. എന്തുവിലകൊടുത്തും ബില്ലിനെ എതിര്‍ക്കും. പ്രതിപക്ഷം ഞങ്ങളോടൊപ്പമുണ്ട്. ഈ ബില്‍ പാസാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല.-അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന ബില്ലാണ് ഇതെന്ന് ഇന്നലെ കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു. ഇടതുപക്ഷവും ബില്ലിനെ എതിര്‍ക്കും. ബില്ലിനെതിരെ മുസ്‌ലീം ലീഗിന്റെ എം.പിമാര്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

ഇന്ന് 12 മണിക്കാണ് പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസും സഖ്യകക്ഷികളും തൃണമൂല്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും അറിയിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2016 ലെ ബില്ലില്‍ മാറ്റംവരുത്തിയാണ് പുതിയ ബില്‍. ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം സ്വയംഭരണാധികാരമുള്ള വടക്കുകിഴക്കന്‍ മേഖലകളെയും മറ്റ് സംസ്ഥാനക്കാര്‍ സന്ദര്‍ശിക്കുന്നതിന് പെര്‍മിറ്റ് ആവശ്യമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബില്ലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതി ബില്‍ ഇത്തവണ പാര്‍ലമെന്റില്‍ പാസാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. 238 അംഗങ്ങളുള്ള രാജ്യസഭയില്‍ 122 അംഗങ്ങള്‍ ബില്ലിനെ പിന്തുണക്കും എന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.