തിരുവനന്തപുരം: കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ രാജിവെക്കേണ്ടതില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. തെറ്റ് ചെയ്തിട്ടില്ലെന്ന് ജനങ്ങളെ മാത്രം ബോധിപ്പിച്ചാല്‍ മതിയെന്നും ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
ജനങ്ങളുടെ പിന്തുണയുള്ളിടത്തോളം മേയറായി തുടരും. ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. അന്വേഷണം ആ രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നാണ് കരുതുന്നത്. ഹൈക്കോടതിയില്‍ നിന്നും നോട്ടീസ് ലഭിച്ചിട്ടില്ല. എഫ്.ഐ.ആര്‍ ഇടുന്നതടക്കമുള്ള നടപടികള്‍ പൊലീസ് തീരുമാനിക്കേണ്ട വിഷയമാണെന്നും മേയര്‍ പറഞ്ഞു.
‘സമരമാകാം. പക്ഷേ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലോ ഭയപ്പെടുത്തുന്ന രീതിയിലോ ആകരുത്. ഇന്നലെ പൊലീസിനെ ആക്രമിക്കുന്ന നിലയുണ്ടായി. സമരങ്ങളിലൂടെയാണ് ഞാനടക്കമുള്ളവര്‍ വളര്‍ന്ന് വന്നത്. പ്രതിപക്ഷത്തിന്റെ സമരത്തെയും പ്രതിഷേധത്തെയും അങ്ങനെ തന്നെയാണ് കാണുന്നത്.
പക്ഷേ ‘കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊക്കോളൂ’ എന്ന മഹിളാ കോണ്‍ഗ്രസ് നേതാവ് ജെബി മേത്തര്‍ എം.പിയുടെ പരാമര്‍ശവും പ്ലക്കാഡും വിമര്‍ശനാത്മകമാണ്. ഇക്കാര്യത്തില്‍ മാനനഷ്ട കേസടക്കമുള്ള നിയമനടപടികള്‍ ആലോചിച്ച് മുന്നോട്ട് പോകും,’ മേയര്‍ പറഞ്ഞു.
‘ആര്യ രാജേന്ദ്രന് ചെറിയ പ്രായമാണ്. ബുദ്ധി കുറവാണ്’ എന്ന കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്റെ പരാമര്‍ശത്തിനെതിരെയും മേയര്‍ സംസാരിച്ചു.
‘സുധാകരന്‍ സാറിന്റെയത്ര ക്രൂരമായ ബുദ്ധിയുള്ള ആളല്ല ഞാന്‍. പല ആക്രമണങ്ങളുടെയും പിന്നിലുള്ള അദ്ദേഹത്തിന്റെ ഗൂഢാലോചനകള്‍ മാധ്യമങ്ങളിലൂടെ കണ്ടുവളര്‍ന്നയാളാണ് ഞാന്‍,’ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
അതേസമയം, കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ അഞ്ചാം ദിവസവും യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധിക്കുകയാണ്.