തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് കൈമാറിയതിനെതിരെയുള്ള ഹരജി ഹൈക്കോടതി തള്ളി. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രനും സി.എസ് ഡയസും അടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി സര്‍ക്കാര്‍ ആണ് പൂര്‍ത്തിയാക്കിയത് എന്നതിനാല്‍ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി.
ടെന്‍ഡര്‍ നടപടിയുമായി സഹകരിച്ചശേഷം പിന്നീട് തെറ്റാണെന്നു പറയുന്നതും ന്യായീകരിക്കാന്‍ ആകില്ല. ഒരു എയര്‍പോര്‍ട്ടിന്റെ ലാഭം മറ്റൊരു എയര്‍പോര്‍ട്ടിലേക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്ന് പറയുന്നത് ശരിയല്ലെന്നും കോടതി നീരിക്ഷിച്ചു.
സംസ്ഥാന സര്‍ക്കാരിന് പുറമെ, വിവിധ സംഘടനകളുടേത് അടക്കം ഏഴോളം ഹരജികളാണ് കോടതിയുടെ പരിഗണനയില്‍ വന്നത്. എല്ലാ ഹരജികളും കോടതി തള്ളി.
വിമാനത്താവളങ്ങള്‍ പാട്ടത്തിനു കൊടുക്കാന്‍ തീരുമാനിച്ചത് പൊതുജന താല്‍പ്പര്യാര്‍ത്ഥമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും, ഇതില്‍ കോടതികള്‍ ഇടപെടരുതെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നത് വിശാലമായ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണെന്നും, രാജ്യത്തെ നഷ്ടത്തിലായ വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക ഇളവുകള്‍ അനുവദിച്ചിട്ടും പരാജയപ്പെട്ടു എന്നും കേന്ദ്രം വാദിച്ചു.
സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. ലേല നടപടികള്‍ സുതാര്യമല്ലെന്നും സര്‍ക്കാര്‍ ആരോപിച്ചു. ലേല നടപടികള്‍ അദാനിക്ക് വേണ്ടി നേരത്തെ തന്നെ പറഞ്ഞുറപ്പിച്ചതാണെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.
അദാനി ക്വാട്ട് ചെയ്ത തുകയ്ക്ക് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം കാണിച്ച് സംസ്ഥാനം കത്ത് നല്‍കിയിട്ടും കേന്ദ്രം അവഗണിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
മുന്‍പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് നല്‍കിയത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. മുന്‍പരിചയമുള്ള സര്‍ക്കാരിനെ അവഗണിച്ച്, സര്‍ക്കാരിന്റെ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത് പൊതുതാല്‍പ്പര്യത്തിന് എതിരാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പുകളെ മറികടന്നാണ് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനമായത്.
രണ്ട് വര്‍ഷം മുന്‍പാണ് വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിന് നീക്കം തുടങ്ങുന്നത്. 2019 ഫെബ്രുവരിയില്‍ നടത്തിയ ടെന്‍ഡറില്‍ അദാനിയാണ് മുന്നിലെത്തിയത്. സര്‍ക്കാരിന് വേണ്ടി പങ്കെടുത്ത കെ.എസ്.എ.ഡി.സി രണ്ടാമതാവുകയായിരുന്നു.
വിമാനത്താവളം സ്വകാര്യവത്ക്കരിക്കരുതെന്നും തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.