തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടി കുടുതല്‍ താഴ്ചയിലേക്ക് വീണു. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതിനെ തുടര്‍ന്നാണ് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീണത്.
നേരത്തെ 25 അടി താഴ്ചയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. തുടര്‍ന്ന് സമാന്തരമായി ഒരു കിണര്‍ നിര്‍മ്മിച്ച് കുട്ടിയെ രക്ഷപ്പെടുത്താനായിരുന്നു തീരുമാനം. എന്നാല്‍ കിണറുണ്ടാക്കാനുള്ള ശ്രമത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതിനെ തുടര്‍ന്ന് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു.
68 അടി താഴ്ചയിലാണ് കുട്ടി ഇപ്പോള്‍ ഉള്ളത്. രണ്ട് കൈകളും മുകളിലേക്ക് ഉയര്‍ത്തിയ നിലയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്. രക്ഷപ്രവര്‍ത്തനം ദുസ്സഹമായതോടെ കുട്ടിയെ രക്ഷിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് വീടിന് സമീപം കളിക്കുകയായിരുന്ന രണ്ടര വയസുകാരന്‍ സുജിത് വില്‍സണ്‍ കുഴല്‍ കിണറിലേക്ക് കാല്‍ വഴുതി വീണത്. മൂന്ന് ദിവസമായി ശുചീകരണത്തിനായി കുഴല്‍ കിണര്‍ തുറന്നുവെച്ചിരിക്കുകയായിരുന്നു.
മധുരയില്‍ നിന്നെത്തിയ വിദഗ്ധ സംഘമാണ് നിലവില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.മെഡിക്കല്‍ സംഘം അടക്കമുള്ള വിദഗ്ധര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.