ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ഒരു ദിവസം മാത്രം 13 വര്‍ഗീയ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇ.എഫ്.ഐ)യുടെ മതസ്വാതന്ത്ര്യ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഒക്ടോബര്‍ മൂന്നാം തിയതിയായിരുന്നു ആക്രമണം. തീവ്ര ഹിന്ദുത്വസംഘടനകളുടെ നേതൃത്വത്തില്‍ അക്രമം നടന്നത്.
ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ഹരിയാന, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ദല്‍ഹി എന്നിവിടങ്ങളിലാണ് അക്രമം റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ചിലെ നസീറാബാദില്‍ പ്രാര്‍ത്ഥനക്കായി ഒരു വീട്ടില്‍ ഒത്തുകൂടിയ ക്രൈസ്തവ വിശ്വാസികളായ 30 പേരെ ഹിന്ദുത്വവാദികള്‍ അതിക്രമിച്ച് കയറി മര്‍ദിച്ചു. അക്രമത്തിനിരയായവര്‍ പൊലീസിനെ വിളിച്ചെങ്കിലും സ്ഥലത്തെത്തിയ പൊലീസ് അക്രമികള്‍ക്കൊപ്പം നിന്ന് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയ പാസ്റ്ററെ കസ്റ്റഡിയിലെടുത്ത് പനിയറ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണ് ചെയ്തത്.
മഹാരാജ് ഗഞ്ചില്‍ തന്നെ പാസ്റ്റര്‍ ശ്രീനിവാസ് പ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനായോഗവും അക്രമികള്‍ തടഞ്ഞു. സംഭവത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് മര്‍ദനമേറ്റു.
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശിലെ ജാന്‍പൂരില്‍ പാസ്റ്റര്‍ പ്രേം സിങ് ചൗഹാനെ അറസ്റ്റ് ചെയ്തതും ഇതേ ദിവസമായിരുന്നു.
ഹാത്രാസിലെ ഹസന്‍പൂര്‍ ബാരു ഗ്രാമത്തിലെ പാസ്റ്റര്‍ സൂരജ് പാലിനെ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരം സദാബാദിലെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ഏറെ നേരം ചോദ്യം ചെയ്തെങ്കിലും ആരോപണങ്ങള്‍ തെളിയിക്കപ്പെടാത്തതിനാല്‍ പാസ്റ്ററെ വിട്ടയച്ചു.
ഉത്തര്‍പ്രദേശിലെ തന്നെ ബിജ്നൂറിലെ ചക് ഗോര്‍ധന്‍ ഗ്രാമത്തില്‍ ഞായറാഴ്ച പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പാസ്റ്റര്‍ ദിനേശിനെ പൊലീസുകാര്‍ അകാരണമായി തടഞ്ഞു വെച്ചു. അടുത്ത ദിവസം പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് വിട്ടയച്ചത്.
ഉത്തര്‍പ്രദേശിലെ അസംഗഡില്‍ പാസ്റ്റര്‍ നന്ദു നഥാനിയേലിനെയും ഭാര്യയെയും ആരാധനാലയത്തിന് സമീപം താമസിക്കുന്ന ചിലരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തു.
ഛത്തീസ്ഗഢിലെ കുസുമി ഗ്രാമത്തിലെ ക്രിസ്തുമത വിശ്വാസികള്‍ രണ്ടുതവണയായാണ് ആക്രമണത്തിന് ഇരയായത്. ചാപ്പലായി ഉപയോഗിച്ചിരുന്ന ചെറിയ മുറിയില്‍ കയറിയ അക്രമിസംഘം അത് നശിപ്പിക്കുകയും അവിടെയുണ്ടായിരുന്ന പന്ത്രണ്ടുകാരനെ അടിക്കുകയും ചെയ്തു.
ഛത്തീസ്ഗഢിലെ തന്നെ ഭിലായിയില്‍ നിയമവിരുദ്ധമായ രീതിയില്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പാസ്റ്റര്‍ സന്തോഷ് റാവുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹരിയാനയിലെ കര്‍ണാലില്‍, സ്ത്രീ ഉള്‍പ്പെടെ 30ഓളം വിശ്വാസികളെ ഞായറാഴ്ച പ്രാര്‍ത്ഥനക്കിടെ സംഘപരിവാര്‍ സംഘം ആക്രമിച്ചു. അവരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ആരാധന നടന്ന വീട് കൊള്ളയടിക്കുകയും ചെയ്തു.
ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ഞായറാഴ്ച പ്രാര്‍ത്ഥനക്കായി ഒത്തുകൂടിയ 15 വിശ്വാസികളെ അഞ്ഞൂറോളം വരുന്ന അക്രമിസംഘമാണ് മര്‍ദിച്ചത്. സ്ത്രീകളെയും പുരുഷന്മാരെയും സംഘം ആക്രമിച്ചു. അഞ്ച് പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇതില്‍ രജത് കുമാര്‍ എന്നയാളുടെ നില ഗുരുതരമാണ്.
ഉത്തരാഖണ്ഡിലെ ജ്വാലാപൂരില്‍, തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം ചേര്‍ന്ന് പ്രാര്‍ത്ഥനയോഗം തടസ്സപ്പെടുത്തുകയും വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ വിശ്വാസികള്‍ ഭയചകിതരാണെന്നും പരാതി നല്‍കിയിട്ടില്ലെന്നും പാസ്റ്റര്‍ വിപിന്‍ കുമാര്‍ പറഞ്ഞു.
മധ്യപ്രദേശിലെ ഹോഷങ്കാബാദില്‍ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നാരോപിച്ച് സംഘര്‍ഷം സൃഷ്ടിച്ചു.
രാജ്യതലസ്ഥാനമായ ന്യൂദല്‍ഹിയിലെ അസോള ഫത്തേപ്പൂര്‍ ബെറിയില്‍ പാസ്റ്റര്‍ സന്തോഷ് ഡാന്‍ എന്ന പുരോഹിതനെ 12 അംഗസംഘം വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തി. ആളുകളെ നിയമവിരുദ്ധമായ വഴികളിലൂടെ മതം മാറ്റാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം.
ഒരു കാരണവശാലും ഹിന്ദുക്കളെ പാസ്റ്ററുടെ വീട്ടില്‍ പ്രവേശിപ്പിക്കരുതെന്ന് താക്കീത് നല്‍കിയാണ് അവര്‍ മടങ്ങിയത്.
എന്നാല്‍ ഇവയെല്ലാം റിപ്പോര്‍ട്ട് ചെയ്തവ മാത്രമാണെന്നും അല്ലാത്തതിന്റെ കണക്ക് ഇതിലും കൂടുതലാണെന്നും ഇ.എഫ്.ഐ പറയുന്നു. യു.പി ഉള്‍പ്പെടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടപ്പാക്കിയ പുതിയ മതപരിവര്‍ത്തന നിരോധന നിയമമാണ് അക്രമങ്ങള്‍ക്ക് പ്രചോദനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ജൂണ്‍ മുതലാണ് ഉത്തരേന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങള്‍ തീവ്രത കൈവരിച്ചതെന്നും ഇ.എഫ്.ഐ പറയുന്നു. സര്‍ക്കാരിന്റെ പുതിയ മതപരിവര്‍ത്തന നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ആക്രമണം വര്‍ധിക്കുന്നത്.