കെവിന്‍ ഡി ബ്രൂയ്‌നിന്റെ അഭാവത്തില്‍ സൂപ്പര്‍ താരം റൊമേലു ലുക്കാക്കുവിന് ക്യാപ്റ്റന്‍സി കൈമാറിയതില്‍ പ്രതിഷേധിച്ച് ബെല്‍ജിയത്തിന്റെ റയല്‍ മാഡ്രിഡ് ഗോള്‍കീപ്പര്‍ തിബൗ കോര്‍ട്വാ.
യുവേഫ യൂറോ ക്വാളിഫയേഴ്‌സില്‍ ഓസ്ട്രിയക്കെതിരായ മത്സരത്തിന് മുമ്പ് കെവിന്‍ ഡി ബ്രൂയ്‌നിന് പരിക്കേറ്റതോടെ ലുക്കാക്കുവിനെയാണ് ടീം ക്യാപ്റ്റന്‍സിയേല്‍പിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് താരം സ്‌ക്വാഡ് വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കെവിന്‍ ഡി ബ്രൂയ്‌നിന്റെ അഭാവത്തില്‍ കോര്‍ട്വാ ആയിരുന്നു ക്യാപ്റ്റനാകേണ്ടിയിരുന്നത്. എന്നാല്‍ ലുക്കാക്കുവിനെയായിരുന്നു മത്സരത്തില്‍ റെഡ് ഡെവിള്‍സിനെ നയിക്കാന്‍ ടീം ചുമതലപ്പെടുത്തിയത്.
ജൂണ്‍ 20ന് എസ്റ്റോണിയക്കെതിരായ മത്സരത്തിന് മുമ്പ് കോര്‍ട്ടോയിസ് ഇതുവരെ ടീമിനൊപ്പം ചേരുകയോ ഹോട്ടലിലെത്തുകയോ ചെയ്തിട്ടില്ലെന്ന് ന്യൂസ്ബ്ലാഡ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചെറിയ പരിക്ക് മൂലമാണ് താരം ടീമിനൊപ്പം ചേരാത്തതെന്ന വിശദീകരമാകും ബെല്‍ജിയന്‍ ഫു്ടബോള്‍ അസോസിയേഷന്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെല്‍ജിയന്‍ കോച്ച് ടെഡെസ്‌കോ മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. മത്സരത്തിന്റെ 21ാം മിനിട്ടില്‍ സെല്‍ഫ് ഗോളിലൂടെ ഓസ്ട്രിയയാണ് ലീഡ് നേടിയത്. ആദ്യ പകുതിയില്‍ ഗോള്‍ പിറക്കാതിരുന്നതോടെ വീണുകിട്ടിയ ഗോളിന്റെ അഡ്വാന്റേജില്‍ ഓസ്ട്രിയ രണ്ടാം പകുതിക്കിറങ്ങി,
എന്നാല്‍ മത്സരത്തിന്റെ 61ാം മിനിട്ടില്‍ ലുക്കാക്കുവിലൂടെ ബെല്‍ജിയം ഒപ്പമെത്തി. തുടര്‍ന്നു ഗോള്‍ മടക്കാന്‍ ഇരുടീമും ശ്രമിച്ചെങ്കിലും അതിനാകാതെ വന്നതോടെയാണ് മത്സരം സമനിലയില്‍ കലാശിച്ചത്.
മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു സമനിലയുമായി ഓസ്ട്രിയയാണ് ഗ്രൂപ്പ് എഫില്‍ ഒന്നാമത്. രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു സമനിലയുമായി ബെല്‍ജിയം രണ്ടാം സ്ഥാനത്താണ്.