സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എത്ര ഓഫറുകൾ വന്നാലും അഞ്ച് താരങ്ങൾ ബാഴ്‌സലോണ വിട്ട് പോകില്ലെന്ന് പ്രസിഡന്റ് ജുവാൻ ലപോർട്ട. ക്ലബ്ബിൽ സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെങ്കിലും അഞ്ച് താരങ്ങളെ വിൽക്കാൻ ബാഴ്‌സ ഒരുക്കമല്ലെന്നും ലപോർട്ട പറഞ്ഞു.
ഫ്രങ്കി ഡി ജോങ്, അൻസു ഫാറ്റി, ആൻഡ്രിയാസ് ക്രിസ്റ്റൻസൺ, പെഡ്രി, റൊണാൾഡ് അരൗഹോ എന്നീ താരങ്ങളെ കുറിച്ചാണ് ലപോർട്ട സംസാരിച്ചത്. ഇവർ അഞ്ചുപേരും ക്ലബ്ബിലെ നിർണായക താരങ്ങളാണെന്നും ഈ താരങ്ങളെ മുൻനിർത്തി ബാഴ്‌സ ഭാവിയിലേക്കുള്ള തന്ത്രങ്ങൾ മെനയുമെന്നും ബാഴ്‌സലോണ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ഈസ്‌പോർട്ട് ത്രീ ഷോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്. 2019ൽ അയാക്സിൽ നിന്ന് ബാഴ്‌സലോണയിലെത്തിയ ഡി ജോങ് ക്ലബ്ബിനായി ഇതുവരെ 183 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.
15 ഗോളും 21 അസിസ്റ്റുകളുമാണ് ബ്ലുഗ്രാന ജേഴ്‌സിയിൽ താരത്തിന്റെ സമ്പാദ്യം. ബാഴ്‌സയുടെ മധ്യനിരയിൽ പ്രധാനിയായ താരം കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ ശ്രമിച്ചിരുന്നെങ്കിലും സ്പാനിഷ് ക്ലബ്ബ് വിട്ട് പോകാൻ ഡി ജോങ്ങിന് സാധിച്ചിരുന്നില്ല.
ക്യാമ്പ് നൗവിൽ ബൂട്ടുക്കെട്ടിയ 109 മത്സരങ്ങളിൽ നിന്ന് 29 ഗോളും 10 അസിസ്റ്റുകളുമാണ് അൻസു ഫാറ്റി അക്കൗണ്ടിലാക്കിയത്. ബാഴ്‌സലോണയുടെ യുവതാരത്തെ സ്വന്തമാക്കാൻ നിരവധി ക്ലബ്ബുകൾ രംഗത്തെത്തിയിരുന്നെന്നും എന്നാൽ താരത്തിന് ബ്ലൂഗ്രാന വിട്ടുപോകാൻ ഇഷ്ടമല്ലെന്നുമാണ് ലപോർട്ട പറഞ്ഞത്.
അതേസമയം, കഴിഞ്ഞ സീസണിൽ ബാഴ്സയിലെത്തിയ ക്രിസ്റ്റൻസണിന് മത്സരിച്ച 32 മത്സരങ്ങളിൽ നിന്ന് 16 ക്ലീൻ ഷീറ്റ് നിലനിർത്താനായി. 2020ൽ സ്പാനിഷ് ക്ലബ്ബിലെത്തിയ അരൗഹോയ്ക്കാകട്ടെ ബാഴ്‌സയുടെ നിർണായക താരങ്ങളിലൊരാൾ എന്ന ഖ്യാതി നേടാനായി.
മധ്യ നിരയിൽ ബാഴ്‌സലോണ വലിയ പ്രതീക്ഷ ചെലുത്തുന്ന കളിക്കാരനാണ് സ്പെയ്നിന്റെ യുവതാരം പെഡ്രി. 20കാരനായ താരത്തിന് ഇതിനകം ബാഴ്‌സയുടെ 109 സീനിയർ മത്സരങ്ങളിൽ പങ്കാളിയാകാൻ സാധിച്ചു. ബ്ലൂഗ്രാന ജേഴ്‌സിയിൽ 16 ഗോളും എട്ട് അസിസ്റ്റുകളുമാണ് പെഡ്രിയുടെ സംഭാവന.