ബെംഗളൂരു: കർണാടകയിൽ മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തി ബി.ജെ.പി നേതാവ്. മുൻ എം.പിയും ബി.ജെ.പി അംഗവുമായ പ്രതാപ് സിംഹയാണ് വിവാദ പ്രസ്താവന നടത്തിയത്.
മുസ്‌ലിങ്ങൾ വിഭജന സമയത്ത് തന്നെ രാജ്യം വിട്ട് പോകേണ്ടവരായിരുന്നെന്നും അവർ കുട്ടികളെ ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് പ്രസ്താവന. ഒപ്പം കർണാടകയിൽ ബുൾഡോസർ നീതി കൊണ്ടുവരണമെന്നും സിംഹ കൂട്ടിച്ചർത്തു. ‘വിഭജന വേളയിൽ തന്നെ മുസ്‌ലിങ്ങൾ ഭാരതം വിട്ടുപോകേണ്ടതായിരുന്നു. പിന്നോക്കം നിൽക്കുന്നവർ ജനസംഖ്യ വർധിപ്പിക്കാൻ വേണ്ടി മാത്രമാണ് കുട്ടികളെ വളർത്തുന്നത്, ‘അദ്ദേഹം പറഞ്ഞു.
ഉദയഗിരി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിനെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രതാപ് സിംഹ. മാധ്യമങ്ങളുടെ ഒരു ചോദ്യത്തിന് മറുപടിയായി മുസ്‌ലിം ഭരണാധികാരികൾ ധൈര്യശാലികളല്ലെന്ന് സിംഹ പറഞ്ഞു. ‘മുസ്‌ലിം ഭരണാധികാരികൾ ധൈര്യശാലികളല്ലായിരുന്നു മറിച്ച് ക്രൂരന്മാരായിരുന്നു. മുസ്‌ലിങ്ങൾക്ക് ധൈര്യം എന്താണെന്ന് അറിയില്ലായിരുന്നു. അവർ അക്രമാസക്തരും ക്രൂരന്മാരുമായിരുന്നു, ‘ സിംഹ പറഞ്ഞു.
‘കർണാടകയിലെ കോൺഗ്രസ് സർക്കാർ മുസ്‌ലിങ്ങൾക്ക് ഹിന്ദുക്കൾക്ക് നേരെ കല്ലെറിയാൻ സൗജന്യ അനുമതി നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലെ ‘ബുൾഡോസർ’ ഭരണം കൊണ്ടുവരാൻ ഇവിടെ ആർക്കാണ് ധൈര്യം? മുഖ്യമന്ത്രി സിദ്ധരാമയ്യയിൽ നിന്നോ ആഭ്യന്തരമന്ത്രി ജി. പരമേശ്വരയിൽ നിന്നോ നമുക്ക് അത് പ്രതീക്ഷിക്കാമോ? കർണാടകയിലും ഉത്തർപ്രദേശിലെ നിയമം വേണം,’ സിംഹ പറഞ്ഞു.
Content Highlight: They are only making kids’: Muslims should have left Bharat during Partition, says BJP’s Prathap Simha