Entertainment
വലിയ വ്യത്യാസമൊന്നും തോന്നിയില്ലല്ലോ... മാറ്റം വരുത്തിയ എമ്പുരാൻ കണ്ട പ്രേക്ഷക പ്രതികരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 02, 11:06 am
Wednesday, 2nd April 2025, 4:36 pm

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളവും സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്നത് എമ്പുരാനാണ്. മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് എമ്പുരാൻ. ചിത്രത്തിലെ ചില ഭാഗങ്ങളെച്ചൊല്ലി സംഘപരിവാർ അനുകൂലികൾ നടത്തുന്ന വിവാദങ്ങളൊന്നും എമ്പുരാന്റെ ബോക്‌സ് ഓഫീസ് പ്രകടനത്തെ തെല്ലും ബാധിച്ചിട്ടില്ല എന്ന് വേണം കരുതാൻ.

റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് 200 കോടിക്ക് മുകളിൽ കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ടായിരുന്നു. വിവാദങ്ങൾക്കൊടുവിൽ എമ്പുരാനിൽ വീണ്ടും സെൻസറിങ് ചെയ്ത് മാറ്റം വരുത്തിയാണ് ഇന്ന് (ബുധൻ) തിയേറ്ററിൽ പ്രദർശിപ്പിച്ചത്. സംഘപരിവാർ സമ്മർദ്ദത്തിനെത്തുടർന്ന് ചിത്രത്തിൽ മാറ്റം വരുത്താൻ നിർമാതാക്കൾ സ്വയം നിർബന്ധിതരായി സെൻസർ ബോർഡിനെ സമീപിക്കുകയായിരുന്നു. 24 മാറ്റങ്ങളുമായി എത്തിയ ചിത്രം 2.08 മിനിറ്റ് കുറച്ചിട്ടുണ്ട്.

ഇപ്പോൾ മാറ്റം വരുത്തിയ എമ്പുരാനിലും വലിയ മാറ്റമൊന്നും ഇല്ലെന്നാണ് വീണ്ടും സിനിമ കണ്ട പ്രേക്ഷകർ പറയുന്നത്.

താൻ വീണ്ടും സിനിമ കണ്ടതാണെന്നും എന്നാലും വലിയ വ്യത്യാസം ഒന്നും തോന്നിയില്ലായിരുന്നുവെന്നുമാണ് ഒരാൾ പറയുന്നത്. അതോടൊപ്പം സിനിമയിൽ സുരേഷ് ഗോപിയുടെ പേര് എഴുതിക്കാണിക്കുന്നില്ലെന്നും പറയുന്നുണ്ട്.

താൻ ആദ്യം സിനിമ കണ്ടിട്ടുണ്ടായിരുന്നുവെന്നും എന്നാൽ കട്ട് ചെയ്തത് കൊണ്ട് വീണ്ടും കാണാൻ വന്നു എന്നാണ് മറ്റൊരു പ്രേക്ഷകൻ പ്രതികരിച്ചത്. കട്ട് ചെയ്തതൊക്കെ കളയുന്നതാണ് നല്ലതെന്നും അദ്ദേഹം പ്രതികരിച്ചു.

‘വലിയ മാറ്റമൊന്നും അനുഭവപ്പെട്ടില്ല. ഞാൻ മുമ്പും സിനിമ കണ്ടതാണ്. എന്നാലും വലിയ വ്യത്യാസം തോന്നിയില്ല. സിനിമയിൽ സുരേഷ് ഗോപിയുടെ പേര് എഴുതിക്കാണിക്കുന്നില്ല,’ ഒരു പ്രേക്ഷകൻ പറഞ്ഞു.

‘ഞാൻ ആദ്യം കണ്ടിട്ടുണ്ടായിരുന്നു എന്നാൽ കട്ട് ചെയ്ത കാരണം കൊണ്ട് വീണ്ടും കണ്ടപ്പോൾ മനസിലായി കട്ട് ചെയ്തിട്ടുണ്ടെന്ന്, കട്ട് ചെയ്ത് കളഞ്ഞതൊക്കെ മാറ്റേണ്ടത് തന്നെയായിരുന്നു,’ മറ്റൊരു പ്രേക്ഷകൻ പറഞ്ഞു.

Content Highlight: There wasn’t much difference.The audience reacts to the New Empuran