ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് റൊണാൾഡോ അൽ നസറിലേക്ക് ചേക്കേറിയിരിക്കുകയാണ്.
ഏകദേശം 225 മില്യൺ യൂറോക്കാണ് താരം അൽ നസറിൽ എത്തിയത്. 2025വരെ റോണോ സൗദിയിലുണ്ടാകും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ റൊണാൾഡോയുടെ സൗദി പ്രോ ലീഗ് പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളും താരത്തിനെതിരെ ഉയർന്ന് വന്നിരുന്നു.
പണം മാത്രം മോഹിച്ചാണ് റോണോ ക്വാളിറ്റിയില്ലാത്ത പ്രോ ലീഗുകൾ പോലുള്ള ലീഗുകളിൽ മത്സരിക്കുന്നതെന്നും, താരത്തിന് യൂറോപ്പിൽ ഇനി തുടർന്ന് കളിക്കാനുള്ള യോഗ്യതയില്ലെന്നുമൊക്കെയായിരുന്നു റോണോക്കെതിരെ ഉയർന്ന വിമർശനങ്ങൾ.ആരാധകർ മുതൽ താരങ്ങളും പരിശീലകരുമടക്കം ഇത്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
എന്നാൽ ഈ വിമർശനങ്ങൾക്കൊക്കെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സ്പാനിഷ് പരിശീലകനായ റൗൾ കനെഡ. ലാ ലിഗ ക്ലബ്ബായ റയൽ സോഴ്സിഡസിനെയടക്കം പരിശീലിപ്പിച്ച കോച്ചാണ് റൗൾ.
“എന്താണ് ഇവരുടെയൊക്കെ പ്രശ്നം. ഇനിയേസ്റ്റ, സാവി, റൗൾ മുതലായ നിരവധി പ്രമുഖ താരങ്ങൾ ഏഷ്യൻ ലീഗിൽ കളിച്ചിട്ടുണ്ട്. അവരോന്നും കളിക്കുമ്പോഴില്ലാത്ത പ്രശ്നം റൊണാൾഡോ ഏഷ്യയിൽ കളിക്കുമ്പോൾ എന്തിനാണ് ഉണ്ടാക്കുന്നത്,’ റൗൾ പറഞ്ഞു.
“പലരും പല കാരണങ്ങൾ പറഞ്ഞാണ് റൊണാൾഡോയുടെ സൗദി പ്രവേശനത്തെ എതിർക്കുന്നത്. മെസി-റൊണാൾഡോ ദ്വന്തം വരെ ഇവിടെ റൊണാൾഡോ വിമർശനത്തിന് കാരണമാകുന്നു. ചാവി ജപ്പാനിൽ കളിക്കാൻ പോയത് സുഷി തിന്നാനുള്ള കൊതികൊണ്ടല്ല എന്ന് നമുക്കെല്ലാം അറിയാം. അതും പണത്തിന് വേണ്ടി തന്നെയായിരുന്നു,’ റൗൾ കൂട്ടിച്ചേർത്തു.
അൽ നസർ ക്ലബ്ബിന്റെ മുൻ പരിശീലകൻ കൂടിയാണ് സ്പാനിഷ് പരിശീലകനായ റൗൾ കനെഡ. 2017-2018 സീസണിലായിരുന്നു ഇനിയേസ്റ്റ ജാപ്പനീസ് ക്ലബ്ബായ വിസൽ കോബയിൽ സൈൻ ചെയ്തത്.
റൗളും ചാവിയും അൽ സാദിലാണ് കളിച്ചിരുന്നത്. റൗൾ 2012 മുതൽ 2014 വരെയും ചാവി 2015 മുതൽ 2019 വരെയുമാണ് അൽ സാദിൽ കളിച്ചിരുന്നത്.
കൂടാതെ പ്ലെയർ എന്ന നിലയിൽ വിരമിച്ച ശേഷം ചാവി 2021 നവംബർ വരെ പരിശീലകനായും ക്ലബ്ബിൽ തുടർന്നു.
അതേസമയം റൊണാൾഡോയെ ക്ലബ്ബിൽ അവതരിപ്പിക്കുന്ന ചടങ്ങിന് സാക്ഷിയാകാൻ വലിയൊരു കൂട്ടം ആരാധകരാണ് അൽ നസറിന്റെ ഹോം സ്റ്റേഡിയത്തിലേക്ക് എത്തിയത്.