'എല്ലാ കള്ളന്മാരും മോദിമാരാണെന്ന് പറയുന്നതും, എല്ലാ മോദിമാരും കള്ളന്മാരാണെന്ന് പറയുന്നതും വ്യത്യസ്തമാണ്'; രാഹുല്‍ ഗാന്ധിക്കെതിരായ വിധിയില്‍ പിഴവുണ്ടെന്ന് അഭിഭാഷകര്‍
national news
'എല്ലാ കള്ളന്മാരും മോദിമാരാണെന്ന് പറയുന്നതും, എല്ലാ മോദിമാരും കള്ളന്മാരാണെന്ന് പറയുന്നതും വ്യത്യസ്തമാണ്'; രാഹുല്‍ ഗാന്ധിക്കെതിരായ വിധിയില്‍ പിഴവുണ്ടെന്ന് അഭിഭാഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th March 2023, 11:14 am

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ സൂറത് കോടതി വിധി യുക്തിയുടെ അഭാവമെന്ന് മുതിര്‍ന്ന അഭിഭാഷക നിത്യ രാമകൃഷ്ണന്‍. എല്ലാ കള്ളന്മാരും മോദിമാര്‍ ആണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞാലും അതിനെ അങ്ങനെ തന്നെ നിര്‍വചിക്കാനാകില്ലെന്ന് നിത്യ വ്യക്തമാക്കി. എല്ലാ ആണുങ്ങളും മനുഷ്യന്മാരാണെന്ന് പറയുന്നത് പോലെയല്ല എല്ലാ മനുഷ്യന്മാരും ആണുങ്ങളാണെന്ന് പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരനായ പൂര്‍ണേഷ് മോദിയെ വ്യക്തിപരമായോ ധാര്‍മ്മികമായോ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ബാധിച്ചിട്ടുണ്ടോ എന്നതാണ് ആദ്യം പരിഗണിക്കേണ്ടത്. അങ്ങനെയുണ്ടെങ്കില്‍ മാത്രമേ പരാതി പരിഗണിക്കേണ്ട ആവശ്യകത ഉയരുന്നുള്ളൂവെന്നും അവര്‍ കൂടട്ടിച്ചേര്‍ത്തു.

‘രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം പരാതിക്കാരനായ പൂര്‍ണേഷ് മോദിയെ ധാര്‍മ്മികമായോ, വ്യക്തിപരമായോ ബാധിച്ചുണ്ടെങ്കില്‍ മാത്രമേ പരാതി നിലനില്‍ക്കുന്നുള്ളൂ. എല്ലാ കള്ളന്മാരും മോദിമാരാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ടെങ്കിലും അതിനെ എല്ലാ മോദിമാരും കള്ളന്മാരാണെന്ന് വ്യാഖ്യാനിക്കാനാകില്ല.

അദ്ദേഹത്തിന്റെ പരാമര്‍ശം എല്ലാ മോദിമാരെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് പറയാന്‍ സാധിക്കില്ല. എല്ലാ ആണുങ്ങളും മനുഷ്യന്മാരാണ് എന്ന് പറയുന്നതും എല്ലാ മനുഷ്യന്മാരും ആണുങ്ങളാണ് എന്ന് പറയുന്നതും തമ്മിലെ വ്യത്യാസം പോലെയാണിതും,’ നിത്യ രാമകൃഷ്ണനെ ഉദ്ധരിച്ച് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഹുല്‍ ഗാന്ധി നടത്തിയ മോദി പരാമര്‍ശം സമൂഹത്തിന് തെറ്റായ എന്തെങ്കിലും സന്ദേശം നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി എന്ന് പേരുള്ള ആരുമായും സമ്പര്‍ക്കത്തിലേര്‍പ്പെടരുതെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുന്നില്ല. യാദൃശ്ചികമായി മോദി എന്ന് പേരുള്ള മൂന്ന് പേരെക്കുറിച്ച് വാചാടോപപരവും തമാശ കലര്‍ന്നതുമായ പരാമര്‍ശം മാത്രമാണതെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു.

സൂറത് കോടതി വിധിയില്‍ പിഴവുണ്ടെന്നും മാനനഷ്ടക്കേസുകളില്‍ പാലിക്കേണ്ട ആദ്യപരിധി പോലും പാലിച്ചിട്ടില്ലെന്നും നിത്യ വ്യക്തമാക്കി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499-ാം വകുപ്പ് പ്രകാരമാണ് മാനനഷ്ടക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. പരാമര്‍ശങ്ങള്‍ നേരിട്ടോ, പരോക്ഷമായോ ഒരു വ്യക്തിയുടെ ധാര്‍മ്മികമോ ബൗദ്ധികമോ ആയ സ്വഭാവത്തെ അപകീര്‍ത്തിപ്പെടുത്തുന്നില്ലെങ്കില്‍ അത് മാനനഷ്ടക്കേസിന്റെ പരിധിയില്‍ വരില്ലെന്ന് നിയമം വ്യക്തമാക്കുന്നുണ്ട്.

മോദി എന്ന പേരിനെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. പരാതിക്കാരനായ പൂര്‍ണേഷ് മോദിയും പരാമര്‍ശിക്കപ്പെട്ട നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നിവരുമായി കുടുംബപരമായോ മറ്റെന്തെങ്കിലും അര്‍ത്ഥത്തിലോ ബന്ധം സ്ഥാപിക്കുന്നില്ല. അതിനാല്‍ എല്ലാ മോദിമാരെയും അധിക്ഷേപിച്ചു എന്ന പൂര്‍ണേഷ് മോദിയുടെ പരാമര്‍ശം നിലനില്‍ക്കില്ലെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വക്കേറ്റ് അപര്‍ ഗുപ്തയും വ്യക്തമാക്കുന്നുണ്ട്.

‘എല്ലാ അഭിഭാഷകരും അഴിമതിക്കാരാണെന്ന് പറഞ്ഞാല്‍ അത് എല്ലാ അഭിഭാഷകരെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതിപ്പെടാന്‍ സാധിക്കില്ല. മറിച്ച് പ്രത്യേക അസോസിയേഷനിലെ എല്ലാ അഭിഭാഷകരും അഴിമതിക്കാരാണെന്ന് പറഞ്ഞാല്‍ അതിനെ മാനനഷ്ടത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാകും,’ ഗുപ്ത പറഞ്ഞു.

സമാന ഉദാഹരണമാണ് ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര പറയുന്നത്. എല്ലാ പത്രപ്രവര്‍ത്തകരും സംശയാസ്പദമാണെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ഏതെങ്കിലും ഒരു പത്രപ്രവര്‍ത്തകന് മാനനഷ്ടത്തിന് കേസ് കൊടുക്കാമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ സെക്രട്ടേറിയേറ്റാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. സൂറത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് നടപടി.

നടപടിയിൽ രൂക്ഷ വിമർശനവുമായി മമത ബാനർജി, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.

2019ൽ നടന്ന റാലിക്കിടെ മോദി എന്ന പേരിനെതിരെ നടത്തിയ പരാമർശത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയുള്ള സൂറത് കോടതി വിധി വന്നത്.വിധി വന്നതിന് പിന്നാലെ രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ചൂണ്ടിക്കാട്ടി സപീക്കർക്ക് പരാതി ലഭിച്ചിരുന്നു.

സുപ്രീം കോടതിയുടെ വിധി പ്രകാരം രണ്ട് വർഷമോ അതിൽ അധികമോ ശിക്ഷ ലഭിച്ചവർ അയോഗ്യരാകുമെന്നും ഇപ്രകാരം രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെടണമെന്നും പരാതിയിൽ പറഞ്ഞിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ സ്പീക്കർ നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Content Highlight: ‘There is difference between the statements all thieves are Modis and all Modis are thieves’; Lawyers say there is a mistake in the verdict against Rahul Gandhi