തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയെ വിഘടിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷയാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം കേരളത്തിലെത്തിയത്.
പുത്തരിക്കണ്ടം മൈതാനത്തിലാണ് ജനപക്ഷയാത്രയുടെ സമാപന സമ്മേളനം നടന്നിരുന്നത്. രാഹുല്‍ ഗാന്ധിക്കു പുറമേ കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണി, മുകുള്‍ വാസിനിക് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അതേസമയം ജനപക്ഷയാത്രയിലെ ഫണ്ട് പിരിവ് മാതൃകാപരമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. തെറ്റായ രീതിയില്‍ ഫണ്ട് പിരിച്ചവര്‍ക്ക് നേരെയാണ് നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ നയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും എന്നാല്‍ ഈ അഭിപ്രായ വ്യത്യാസങ്ങള്‍ വ്യക്തി ബന്ധത്തെ ബാധിച്ചിട്ടില്ലെന്നും വി.എം സുധീരന്‍ വ്യക്തമാക്കി.
ജനപക്ഷയാത്രയില്‍ നിന്ന് 13.73 കോടിരൂപയാണ് പിരിച്ചെടുത്തതെന്നും 1.46 കോടി രൂപ ജനപക്ഷയാത്രയ്ക്ക് ചിലവായെന്നും സുധീരന്‍ പറഞ്ഞു. ഡി.സി.സി കള്‍ക്കുള്ള വിഹിതം കഴിഞ്ഞ് 10.6 കോടി രൂപ കെ.പി.സി.സിക്ക് ലഭിച്ചെന്നും ഇതില്‍ ഒരു കോടി രൂപ സംഭാവനയായി എ.ഐ.സി.സിക്ക് നല്‍കാന്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ മരുന്നും ഭക്ഷണവും വാങ്ങാന്‍ കഴിവില്ലാത്ത ധാരളം ആള്‍ക്കാര്‍ ഉണ്ട്, ലഭിച്ച ഫണ്ടിന്റെ ഒരു ഭാഗം ഇവര്‍ക്ക് പ്രയോജനപ്പെട്ടുത്തുന്നതിന് സമിതി രൂപീകരിക്കാനുമാണ് കെ.പി.സി.സിയുടെ തീരുമാനം.
ജനപക്ഷയാത്രയിലൂടെ ജനങ്ങളുമായി കൂടുതല്‍ സംവദിക്കാന്‍ സാധിച്ചതായും മദ്യനയത്തിന് വളരെ നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.