ഇന്ത്യൻ പ്രീമിയർ ലീഗിൽ 2013 മുതൽ തുടർന്ന് പോകുന്ന തങ്ങളുടെ പതിവ് രീതി തെറ്റിക്കാതെ ഇത്തവണയും ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെട്ടിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്.
ആദ്യ മത്സരത്തിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് രോഹിത്തും സംഘവും പരാജയം രുചിച്ചിരിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ബാറ്റിങ് നിരയിൽ തിലക് വർമക്കൊഴികെ മറ്റാർക്കും കാര്യമായി തിളങ്ങാൻ സാധിച്ചിരുന്നില്ല. 84 റൺസാണ് മുംബൈ ബാറ്റിങ് നിരയിൽ നിന്നും തിലക് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ ഓപ്പണർമാരായ വിരാടിന്റെയും ഡുപ്ലെസിയുടെയും ബാറ്റിങ്ങ് മികവിൽ വിജയത്തിലേക്ക് അനായാസം കുതിക്കുകയായിരുന്നു.
എന്നാൽ മത്സരത്തിൽ മുംബൈ പരാജയപ്പെട്ടതിന് പിന്നാലെ ടീമിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസിസ് താരമായ ടോം മൂഡി.
മത്സരശേഷം ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മുംബൈ ഇന്ത്യൻസ് ടീമിനെക്കുറിച്ച് ടോം മൂഡി സംസാരിച്ചത്.
“എനിക്ക് മുംബൈ ഇന്ത്യൻസിന്റെ കാര്യത്തിൽ കുറച്ച് കൂടി ശ്രദ്ധയുണ്ട്. കാരണം ഐ.പി.എല്ലിന് മുമ്പ് തന്നെ ഞാൻ പറഞ്ഞത് പോലെ മുംബൈ ഫൈനലിലേക്കെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല.
മുംബൈ ടീമിനെ സംബന്ധിച്ചിടത്തോളം അവരുടെ ടീമിനുള്ളിൽ നിരവധി വിള്ളലുകളുണ്ട്. അതിനാൽ തന്നെ അവരുടെ ടീമിന് ഒരു ബാലൻസുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. അവർക്ക് കൃത്യമായ ഒരു ആഭ്യന്തര ബൗളിങ്ങ് സ്‌ക്വാഡോ രാജ്യാന്തര ബൗളിങ്ങ് സ്‌ക്വാഡോ ഇല്ല,’ ടോം മൂഡി പറഞ്ഞു.