World News
ഉക്രൈനില്‍ അന്താരാഷ്ട്ര സഹകരണത്തോടെ ഒരു താത്കാലിക സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് പുടിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
4 days ago
Friday, 28th March 2025, 3:14 pm

മോസ്‌കോ: ഐക്യാരാഷ്ട്ര സംഘടനയുടേയും മറ്റ് രാജ്യങ്ങളുടെയും മാര്‍ഗനിര്‍ദേശപ്രകാരം ഉക്രൈനില്‍ ഒരു താത്കാലിക സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍.

നിലവിലെ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുടെ ഔദ്യോഗിക കാലാവധി 2024 മെയ് മാസത്തില്‍ അവസാനിച്ചതിനാല്‍, രാജ്യത്ത് പുതിയൊരു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് പുതിന്‍ പറഞ്ഞതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉക്രൈനിലെ പുതിയ അധികാരികള്‍ക്ക് റഷ്യയുമായി യുദ്ധങ്ങള്‍ അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാമെന്നും ഒരു സമാധാന കരാറില്‍ ഒപ്പുവെക്കാനും കഴിയുമെന്നും പുതിന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കാലാവധി അവസാനിച്ചിട്ടും സെലന്‍സ്‌കി അധികാരത്തില്‍ തുടര്‍ന്നതില്‍ പുടിന്‍ ദീര്‍ഘകാലമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്.

അതേസമയം മുന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഉപരിയായി ഇപ്പോഴത്തെ ഭരണാധികാരി ഡൊണാള്‍ഡ് ട്രംപ് യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തുന്നതായും സമാധാനം ആഗ്രഹിക്കുന്നുവെന്ന് തെളിയിച്ചതായും പുതിന്‍ പറഞ്ഞു.

‘എന്റെ അഭിപ്രായത്തില്‍, പുതുതായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് നിരവധി കാരണങ്ങളാല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു,’ പുതിനെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെ യു.എസിന്റെ മധ്യസ്ഥതയില്‍ ഉക്രൈനും റഷ്യയും മാര്‍ച്ച് 25ന് കരിങ്കടലില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. കരിങ്കടല്‍ വഴി പോകുന്ന കപ്പലുകളെ ആക്രമിക്കില്ലെന്നാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചത്. ഊര്‍ജോത്പാദന കേന്ദ്രങ്ങളും ആക്രമിക്കില്ലെന്നും ഇരുരാജ്യങ്ങളും തീരുമാനത്തിലെത്തി.

അതേസമയം പുടിന്‍ ഉടന്‍ മരിച്ചേക്കുമെന്ന ഉക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിയുടെ ഇന്നലെത്തെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. പുടിന്‍ മരിക്കുന്നതോടെ ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നും സെലന്‍സ്‌കി പറയുകയുണ്ടായി. അടുത്തിടെ പുടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് സെലന്‍സ്‌കിയുടെ പരാമര്‍ശം.

Content Highlight: Putin calls for formation of interim government in Ukraine with international cooperation