national news
നോയിഡയില്‍ ഹോസ്റ്റലില്‍ തീപിടിത്തം; ബാല്‍ക്കണിയില്‍ നിന്ന് ചാടിരക്ഷപ്പെട്ട പെണ്‍കുട്ടിക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Friday, 28th March 2025, 3:31 pm

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ തീപിടുത്തം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഗ്രേറ്റര്‍ നോയിഡയിലെ നോളജ് പാര്‍ക്ക്-3 മേഖലയിലാണ് സംഭവം. അന്നപൂര്‍ണ എന്ന ഹോസ്റ്റലില്‍ ഇന്നലെ (വ്യാഴം)യാണ് തീപിടിത്തമുണ്ടായത്.

അപകടത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയാണ് ഒരാള്‍ക്ക് പരിക്കേറ്റത്. ബാല്‍ക്കണിയില്‍ നിന്ന് താഴേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കൈയിടറി പെണ്‍കുട്ടി താഴേക്ക് വീഴുകയായിരുന്നു.

അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഈ ദൃശ്യങ്ങളില്‍, പെണ്‍കുട്ടികള്‍ക്ക് രക്ഷപ്പെടുന്നതിനായി നാട്ടുകാര്‍ ചേര്‍ന്ന് ഏണി വെച്ചുകൊടുക്കുന്നതായി കാണാം.

എന്നാല്‍ ഇതില്‍ എത്തിപ്പിടിക്കാന്‍ കഴിയാതെ പരിക്കേറ്റ പെണ്‍കുട്ടി താഴേക്ക് വീഴുകയായിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ തീയാളിപ്പടരുന്നതും ദൃശ്യങ്ങളില്‍ കാണാം.

എ.സി യൂണിറ്റിലുണ്ടായ തീപിടിത്തം ഹോസ്റ്റലിലേക്ക് വ്യാപിച്ചതാണ് അപകടത്തിന് കാരണമായത്. അപകടം നടക്കുമ്പോള്‍ 30 ഓളം വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്.

കെട്ടിടത്തിലെ രണ്ട് റൂമുകളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് ബാല്‍ക്കണിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നതോടെയാണ് ഇവര്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടിയത്.

ഫയര്‍ഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുന്നോടിയായി പെണ്‍കുട്ടികള്‍ എല്ലാം സുരക്ഷിതമായ ഇടങ്ങളില്‍ എത്തിയതായി ചീഫ് ഫയര്‍ ഓഫീസര്‍ സി.എഫ്.ഒ പ്രദീപ് കുമാര്‍ ചൗബെ പറഞ്ഞു. അപകടത്തില്‍ നിയമനടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ നടത്തിപ്പിനും നിര്‍മാണത്തിനുമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഗ്രേറ്റര്‍ നോയിഡയിലെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Content Highlight: Fire breaks out in hostel in Noida; Girl injured after jumping from balcony