ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ നടക്കുന്നത് കൊടുക്കല്‍ വാങ്ങലുകളാണ്; നാടകത്തിന് ശേഷം ഒത്തുതീര്‍പ്പാകുന്നു: പ്രതിപക്ഷ നേതാവ്
Kerala News
ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ നടക്കുന്നത് കൊടുക്കല്‍ വാങ്ങലുകളാണ്; നാടകത്തിന് ശേഷം ഒത്തുതീര്‍പ്പാകുന്നു: പ്രതിപക്ഷ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th February 2022, 7:28 pm

തിരുവനന്തപുരം: സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ നടക്കുന്നത് കൊടുക്കല്‍ വാങ്ങലുകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗവര്‍ണറുടേത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ അറിവോടെയുള്ള നീക്കങ്ങളാണെന്നും സതീശന്‍ പറഞ്ഞു.

ഗവര്‍ണറും സര്‍ക്കാറും ചേര്‍ന്ന് നിയമസഭയെ അവഹേളിക്കുകയാണ്. കൊടുക്കല്‍ വാങ്ങല്‍ എന്ന നാടകത്തിന് ശേഷം ഒത്തുതീര്‍പ്പാകുന്നു. എല്ലാ കാര്യത്തിലും നടക്കുന്നത് ഒത്തുതീര്‍പ്പാണ്. ഇരുവരും ഞങ്ങള്‍ തമ്മില്‍ പ്രശ്‌നമാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര നേതൃത്വം അറിഞ്ഞുകൊണ്ടുള്ള കാര്യങ്ങളാണ് ഇതൊക്കെ. ഗവര്‍ണര്‍ ബി.ജെ.പി വക്താവ് എന്ന നിലയിലേക്ക് തരംതാണിരിക്കുകയാണ്. കണ്ണൂര്‍ യുണിവേഴ്‌സിറ്റി നിയമനത്തിലും കണ്ടത് സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള ഒത്തുതീര്‍പ്പുകളാണ്. ഗവര്‍ണര്‍ക്ക് പ്രതിക്ഷം ലോകായുക്ത വിഷയത്തില്‍ നല്‍കിയ നിവേദനത്തില്‍ പോലും ഇതാണ് കണ്ടത്.

വിലപേശലുകള്‍ക്കൊടുവിലാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവെച്ചത്. പൊതുഭരണ സെക്രട്ടറിയെ മാറ്റിയതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ നടപടി.

പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെയാണ് തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത്.

ഗവര്‍ണറുടെ അഡീഷണല്‍ പി.എ. സ്ഥാനത്ത് ഹരി എസ്. കര്‍ത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവില്‍ ജ്യോതിലാല്‍ വെച്ച കത്താണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. പ്രകടമായ രാഷ്ട്രീയ ബന്ധമുള്ളവരെ രാജ്ഭവനില്‍ നിയമിക്കുന്നതിലെ അഭിപ്രായ ഭിന്നതയാണ് ഈ കത്തിലുണ്ടായിരുന്നത്.

പൊതുഭരണ സെക്രട്ടറിയായ കെ.ആര്‍. ജ്യോതിലാലിനെ മാറ്റി പകരം ശാരദാ മുരളീധരനെ സെക്രട്ടറിയായി നിയമിച്ചു. മാറ്റം സര്‍ക്കാര്‍ ഔദ്യോഗികമായി രാജ്ഭവനെ അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തിയത്.

മുഖ്യമന്ത്രിക്ക് പിന്നാലെ ചീഫ് സെക്രട്ടറിയും രാജ്ഭവനില്‍ എത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കുന്നത് ഗവര്‍ണറുടെ ഭരണ ഘടനാ ബാധ്യതയാണെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്ന് ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.

പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ സി.എ.ജിയേയും ബന്ധപ്പെട്ടിട്ടുണ്ട്. സി.എ.ജിയെ നേരില്‍ വിളിച്ചാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്.

നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ച് തിരികെ സര്‍ക്കാറിലേക്ക് അയക്കണമെന്നാണ് ചട്ടം. ഇതിനു ശേഷമാണ് വെള്ളിയാഴ്ച നിയമസഭയില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുക.

നിയമസഭ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ട് നയപ്രഖ്യാപന പ്രസംഗം കൈമാറിയത്.


Content Highlights: There are give-and-take between the governor and the government;  VD Satheesan