ന്യൂയോര്‍ക്ക്: ബാലികാ വിവാഹങ്ങളുടെ കേന്ദ്രമായി തെക്കന്‍ ഏഷ്യ മാറുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. സാമ്പത്തിക പരാധീനതകളും കൊവിഡിന്റെ കാലത്ത് സ്‌കൂളുകള്‍ പൂര്‍ണമായും അടഞ്ഞ് കിടന്നതും ബാലികാ വിവാഹങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായെന്നാണ് ബുധനാഴ്ച പുറത്ത് വന്ന യുനിസെഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
തെക്കന്‍ ഏഷ്യയില്‍ മാത്രം 290 മില്യണ്‍ ബാലികാ വിവാഹങ്ങളാണ് നടന്നത്. ലോകത്തുള്ളതിന്റെ 45 ശതമാനമാണിത്. ഈ പ്രവണത അവസാനിപ്പിക്കാനായി കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടായി വരണമെന്നും യുനിസെഫ് ആവശ്യപ്പെട്ടു.
‘തെക്കന്‍ ഏഷ്യ ലോകത്തെ ഏറ്റവുമധികം ബാലിക വിവാഹനിരക്കുള്ള പ്രദേശമാണെന്നത് വളരെ വിഷമകരമായ സംഗതിയാണ്. ബാല വിവാഹം പെണ്‍കുട്ടികളെ പഠനത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നു, അവരുടെ ആരോഗ്യവും മെച്ചപ്പെട്ട ജീവിതവും അപകടത്തിലാക്കുന്നു, ഭാവി ജീവിതം ദുഷ്‌കരമാകുന്നു,’ യുനിസെഫിന്റെ തെക്കന്‍ ഏഷ്യ മേഖല ഡയറക്ടര്‍ നൊവാല സ്‌കിന്നര്‍ പറഞ്ഞു.
ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ പതിനാറോളം പ്രദേശങ്ങളില്‍ ചര്‍ച്ചകളും അഭിമുഖങ്ങളും നടത്തിയാണ് യുനിസെഫ് ബാല വിവാഹങ്ങളുമായി ബന്ധപ്പെട്ട പഠനം പൂര്‍ത്തിയാക്കിയത്. കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് പഠനത്തിന് അധികം സാഹചര്യങ്ങളില്ലാത്തതിനാല്‍, പെണ്‍കുട്ടികളുടെ വിവാഹം നടത്തുക എന്നതാണ് മെച്ചപ്പെട്ട മാര്‍ഗമായി കുടുംബങ്ങള്‍ കണക്കാക്കി എന്നാണ് പഠന റിപ്പോര്‍ട്ട്.
കൊവിഡിന്റെ കാലത്ത് സാമ്പത്തിക പരാധീനതയിലായ കുടുംബങ്ങള്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്നതിലൂടെ കുടുബത്തിന്റെ ദൈനംദിന ചെലവുകള്‍ കുറയ്ക്കാമെന്ന പ്രതീക്ഷ പുലര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നേപ്പാളില്‍ 20 വയസാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം. ഇന്ത്യയിലത് 18 വയസും ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ 16 വയസുമാണ്. പാക്കിസ്ഥാനിലെ സിന്ധ് ഒഴികെയുള്ള പ്രദേശങ്ങളില്‍ 16 വയസാണ് വിവാഹപ്രായം. സിന്ധില്‍ അത് 18 വയസാണ്.
‘പെണ്‍കുട്ടികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസത്തിലൂടെ അവരെ ശാക്തീകരിക്കേണ്ടതുണ്ട്. അതില്‍ ലൈംഗിക വിദ്യാഭ്യാസവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉള്‍പ്പെടേണ്ടതുണ്ട്. സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള ഈ പ്രവണതയെ ഇല്ലാതാക്കുന്നതിനായി യോജിച്ച ഇടപെടലുകളാണ് ഉണ്ടായി വരേണ്ടത്,’ യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ ഏഷ്യ-പസഫിക് മേഖല ഡയറക്ടര്‍ ബിജോണ്‍ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
Content Highlights: There are 29 crore child brides in South Asia alone