തൃശ്ശൂര്‍: ഉപാധികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആനയെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ നല്‍കിയ അനുമതി പിന്‍വലിച്ചു. ആനയുടെ 5 മീറ്റര്‍ അടുത്തേക്ക് ആളുകളെ അടുപ്പിക്കരുതെന്ന നിബന്ധന തെറ്റിച്ചതിനെ തുടര്‍ന്നാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്.
ജില്ലാ നാട്ടാന നിരീക്ഷണ സമിതിയുടെ അനുമതി വനം വകുപ്പാണ് താല്‍ക്കാലികമായി റദ്ദാക്കിയത്. കര്‍ശന ഉപാധികള്‍ വെക്കണോ എന്ന് ആലോചിച്ച ശേഷം മാത്രമായിരിക്കും വീണ്ടും അനുമതി നല്‍കൂവെന്നാണ് സൂചന.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാഴ്ചശക്തി പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. നേരത്തെ നല്‍കിയ ഫിറ്റ്‌നസ് റിപ്പോര്‍ട്ടില്‍ ആനയ്ക്ക് ഒരു കണ്ണിന് കാഴ്ചയില്ലെന്ന് പരാമര്‍ശിച്ചിട്ടില്ല.
കര്‍ശന ഉപാധികളോടെയാണ് ജില്ലാഭരണകൂടം എഴുന്നള്ളിപ്പിന് അനുമതി നല്‍കിയത്.
എഴുന്നള്ളിപ്പ് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രമാകണം. ആനയെ ആഴ്ചയില്‍ രണ്ടുതവണ മാത്രം എഴുന്നള്ളിക്കാം. നാലു പാപ്പാന്മാര്‍ കൂടെ വേണമെന്നും നിര്‍ദേശമുണ്ട്.
ജനങ്ങളില്‍ നിന്ന് അഞ്ചു മീറ്റര്‍ അകലം പാലിക്കണം. പ്രത്യേക എലഫന്റ് സ്‌ക്വാഡ് എല്ലാ എഴുന്നള്ളിപ്പിനും ഉണ്ടാകണമെന്നും ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിച്ച് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതുകൂടി പരിഗണിച്ചാണ് ജില്ലാഭരണകൂടം അനുമതി നല്‍കിയിരുന്നത്. ആന ഉടമ എന്ന നിലയില്‍ രാമചന്ദ്രന്റെ എഴുന്നള്ളിപ്പു സമയത്തെ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്തം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കും.
കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും തലപ്പൊക്കമുള്ള ആനയെന്ന വിശേഷണമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് സ്വന്തമായി ഫാന്‍സ് ഗ്രൂപ്പുകള്‍ വരെയുണ്ട്. എന്നാല്‍ ആറു പാപ്പാന്മാര്‍ ഉള്‍പ്പെടെ 13 പേരെ കൊന്ന ചരിത്രവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുണ്ട്.
വലതുകണ്ണിനു പൂര്‍ണമായും ഇടതുകണ്ണിന് ഭാഗികമായും കാഴ്ച ശക്തിയില്ലാത്ത ആനയ്ക്ക് 1984ലാണ് രാമചന്ദ്രന്‍ എന്ന പേരു വരുന്നത്. അസമില്‍ നിന്ന് ബിഹാറിലെത്തിച്ച മോട്ടി പ്രസാദ് എന്ന ആനയെ ദേവസ്വം വാങ്ങിയ ശേഷം രാമചന്ദ്രന്‍ എന്ന പേരു നല്‍കുകയായിരുന്നു.
2019 ഫെബ്രുവരിയിലായിരുന്നു അവസാനമായി ഈ ആന രണ്ടുപേരെ കൊലപ്പെടുത്തിയത്. ഗുരുവായൂര്‍ കോട്ടപ്പടിയിലെ ഗൃഹപ്രവേശ ചടങ്ങിനിടെ പടക്കം പൊട്ടിച്ചതുകേട്ട് ആന വിരണ്ടോടുകയായിരുന്നു. ഈ സംഭവത്തിനു ശേഷം ആനയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക