national news
'സംബിത് പത്രയാണ് അതിന് പിന്നില്‍, ഇനിയൊരു കുടുംബത്തിനും ഇത് സംഭവിക്കരുത്'; രാജീവ് ത്യാഗിയുടെ ഭാര്യ
ന്യൂദല്‍ഹി: ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ഒരു മണിക്കൂറിന് ശേഷം ഹൃദയാഘാതമുണ്ടായി തന്റെ ഭര്‍ത്താവും കോണ്‍ഗ്രസ് വക്താവുമായ രാജീവ് ത്യാഗി മരിച്ചതിന് കാരണം ബി.ജെ.പി വക്താവ് സംബിത് പത്രയാണെന്ന് രാജീവ് ത്യാഗിയുടെ ഭാര്യ. യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ബി.വി ശ്രീനിവാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ഭാര്യയുടെ പ്രതികരണം.
‘ചാനല്‍ ചര്‍ച്ചക്കിടെ സംബിത് പത്ര ഇടയ്ക്കിടെ രാജീവ് ത്യാഗിയെ രാജ്യദ്രോഹിയെന്ന് വിളിച്ചിരുന്നു. ഇത് വളരെ വലിയ മാനസിക വേദനയാണ് രാജീവ് ത്യാഗിക്ക് നല്‍കിയത്. അദ്ദേഹം നല്ല മാനസിക ശക്തിയുള്ള ആളായിരുന്നുവെങ്കിലും’, ഭാര്യ വീഡിയോയില്‍ പറയുന്നു.
‘അവര്‍ എന്നെ കൊന്നു’ എന്നായിരുന്നു രാജീവ് ത്യാഗിയുടെ അവസാന വാക്കുകളെന്ന് ഭാര്യ ക്യാമറയില്‍ പറഞ്ഞു. അത്തരം ഷോകള്‍ നിരോധിക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടു.
ഞാന്‍ ഉടനെ തന്നെ ഡോക്ടറെ വിളിച്ചു. ആശുപത്രിയിലേക്ക് പോയി. ഇനി മറ്റൊരു കുടുംബത്തിലും ഇത് സംഭവിക്കരുതെന്നും ഭാര്യ പറഞ്ഞു.
ചാനല്‍ ചര്‍ച്ചകളുടെ ഉള്ളടക്കത്തെയും സ്വഭാവത്തെയും ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബെംഗളൂരു കലാപത്തെക്കുറിച്ച് ആജ് തക് ചാനലില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു രാജീവ് ത്യാഗി പങ്കെടുത്തത്. ബെംഗളൂരു പ്രശ്നത്തിലൂന്നി ചര്‍ച്ചയില്‍ പങ്കെടുത്ത ബി.ജെ.പി വക്താവ് സംബിത് പത്ര ത്യാഗിയെ കടന്നാക്രമിച്ചിരുന്നെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. ചര്‍ച്ചക്കിടെ സംബിത് പത്ര ത്യാഗിയെ രാജ്യദ്രോഹിയെന്നും വഞ്ചകനെന്നും ആവര്‍ത്തിച്ച് അധിക്ഷേപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ത്യാഗി നെറ്റിയില്‍ തിലകം ചാര്‍ത്തിയതിനെയും സംബത് താക്കീത് ചെയ്യുന്നതായി വീഡിയോകളില്‍ വ്യക്തമാണ്.
വിഷലിപ്തമായ ചര്‍ച്ചകളും വിഷം ചീറ്റുന്ന വക്താക്കളുമെന്നാണ് വിഷയത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ ദേശീയ വക്താവുമായ രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചത്. ചാനലുകളുടെ ടി.ആര്‍.പി റേറ്റിങിനെയും സുര്‍ജേവാല വിമര്‍ശിച്ചു. ഹിന്ദു-മുസ്ലിം വിഭജനമെന്ന വിഷം രാജ്യത്തിന്റെ ആത്മാവിനെ വിഴുങ്ങുന്നത് ഇനിയുമെത്രത്തോളം എത്തുമെന്നും അദ്ദേഹം ചോദിച്ചു.
വാക്കുകള്‍ക്ക് വെടിയുണ്ടകളേക്കാള്‍ ശക്തിയുണ്ടെന്ന് എല്ലാവരും ഓര്‍മ്മിക്കണമെന്നാണ് സോണിയ ഗാന്ധിയുടെ വിശ്വസ്തനും കോണ്‍ഗ്രസ് നേതാവുമായ അഹമ്മദ് പട്ടേലിന്റെ മുന്നറിയിപ്പ്. ചാനല്‍ ചര്‍ച്ചകള്‍ അര്‍ത്ഥരഹിതവും വിഷലിപ്തവും അന്തസില്ലാത്തതുമായി മാറുന്നതിനെക്കുറിച്ച് ചാനല്‍ ഉടമകളും എഡിറ്റര്‍മാരും അവതാരകരും ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞെന്നും പട്ടേല്‍ കുറ്റപ്പെടുത്തി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: The wife of deceased Congress spokesperson Rajiv Tyagi, said that BJP spokesman Sambit Patra is the killer of her husband