സര്‍ക്കാര്‍ ദുര്‍ബലമാകുന്തോറും അടിച്ചമര്‍ത്തല്‍ ശക്തമാകും: അഖിലേഷ് യാദവ്
national news
സര്‍ക്കാര്‍ ദുര്‍ബലമാകുന്തോറും അടിച്ചമര്‍ത്തല്‍ ശക്തമാകും: അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th September 2022, 3:16 pm

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി നടത്തുന്ന വിധാന്‍ ഭവന്‍ മാര്‍ച്ച് യു.പി പൊലീസ് തടഞ്ഞതില്‍ പ്രതികരണവുമായി അഖിലേഷ് യാദവ്. സംസ്ഥാന നിയമസഭയിലേക്ക് സമാജ്‌വാദി പാര്‍ട്ടി നടത്തിയ മാര്‍ച്ചാണ് പൊലീസ് തടഞ്ഞത്.

ബി.ജെ.പി അരക്ഷിതാവസ്ഥയിലാണെന്നും സര്‍ക്കാര്‍ ദുര്‍ബലമാകുന്തോറും അടിച്ചമര്‍ത്തല്‍ വര്‍ധിക്കുമെന്നുമായിരുന്നു അഖിലേഷ് യാദവിന്റെ മറുപടി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സര്‍ക്കാര്‍ എത്രത്തോളം ദുര്‍ബലമാണോ അത്രത്തോളം അടിച്ചമര്‍ത്തല്‍ ശക്തമാകും’ അഖിലേഷ് യാദവ് വിഷയത്തോട് പ്രതികരിച്ചത്.

സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കെതിരെയും ഭരണവീഴ്ച്ചയ്‌ക്കെതിരെയും സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന നിയമസഭയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ യാത്ര ആരംഭിച്ച് നൂറ് മീറ്റര്‍ പിന്നിടുമ്പോഴേക്കും പൊലീസ് അവരെ തടയുകയായിരുന്നു.

യാത്ര നടത്താന്‍ സമാജ്‌വാദി പാര്‍ട്ടി അനുമതി തേടിയിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. ഗതാഗതം തടസ്സപ്പെടാത്ത നിലയില്‍ ഇവര്‍ക്ക് യാത്ര ചെയ്യാന്‍ വഴിയൊരുക്കിയിട്ടുണ്ടെന്നും എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ ഇത് നിരസിച്ചുവെന്നും പൊലീസ് പറയുന്നു.

‘ യാത്ര നടത്താന്‍ സമാജ്‌വാദി പാര്‍ട്ടി അനുമതി വാങ്ങിയിട്ടില്ല. എന്നിട്ടും ഗതാഗതം തടസ്സപ്പെടാത്ത നിലയില്‍ ഒരു വഴി അവര്‍ക്ക് വേണ്ടി ഒരുക്കിയിരുന്നു. എന്നിട്ടും പാര്‍ട്ടി അത് അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ യാത്രയെ തടയുകയല്ലാതെ വേറെ വഴിയില്ല,’ ജോയിന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് പിയുഷ് മോര്‍ദിയ പറഞ്ഞു.

അതേസമയം ജനാധിപത്യമായ രീതിയില്‍ ആരെങ്കിലും സര്‍ക്കാരിന് നേരെ ചോദ്യങ്ങള്‍ ചോദിക്കുന്നത് തടയാനാകില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്ത് പരിപാടിയായാലും അധികാരികളില്‍ നിന്ന് അനുമതി വാങ്ങേണ്ടത് അത്യാവശ്യമാണെന്നും സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് അതെങ്കിലും പ്രതീക്ഷിക്കുന്നുവെന്നും യോഗി പറഞ്ഞിരുന്നു.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ക്രമസമാധാന പ്രശ്നങ്ങള്‍ തുടങ്ങിയവയെ ചൂണ്ടിക്കാട്ടിയാണ് യാദവ് യാത്ര നടത്തുന്നത്. ബി.ജെ.പി കാരണം സംസ്ഥാനത്തേയും രാജ്യത്തേയും ക്രമസമാധാനം അപകടത്തിലാണെന്നും സര്‍ക്കാര്‍ പ്രതികാര മനോഭാവത്തോടെയാണ് പെരുമാറുന്നതെന്നും യാദവ് പറഞ്ഞിരുന്നു.

സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതിഷേധം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലെന്നും ഇത്തരം പരാതികളോ പ്രതിഷേധമോ ഉണ്ടെങ്കില്‍ അത് അസംബ്ലിയിലാണ് അവതരിപ്പിക്കേണ്ടതെന്നും യു.പി ഉപമുഖ്യമന്ത്രി കെ.പി. മൗര്യ പറഞ്ഞു.

Content Highlight: The weaker the government, the stronger the repression: Akhilesh Yadav