ന്യൂദല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ നടക്കുന്ന അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രാജ്യസഭ എം.പി കപില്‍ സിബല്‍. സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ സിബലാണ് ഹാജരായത്.
ചില അന്വേഷണങ്ങള്‍ പ്രതികളെ ശിക്ഷിക്കും, മറ്റു ചിലത് രക്ഷിക്കും, ഈ അന്വേഷണം ഏത് രീതിയിലാണ് പോകുന്നതെന്ന് ഞങ്ങള്‍ക്കറിയാമെന്ന് കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു.
ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ദല്‍ഹി പൊലീസ് കഴിഞ്ഞ വെള്ളിയാഴ്ച പ്രത്യേക കോടതിയെ അറിയിച്ചിരുന്നു.
നിലവിലെ അന്വേഷണ ഗതിയെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഹര്‍ജിത് സിങ് ജസ്പാളിന് മുമ്പാകെ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേസില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെയും ഗുസ്തി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിജ് ഭൂഷനെതിരെ രണ്ട് എഫ്.ഐ.ആറുകളാണ് ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയതിരിക്കുന്നത്.
അതേസമയം ഗുസ്തി താരങ്ങള്‍ സമരം ജന്തര്‍മന്തറിന് പുറത്തേക്കും വ്യാപിപ്പിച്ചു. സമരം ജന്തര്‍മന്തറിന് പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം താരങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
ഇന്നലെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയ ആളുകളുമായി ഗുസ്തി താരങ്ങള്‍ കോണാട്ട്‌പ്ലേസിലൂടെ മാര്‍ച്ച് നടത്തിയിരുന്നു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
പിന്തുണ നല്‍കാന്‍ ആവശ്യപ്പെട്ട് ഭരണപക്ഷത്തെ വനിതാ മന്ത്രിമാര്‍ക്ക് കത്തയച്ചിട്ടും ആരുമെത്തിയില്ലെന്ന് കഴിഞ്ഞ ദിവസം ഗുസ്തി താരങ്ങള്‍ വിമര്‍ശിച്ചിരുന്നു. ബേഠി പഠാവോ ,ബേട്ടി ബെച്ചാവോ മുദ്രാവാക്യം ഉയര്‍ത്തുന്ന ഒരു വനിതാ നേതാവ് പോലും തങ്ങളെ വിളിച്ചില്ലെന്നായിരുന്നു താരങ്ങള്‍ പറഞ്ഞത്.