ആണ്‍ കടലാമകള്‍ അപ്രത്യക്ഷരാകുന്നു; ഭൂമിയില്‍ ഇനിയുമൊരു വംശനാശമോ? കാരണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്- വീഡിയോ
പ്ലാസ്റ്റിക്കും മീന്‍വലയും എണ്ണയും മാത്രമല്ല, പ്രകൃതിയും ചിലപ്പോഴൊക്കെ കടല്‍ജീവികളുടെ ജീവിതം താളംതെറ്റിക്കാറുണ്ട്. അതു ചിലപ്പോള്‍ വംശനാശ ഭീഷണിക്കു വരെ കാരണമാകുകയും ചെയ്യും. അങ്ങനെയുള്ള ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കടലാമകളുടെ ലിംഗാനുപാതത്തെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചൂട് കൂടുംതോറും പിറക്കുന്ന കടലാമകളില്‍ ബഹുഭൂരിപക്ഷവും പെണ്‍ വര്‍ഗത്തില്‍പ്പെട്ടവരാണെന്ന് വിവിധ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഇനി ഭൂമിയില്‍ കുറച്ചുനാള്‍ കഴിയുമ്പോള്‍ പെണ്‍ കടലാമകളെ മാത്രമേ കാണാന്‍ സാധ്യതയുള്ളൂവെന്ന ആശങ്കയും ഗവേഷകര്‍ പങ്കുവെയ്ക്കുന്നു.
കടലാമകള്‍ ഏറ്റവും കൂടുതലുള്ള കേപ് വെര്‍ഡ് എന്ന അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപസമൂഹത്തില്‍ ഈ പ്രവണത കാണാന്‍ സാധിക്കും. ഇവിടെ പിറന്നുവീഴുന്ന കടലാമകളില്‍ 84 ശതമാനവും പെണ്‍വര്‍ഗത്തില്‍പ്പെട്ടതാണെന്ന് ബ്രിട്ടനിലെ എക്‌സെടെര്‍ സര്‍വകാശാലയിലെ ഗവേഷകര്‍ ജൂലൈയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫ്‌ളോറിഡയിലും ഓസ്‌ട്രേലിയയിലും സമാനമായ അവസ്ഥയാണുള്ളത്. രണ്ടോ മൂന്നോ ദശാബ്ദങ്ങള്‍ക്കുള്ളില്‍ ആണ്‍ കടലാമകള്‍ അപ്രത്യക്ഷരാകുമെന്നാണ് സ്പാനിഷ് ഗവേഷകനായ അഡോള്‍ഫോ മാര്‍ക്കോ പറയുന്നത്.
ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫിനടുത്ത് 2018-ല്‍ നടത്തിയ പഠനത്തില്‍ വന്ന കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. ഓരോ ആണ്‍ കടലാമയ്ക്കും 116 പെണ്‍ കടലാമകള്‍ എന്ന അനുപാതമാണ് ഉണ്ടാകുന്നതെന്നു പഠനത്തില്‍ പറയുന്നു.
ചൂട് കൂടിത്തുടങ്ങിയ തൊണ്ണൂറുകള്‍ മുതല്‍ ഈ വ്യത്യാസം കണ്ടുതുടങ്ങിയതാണെന്ന് പഠനം പറയുന്നു. നേരത്തേ 6-1 എന്ന രീതിയിലായിരുന്നു അനുപാതം ഉണ്ടായിരുന്നത്.
ഫ്‌ളോറിഡയിലെ അറ്റ്‌ലാന്റിക് സര്‍വകലാശാല നടത്തിയ പഠനത്തിലാവട്ടെ, ജനിക്കുന്നതില്‍ 90 ശതമാനവും പെണ്‍ കടലാമകളാണെന്നു കണ്ടെത്തിയിരുന്നു.
കേപ് വേര്‍ഡില്‍ പ്രത്യുത്പാദനം വളരെ ചെറിയ തോതില്‍ മാത്രമാണു നടക്കുന്നതെന്ന ആശങ്ക അഡോള്‍ഫോ മാര്‍ക്കോ പങ്കുവെയ്ക്കുന്നു. കേപ് വേര്‍ഡിലെ ബൊവ വിസ്തയെന്ന ദ്വീപില്‍ വര്‍ഷങ്ങളായി ഗവേഷണം നടത്തുന്ന വ്യക്തിയാണ് മാര്‍ക്കോ.
ആഗോളാടിസ്ഥാനത്തില്‍ത്തന്നെ കഴിഞ്ഞ അഞ്ചുവര്‍ഷമാണ് ഏറ്റവുമധികം ചൂടുണ്ടായിരിക്കുന്നത്. ഭൂമിയുടെ 10 ശതമാനവും രണ്ട് ഡിഗ്രി സെല്‍ഷ്യസ് ചൂടിലാണെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ കണ്ടെത്തല്‍.
കേപ് വേര്‍ഡില്‍ 1.3 ഡിഗ്രി സെല്‍ഷ്യസാണു ചൂട്. 1964-നു ശേഷമുള്ള ഏറ്റവുമധികം ചൂട് റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ അഞ്ചുവര്‍ഷത്തിനുള്ളിലാണ്.
ഈ പ്രവണത തുടര്‍ന്നാല്‍ ദശാബ്ദത്തിനൊടുവില്‍ കേപ് വേര്‍ഡില്‍ കാണുന്ന പുരുഷ കടലാമകളുടെ എണ്ണം ഒരു ശതമാനത്തിനും താഴെയാകും. തുടര്‍ന്ന് അവ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടുമെന്നും ഗവേഷകര്‍ പറയുന്നു.
പ്രശ്‌നം പരിഹരിക്കാനായി സന്നദ്ധസംഘടനകളുമായിച്ചേര്‍ന്ന് കടല്‍ത്തീരം വൃത്തിയാക്കുക, സുരക്ഷ ശക്തമാക്കുക തുടങ്ങിയ കാര്യങ്ങളിലേര്‍പ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ കേപ് വേര്‍ഡന്‍ സര്‍ക്കാര്‍. മുട്ടകള്‍ തണുപ്പിക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യുന്ന മറ്റൊരു കാര്യം. അതിനായി അവ തണലുള്ള ഭാഗത്തേക്കു മാറ്റുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കടലാമകളെ കാണാനായി ഇവിടെയെത്തുന്ന യൂറോപ്യന്‍ സഞ്ചാരികളെ നിയന്ത്രിക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്. കടലാമകളെ കളിപ്പാട്ടങ്ങളെ പോലെയാണ് ഇവര്‍ കാണുന്നതെന്നും കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തിനിടയ്ക്ക് ഇതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
നൂറുവര്‍ഷമാണു കടലാമയുടെ ആയുര്‍ദൈര്‍ഘ്യം. ഓരോ കടലാമയും ആയിരത്തിലധികം മുട്ടയിടുകയും ചെയ്യും.