ഇന്ത്യാ സഖ്യത്തിന് സാധ്യതയേറെ, നരേന്ദ്രമോദിയുടെ അധികാരാസക്തി സഖ്യകക്ഷികൾക്ക് അംഗീകരിക്കാനാവില്ല: മനോജ് ഝാ
India
ഇന്ത്യാ സഖ്യത്തിന് സാധ്യതയേറെ, നരേന്ദ്രമോദിയുടെ അധികാരാസക്തി സഖ്യകക്ഷികൾക്ക് അംഗീകരിക്കാനാവില്ല: മനോജ് ഝാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th June 2024, 3:24 pm

പാട്ന: നരേന്ദ്രമോദിയുടെ അധികാരാസക്തി എൻ.ഡി.എ സഖ്യകക്ഷിനേതാക്കളായ നിതീഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും അംഗീകരിക്കാനാവില്ലെന്ന് ആർ.ജെ.ഡി നേതാവ് മനോജ് കെ. ഝ. ഡെക്കാൻ ഹെറാൾഡ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

വീണ്ടും അധികാരത്തിൽ വന്ന എൻ.ഡി.എ സർക്കാരിനെക്കുറിച്ചും ബിഹാറിലെ ആർ.ജെ.ഡി പാർട്ടിയുടെ പ്രകടനത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ അധികാരത്തിൽ വന്നത് മൂന്നാം മോദി സർക്കാർ അല്ലെന്നും മറിച്ച് അത് എൻ.ഡി.എ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ജനവിധി ബി.ജെ.പി സർക്കാരിനനുകൂലമല്ലെന്നും ബി.ജെ.പിക്ക് ലഭിച്ച ഒരു തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്ത് വർഷത്തിന് ശേഷം വീണ്ടും ഒരു യഥാർത്ഥ പാർലമെന്റ് ഇന്ത്യയിൽ വന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പത്ത് വർഷത്തിന് ശേഷം പാർലമെന്റ് പാർലമെന്റ് പോലെയാകും. ബില്ലുകൾ ഇനി അഞ്ചു മിനിറ്റുകൊണ്ട് പാസാക്കപ്പെടില്ല. നേരത്തേയുണ്ടായിരുന്നപോലെ ബില്ലുകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാകും,’ അദ്ദേഹം പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനത നൽകുന്ന മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെയാണ് മുഖ്യധാരാ മാധ്യമങ്ങളിൽ ഒന്നും തന്നെ മുസ്‌ലിം വിരുദ്ധതയോ ന്യൂനപക്ഷ വിരുദ്ധതയോ പറഞ്ഞുകൊണ്ട് നേതാക്കളെത്താത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ.ഡി.എ സർക്കാരിൽ അസ്വാരസ്യങ്ങളുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം തീർച്ചയായും ഉണ്ടെന്നും ഇന്ത്യാ സഖ്യത്തിന് നിലവിൽ സാധ്യതകളേറെയുണ്ടെന്നും പറഞ്ഞു.

‘ഇത് യഥാർത്ഥത്തിൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞ വിവാഹമാണ്. അത് തകരാനുള്ള സാധ്യതകൾ വളരെയേറെയാണ്. ചന്ദ്രബാബു നായിഡുവും നിതീഷ് ജിയും വരുന്നത് വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നിന്നാണ്. ആ പശ്ചാത്തലവും നരേന്ദ്രമോദിയുടെ അധികാരശക്തിയുമായി കൂടിച്ചേർന്ന് പോകാൻ കഴിയുകയില്ല. ഇത് നിങ്ങൾക്ക് വഴിയേ കാണാൻ സാധിക്കും,’ അദ്ദേഹം വിശദീകരിച്ചു.

 

അതോടൊപ്പം ഉത്തർപ്രദേശിനെയും ബീഹാറിനെയും നിങ്ങൾ താരതമ്യപ്പെടുത്തരുതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പുകളെയപേക്ഷിച്ച് ആർ.ജെ.ഡിക്ക് മികച്ച മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം വളരെയധികം സംതൃപ്തി നൽകുന്നതാണ്. എന്നാൽ ബീഹാറും ഉത്തർപ്രദേശും രണ്ട് സംസ്ഥാനങ്ങളാണ്. വ്യത്യസ്ത വെല്ലുവിളികൾ തങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബീഹാറിൽ വലിയ പ്രവർത്തനങ്ങൾ തങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷെ അതിന്റെ ഫലം പെട്ടന്ന് ലഭിക്കുകയില്ല. എന്നാൽ തന്റെ വാക്കുകൾ അടയാളപ്പെടുത്തി വെച്ചോളൂ, ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇപ്പോൾ നടത്തിയ പ്രവർത്തനങ്ങളുടെ ഫലം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Content Highlight: The Tuesday Interview | People willing to give I.N.D.I.A. the driving seat; Naidu, Nitish may not be comfortable with PM’s megalomaniacal politics: RJD’s Manoj K Jha