തൃശൂര്‍: തൃശൂരില്‍ കരിങ്കാളിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത് ചോദ്യം ചെയ്ത യുവാവിനെ ക്ഷേത്ര കമ്മിറ്റിക്കാര്‍ ചേര്‍ന്ന് മര്‍ദിച്ചു. തൃശൂര്‍ പുന്നയൂര്‍കുളം പൂന്നൂര്‍ക്കാവ് ക്ഷേത്രത്തിലാണ് സംഭവം. പുന്നയൂര്‍കുളം സ്വദേശിയായ യുവാവിനാണ് മര്‍ദനമേറ്റത്.
മര്‍ദനമേറ്റ യുവാവിന്റെ വീട്ടില്‍ നിന്നും പുറപ്പെട്ട കരിങ്കാളി സങ്കല്‍പത്തെ ക്ഷേത്രത്തിന് മുന്നില്‍ വെച്ച് ക്ഷേത്രഭാരവാഹികളും ഉത്സവ കമ്മറ്റിക്കാരും ചേര്‍ന്ന് തടയുകയായിരുന്നു. പറയ വിഭാഗത്തില്‍പ്പെട്ട ദളിതരാണ് ഈ പ്രദേശങ്ങളില്‍ കരിങ്കാളി സങ്കല്‍പത്തെ ആരാധിക്കുന്നത്. ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ് കരിങ്കാളിയുമായി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.
കരിങ്കാളിയെ ക്ഷേത്രത്തിന് പുറത്ത് തടഞ്ഞത് ചോദ്യം ചെയ്തതിനാണ് ക്ഷേത്രഭാരവാഹികള്‍ തന്നെ മര്‍ദിച്ചതെന്ന് മര്‍ദനത്തിനിരയായ യുവാവ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ‘ ജനുവരി 28നാണ് വീട്ടില്‍ നിന്നും സഹോദരന്‍ കൂടി ഭാഗമായ ഒരു സംഘം കരിങ്കാളിയുമായി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ക്ഷേത്രത്തിന് പുറത്തുവെച്ച് ക്ഷേത്രഭാരവാഹികളും ഉത്സവകമ്മിറ്റിക്കാരും ചേര്‍ന്ന് ഞങ്ങളെ തടയുകയായിരുന്നു.
ക്ഷേത്രത്തിനകത്തിരിക്കുന്ന ശാന്തിക്കാരന്‍ നമ്പൂതിരിയായത് കൊണ്ടാണോ ദളിതരായ ഞങ്ങളെ അകത്ത് കയറ്റാത്തതെന്ന് ഞാന്‍ ചോദിച്ചു. അത് പൂജാരിയോട് തന്നെ ചോദിക്കണമെന്നവര്‍ മറുപടി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ശാന്തിക്കാരനെ കാണാന്‍ ക്ഷേത്രത്തിനകത്തേക്ക് കയറി. അദ്ദേഹത്തെ കാണാനായി ശ്രീകോവിലിന് മുന്നിലെത്തി.
ശാന്തിക്കാരനോട് ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ഒന്നുമറിയില്ലെന്നും താന്‍ ഇവിടെ പൂജ ചെയ്യാന്‍ വന്നതാണെന്നുമായിരുന്നു മറുപടി. ഈ സമയത്താണ് ക്ഷേത്രഭാരവാഹികളില്‍ ചിലര്‍ വന്ന് എന്നെ ശ്രീകോവിലിന് മുന്നില്‍ നിന്ന് ബലം പ്രയോഗിച്ച് ക്ഷേത്രത്തിന്റെ മറ്റൊരു ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. അവിടെ വെച്ച് അവര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു’, മര്‍ദനത്തിനിരയായ യുവാവ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
മര്‍ദനത്തില്‍ പരിക്കേറ്റ യുവാവ് വടക്കേക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. സംഭവത്തില്‍ വടക്കേകാട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. മര്‍ദനത്തില്‍ ഇടത് കൈക്ക് ചതവ് സംഭവിച്ചതായി യുവാവ് വടക്കേക്കാട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മലപ്പുറം-തൃശൂര്‍ ജില്ല അതിര്‍ത്ഥിയില്‍ തൃശൂര്‍ ജില്ലയുടെ ഭാഗമായുള്ള പ്രദേശമാണ് പുന്നൂക്കാവ് ക്ഷേത്രം നിലനില്‍ക്കുന്ന പ്രദേശം. ഈ പ്രദേശങ്ങളിലെ പറയ വിഭാഗത്തില്‍പ്പെട്ട ദളിതരുടെ ആരാധനാ മൂര്‍ത്തിയാണ് കരിങ്കാളി. പ്രദേശത്തെ ചില ക്ഷേത്രത്തില്‍ ഇപ്പോഴും കരിങ്കാളിയെ ക്ഷേത്രത്തിന്റെ പ്രധാന ആരാധനാ മൂര്‍ത്തികളില്‍ നിന്ന് അകലെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് പ്രദേശവാസികളില്‍ ചിലര്‍ പറയുന്നു.
ചരിത്രാതീത കാലത്ത് ഈ ക്ഷേത്രങ്ങളിലെ പ്രധാന ആരാധനാമൂര്‍ത്തികള്‍ കരിങ്കാളി ഉള്‍പ്പടെയുള്ള ദളിതരുടെ ആരാധനാ മൂര്‍ത്തികളായിരുന്നു. എന്നാല്‍ ക്ഷേത്രങ്ങള്‍ ബ്രാഹ്‌മണ്യം കൈക്കലാക്കിയതിന് പിന്നാലെ മാറ്റിനിര്‍ത്തപ്പെടുകയാണുണ്ടായത്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഈ രീതിയില്‍ ബ്രാഹ്‌മണ്യം ഇടപെട്ട് ദളിതരുടെ ആരാധനാ മൂര്‍ത്തികളെ അരികിലേക്ക് മാറ്റിയതായി പറയപ്പെടുന്നുണ്ട്.
content highlights: The temple committee members beat up the youth who questioned the non-admission of the karinkali to the temple; The visuals are out