'ഇത് ശബ്ദ നിരോധിത മേഖല' ; ആദ്യ വാര്‍ത്താസമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ മൗനത്തെ പരിഹസിച്ച് ദി ടെലഗ്രാഫ്
national news
'ഇത് ശബ്ദ നിരോധിത മേഖല' ; ആദ്യ വാര്‍ത്താസമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ മൗനത്തെ പരിഹസിച്ച് ദി ടെലഗ്രാഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th May 2019, 8:07 am

ന്യൂദല്‍ഹി: പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ദി ടെലഗ്രാഫ് ദിനപത്രം.

പ്രധാനമന്ത്രി ആദ്യമായിയെത്തിയ വാര്‍ത്താസമ്മേളനത്തിനെ ശബദ നിരോധിത മേഖലയാണെന്നും ഹോണടിക്കരുതെന്ന ചിഹ്നം നല്‍കിയുമാണ് ടെലഗ്രാഫിന്റെ ആദ്യ പേജ് ഇറങ്ങിയത്. പ്രധാനമന്ത്രി നല്‍കാതെ പോയ ഉത്തങ്ങള്‍ക്കുള്ള സ്ഥലം ഒഴിച്ചിട്ട പത്രം വാര്‍ത്താസമ്മേളനത്തിലെ മോദിയുടെ വിവിധ ഭാവങ്ങളും നല്‍കിയിട്ടുണ്ട്.

അതേസമയം തൊട്ടുതാഴെ രാഹുല്‍ ഗാന്ധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ടിരിക്കുകയാണെന്ന മറ്റൊരു വാര്‍ത്തയും നല്‍കിയിട്ടുണ്ട്.

എല്ലാ മാധ്യമങ്ങളും തത്സമയം പ്രക്ഷേപണം ചെയ്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ‘പാര്‍ട്ടി അധ്യക്ഷന്‍ സംസാരിക്കുമ്പോള്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ഞാനിവിടെ കേട്ടിരിക്കും, അധ്യക്ഷനാണ് ഞങ്ങള്‍ക്ക് എല്ലാം’ എന്ന് പറഞ്ഞ് മിണ്ടാതിരിക്കുകയാണ് അദ്ദേഹം ചെയ്തത്.

അമിത് ഷായ്ക്കൊപ്പമാണ് മോദി വാര്‍ത്താ സമ്മേളനം വിളിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ മോദി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിച്ച് മിണ്ടാതിരിക്കുകയാണ് ചെയ്തത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കിയില്ല.

പ്രജ്ഞാ സിങ് ഠാക്കൂറിന്റെ ഗോഡ്സെ പ്രകീര്‍ത്തനത്തെ കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അധ്യക്ഷനാണ് തങ്ങള്‍ക്കെല്ലാമെന്നും താന്‍ അച്ചടക്കത്തോടെ കേട്ടിരിക്കാമെന്നും അമിത് ഷായെ ചൂണ്ടിക്കാണിച്ച് മോദി പറയുകയും ചെയ്തു.

ബി.ജെ.പിക്ക് ഒറ്റയ്ക്ക് 300 ലധികം സീറ്റുകള്‍ ലഭിക്കുമെന്ന് മോദിയും അമിത് ഷായും അവകാശവാദം ഉന്നയിച്ചിരുന്നു. ബി.ജെ.പിയോട് സമാന ആശയമുള്ളവരെ എന്‍.ഡി.എ സഖ്യത്തിലേക്ക് അമിത് ഷാ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണുന്നത് തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ നാലോ അഞ്ചോ ദിവസം ബാക്കിയുള്ളപ്പോഴാണെന്നും ഈ സമയത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നത് ഇത് ആദ്യമാണെന്നും രാഹുല്‍ഗാന്ധി പ്രതികരിച്ചു. നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യ വാര്‍ത്താ സമ്മേളനം ദല്‍ഹിയില്‍ നടക്കുന്ന സമയത്ത് തന്നെയായിരുന്നു രാഹുലിന്റെയും വാര്‍ത്താ സമ്മേളനം.

‘ഇപ്പോള്‍ പ്രധാനമന്ത്രി ഒരു പത്രസമ്മേളനം വിളിച്ചിരിക്കുകയാണ്. എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത് റാഫേലില്‍ അദ്ദേഹം എന്തുകൊണ്ട് എന്നോട് ചര്‍ച്ചക്ക് തയ്യാറാവുന്നില്ല എന്നാണ്. ഞാന്‍ അദ്ദേഹത്തിനെ വെല്ലുവിളിക്കുകയാണ്. മാധ്യമങ്ങള്‍ പറയണം നിങ്ങള്‍ എന്തുകൊണ്ടാണ് ഇതില്‍ വാദം നടത്താത്തത്.’ രാഹുല്‍ ചോദിച്ചിരുന്നു.

DoolNews Video