കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യല്‍ മീഡിയയിലെ സിനിമാഗ്രൂപ്പുകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് ഒരു യൂട്യൂബ് ചാനലിനെ കുറിച്ചാണ്, മാറ്റിനി നൗ. എന്താണ് ഈ ചാനലിന് ഇത്ര പ്രത്യേകത എന്നല്ലെ. വീണ്ടും വീണ്ടും സിനിമാപ്രേമികള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരുകൂട്ടം സിനിമകള്‍ 4 കെ ദൃശ്യമികവോടെ ഈ ചാനല്‍ വഴി റിലീസ് ചെയ്യുകയാണ്.
ദേവദൂതന്‍, കാക്കകുയില്‍, വെട്ടം, ദി ട്രൂത്ത്, വല്യേട്ടന്‍ തുടങ്ങി നിരവധി സിനിമകളാണ് റീമാസ്റ്റര്‍ സാങ്കേതിക വിദ്യയിലൂടെ പുതിയ രൂപത്തില്‍ എത്തുന്നത്. ടെലിവിഷനിലും മറ്റും കണ്ടിരുന്ന മങ്ങിയ സിനിമകള്‍ക്ക് പകരം ഏറ്റവും ഉയര്‍ന്ന ദൃശ്യ ഭംഗിയോടെ സിനിമകള്‍ എത്തുന്നത് ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മലയാളത്തിലെ നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള കൊല്ലം സ്വദേശിയായ സോമന്‍ പിള്ളയുടെ നേതൃത്വത്തിലുളള ശ്രീ മൂവീസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ പുതിയ സംരഭമാണ് യൂട്യൂബില്‍ മാറ്റിനി നൗ.
എന്നാല്‍ പറയുന്ന പോലെ അത്ര എളുപ്പമല്ല സിനിമകളുടെ റീമാസ്റ്റേര്‍ഡ് രൂപം പുറത്തിറക്കുന്നത്. ഒരോ കാലഘട്ടത്തിലും സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ പുത്തന്‍ മാനങ്ങള്‍ സൃഷ്ടിക്കുന്ന സിനിമകളില്‍ തുടക്ക കാലത്ത് ഫിലിം ഉപയോഗിച്ചിട്ടായിരുന്നു സിനിമകള്‍ ഷൂട്ട് ചെയ്തിരുന്നത്.
പിന്നീട് ഡിജിറ്റല്‍ യുഗത്തിലേക്ക് സിനിമകള്‍ മാറിയതോടെ പഴയ സിനിമകളുടെ ഒര്‍ജിനല്‍ പ്രിന്റുകള്‍ നഷ്ടപ്പെടുകയോ ലഭിക്കാതിരിക്കുകയോ ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതിന് ഒരു മാറ്റം വരുത്താനാണ് മാറ്റിനി നൗ എന്ന ചാനല്‍ ശ്രമിക്കുന്നത്. മലയാളത്തിലെയും മറ്റുഭാഷകളിലെയും ഫിലിമില്‍ ഷൂട്ട് ചെയ്ത സിനിമകള്‍ കണ്ടെത്തി അത് ഡിജിറ്റലിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എന്നാല്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് ഇതിന്റെ ഒരോ ഘട്ടങ്ങളും.\
ഉനൈസ് അടിവാട്, ശങ്കര്‍ എന്നീ രണ്ട് പേരുടെ നേതൃത്വത്തിലുള്ള ടീമുകളാണ് ചിത്രങ്ങളുടെ നെഗറ്റീവുകള്‍ കണ്ടെത്തുന്നതും അത് പ്രോസസ് ചെയ്ത് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുകയും ചെയ്യുന്നത്.
റീമാസ്റ്ററിംഗ് പ്രൊസസിംഗിനെ കുറിച്ച് ഉനൈസ് അടിവാട് പറയുന്നത് ഇങ്ങനെയാണ്. ‘ഒരു സിനിമയുടെ നെഗറ്റീവ് കൈയ്യില്‍ കിട്ടിയാല്‍ അത് പരിശോധിച്ച ശേഷം ഒരോ ഫ്രെയ്മുകളായി സ്‌കാന്‍ ചെയ്യുകയാണ് ആദ്യത്തെ ഘട്ടം, ഇതിന് ശേഷം നെഗറ്റീവുകളില്‍ വന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കുകയും അത് പ്രോസസ് ചെയ്യുകയും ചെയ്യും. ഈ ഘട്ടമാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞത്. നെഗറ്റീവില്‍ വന്നിട്ടുള്ള കേടുപാടുകള്‍ മാറ്റിയെടുക്കുകയും കളറിംഗ് അടക്കമുള്ള പ്രൊസസിംഗ് നടത്തുകയും വേണം, വലിയ കുഴപ്പമില്ലാത്ത ഒരു സിനിമ കൈയ്യില്‍ കിട്ടിയാല്‍ ഏകദേശം ഒരുമാസം എടുത്താണ് ഇത്തരത്തില്‍ സിനിമകളുടെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നത്’
ഏകദേശം രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലാണ് ഒരോ സിനിമയും നെഗറ്റീവ് കണ്ടെത്തി ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നതിന് ചിലവാകുന്നത്. എന്നാല്‍ ഇത്തരത്തില്‍ സിനിമകള്‍ ഡിജിറ്റലായി രൂപം മാറ്റുന്നതിന് സാമ്പത്തിക നേട്ടമല്ല തങ്ങളുടെ ലക്ഷ്യമെന്ന് ഉനൈസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘നമ്മുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകള്‍ അത് ഏറ്റവും മികച്ച ദൃശ്യഭംഗിയോടെ സൂക്ഷിച്ച് വെയ്ക്കണമെന്ന ഉദ്ദേശത്തിലാണ് ഇത്തരത്തില്‍ ഒരു സംരഭം ആരംഭിച്ചത്. അതില്‍ ഏറ്റവും വലിയ സങ്കടമെന്ന് പറയുന്നത് മലയാളത്തിലെ ഏക്കാലത്തെയും ക്ലാസിക് സിനിമകളായ കിലുക്കം, ദേവാസുരം പോലുള്ള സിനിമകളില്‍ പലതിന്റെയും ഒര്‍ജിനല്‍ നെഗറ്റീവുകള്‍ നശിച്ചുപോയി എന്നതാണ്, യഥാര്‍ത്ഥത്തില്‍ സിനിമ ഇഷ്ടപ്പെടുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും ഏക്കാലവും ഓര്‍ത്തിരിക്കാനും ഉപയോഗിക്കാനുമാണ് ഇത്തരത്തില്‍ കഴിയുന്ന അത്ര നെഗറ്റീവുകള്‍ ഏടുത്ത് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്’ ഉനൈസ് പറഞ്ഞു.
നിലവില്‍ നമ്മള്‍ കണ്ട പല സിനിമകളും ഫ്രേയിം ക്രോപ്പ് ചെയ്ത രീതിയിലൊക്കെയാണ് ഉള്ളത്. എന്നാല്‍ ഇത്തരത്തില്‍ റീ മാസറ്റര്‍ വേര്‍ഷന്‍ എത്തുമ്പോളാണ് സിനിമകളിലെ ഫ്രെയിമുകളുടെ മനോഹാരിതയും അത് എടുത്ത രീതിയുമൊക്കെ നമ്മളെ അത്ഭുതപ്പെടുത്തുന്നത്.
സിനിമകളുടെ ഒര്‍ജിനല്‍ നെഗറ്റീവ് കിട്ടാത്തതാണ് നിലവില്‍ മാറ്റിനി നൗ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്ന്. എന്നാല്‍ നിലവില്‍ യൂട്യൂബില്‍ റീമാസ്റ്റര്‍ ചെയ്ത വേര്‍ഷനുകള്‍ പുറത്ത് എത്തിയതോടെ വന്‍ പിന്തുണയാണ് സിനിമാ രംഗത്ത് നിന്നും തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് മാറ്റിനി നൗ ടീം പറയുന്നു.
സിനിമകള്‍ യൂട്യൂബില്‍ പങ്കുവെയ്ക്കുമ്പോളുള്ള സാങ്കേതിക സഹായങ്ങള്‍ അവനീര്‍ ടെക്‌നോളജിയാണ് നല്‍കുന്നത്.
ഡിജിറ്റല്‍ രംഗത്തിന് ഇത്രയും സാധ്യതകളുള്ള പുതിയ കാലത്ത് മലയാളത്തില്‍ നിന്ന് സ്വന്തമായി ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോം ഭാവിയില്‍ നിര്‍മ്മിച്ച് എടുക്കാനാണ് ഈ ടീമിന്റെ പദ്ധതികള്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
the team behind old movie print remastered hd version Matinee Now