ന്യൂദല്‍ഹി: തന്നെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി.
പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച രാജസ്ഥാന്‍ ഹൈക്കോടിയുടെ ഉത്തരവിന്മേല്‍ തങ്ങള്‍ ഇടപെടില്ലെന്നായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുടെ ബെഞ്ച് പ്രസ്താവിച്ചത്.
‘നിങ്ങള്‍ സ്വന്തം മക്കളെ ഉപേക്ഷിച്ച് കുറ്റാരോപിതനൊപ്പം ഹോട്ടലുകളില്‍ കറങ്ങി നടക്കുകയായിരുന്നു. തൊട്ടടുത്ത നഗരത്തില്‍ ഒരു മുറിയെടുത്ത് അയാള്‍ക്കൊപ്പം താമസിക്കുക പോലും ചെയ്തു.
ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ (ഐ.ടി.ബി.പി) ജവാനായ നിങ്ങളുടെ ഭര്‍ത്താവ് അയച്ചു തന്നിരുന്ന പണമെല്ലാം നിങ്ങള്‍ ഇങ്ങനെയാണ് ചെലവാക്കിയത്.
അതിര്‍ത്തിയിലുള്ള പാവപ്പെട്ട ആ ജവാന്‍ തന്റെ ഭാര്യ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് പോലും അറിഞ്ഞിരുന്നില്ല,’ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഇരുവരും തമ്മില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്നും വ്യക്തമാവുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
ഹരജിക്കാരിയെ, പ്രതി പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് പരാതിക്കാരിക്ക് വേണ്ടി ഹാജരായ അഡ്വ. ആദിത് ജെയ്ന്‍ പറഞ്ഞു. വാദം സാധൂകരിക്കുന്നതിനായി അദ്ദേഹം ബാങ്ക് ഇടപാടുകളുടെ കണക്കുകള്‍ സമര്‍പ്പിക്കുകയും ചെയ്തു.