ന്യൂദല്‍ഹി: ഗുജറാത്തില്‍ 68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജുഡീഷ്യല്‍ ഓഫീസര്‍മാരെ ജില്ലാ ജഡ്ജികളായി സ്ഥാനക്കയറ്റം നല്‍കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ വിജ്ഞാപനമാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
ജസ്റ്റിസ് എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സ്ഥാനക്കയറ്റത്തിന് ഗുജറാത്ത് ഹൈക്കോടതി നല്‍കിയ ശിപാര്‍ശയെയും ശിപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനവും സ്റ്റേ ചെയ്തത്.
‘സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കേസ് ഈ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ഗുജറാത്ത് ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും വിജ്ഞാപനം സ്റ്റേ ചെയ്യുന്നു. ജഡ്ജിമാരെ നേരത്തെയുണ്ടായ പോസ്റ്റിലേക്ക് തന്നെ നിയമിക്കേണ്ടതാണ്.
സ്ഥാനക്കയറ്റം മെറിറ്റും സീനിയോറിറ്റിയും കണക്കിലെടുത്താണ് തീരുമാനിക്കുക. യോഗ്യതാ പരീക്ഷയും വിജയിക്കണം. ഹൈക്കോടതിയുടെ ശിപാര്‍ശകളും സര്‍ക്കാര്‍ വിജ്ഞാപനവും നിയമവിരുദ്ധമാണ്,’എം.ആര്‍. ഷാ പറഞ്ഞു.
മെയ് 15ന് ജസ്റ്റിസ് ഷാ വിരമിക്കുന്നതിനാല്‍ കേസ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. നിലവില്‍ വിജ്ഞാപനം സ്റ്റേ ചെയ്ത നടപടിയാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.
മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുന്ന ശിക്ഷാ വിധി പുറപ്പെടുവിച്ച ഹരീഷ് ഹസ്മുഖ് ഭായ് വര്‍മയും സ്ഥാനക്കയറ്റം ലഭിച്ചവരില്‍ ഉള്‍പ്പെട്ടത് നേരത്തെ വിവാദമായിരുന്നു.