Advertisement
IPL
ആദ്യ ഓവര്‍ രക്ഷപ്പെടുന്നത് ഇത് മൂന്നാം തവണ മാത്രം, എന്നിട്ടും കാര്യമുണ്ടായില്ല; വെടിക്കെട്ട് വീരന്റെ വെടി തീര്‍ന്നോ!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 16, 02:39 pm
Wednesday, 16th April 2025, 8:09 pm

 

ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

ദല്‍ഹി ക്യാപ്പിറ്റല്‍സിനായി ഓസ്‌ട്രേലിയന്‍ യുവതാരം ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കും ഇന്ത്യയുടെ ഭാവി താരമായ അഭിഷേക് പോരലുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.

ആദ്യ ഓവറില്‍ പത്ത് റണ്‍സാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് നേടിയത്. ജോഫ്രാ ആര്‍ച്ചറിനെതിരെ രണ്ട് ഫോറടക്കം ഒമ്പത് റണ്‍സ് മക്ഗൂര്‍ക് സംഭാവന ചെയ്തപ്പോള്‍ അവസാന പന്തില്‍ സിംഗിള്‍ നേടി അഭിഷേക് പോരല്‍ ആദ്യ ഓവര്‍ പൂര്‍ത്തിയാക്കി.

ഈ സീസണില്‍ ഇത് മൂന്നാം തവണ മാത്രമാണ് ജേക് ഫ്രേസര്‍ മക്ഗൂര്‍ക് ആദ്യ ഓവര്‍ രക്ഷപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ 200+ സ്‌ട്രൈക്ക് റേറ്റില്‍ വെടിക്കെട്ട് നടത്തിയ മക്ഗൂര്‍ക് ഈ സീസണില്‍ വെറും ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്.

ആദ്യ ഓവറില്‍ പുറത്താകാതെ രക്ഷപ്പെട്ടെങ്കിലും നേരിട്ട അടുത്ത ഓവറില്‍ തന്നെ മക്ഗൂര്‍ക് പുറത്തായിരുന്നു. ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ യശസ്വി ജെയ്‌സ്വാളിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ഒമ്പത് റണ്‍സ് മാത്രമാണ് മക്ഗൂര്‍ക്കിന് നേടാന്‍ സാധിച്ചത്.

9, 0, 7, 0, 38, 1, എന്നിങ്ങനെയാണ് സീസണില്‍ താരത്തിന്റെ പ്രകടനം.

 

ഒടുവില്‍ കളിച്ച 30 ടി-20യില്‍ 24 തവണയും താരം ആദ്യ അഞ്ച് ഓവറിനുള്ളില്‍ മടങ്ങിയിരുന്നു.

കഴിഞ്ഞ സീസണില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വെടിക്കെട്ട് വീരന്‍മാരില്‍ പ്രധാനിയായ മക്ഗൂര്‍ക് എന്നാല്‍ ഈ സീസണില്‍ റണ്‍സടിക്കാന്‍ പാടുപെടുകയാണ്.

അതേസമയം, മക്ഗൂര്‍ക്കിന് പുറമെ കരുണ്‍ നായരിനെയും ക്യാപ്പിറ്റല്‍സിന് നഷ്ടമായി. ബ്രോണ്‍സ് ഡക്കായാണ് താരം മടങ്ങിയത്. സന്ദീപ് ശര്‍മയുടെ പന്തില്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ റണ്‍ ഔട്ടായാണ് താരം മടങ്ങിയത്.

മത്സരം ആറ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 46 എന്ന നിലയിലാണ്. ദല്‍ഹി ആകെയടിച്ച 46 റണ്‍സിന്റെ പകുതിയും (23 റണ്‍സ്) തുഷാര്‍ ദേശ്പാണ്ഡേയെറിഞ്ഞ രണ്ടാം ഓവറിലാണ് പിറവിയെടുത്തത്. നാല് ഫോറും ഒരു സിക്‌സറുമടക്കം അഭിഷേക് പോരലാണ് താരത്തെ പഞ്ഞിക്കിട്ടത്. നിലിവില്‍ 17 പന്തില്‍ 30 റണ്‍സുമായി അഭിഷേക് പോരലും പത്ത് പന്തില്‍ ഏഴ് റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസില്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, അഭിഷേക് പോരല്‍, കരുണ്‍ നായര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡേ.

 

Content Highlight: IPL 2025: DC vs RR: Jake Frazer McGurk’s poor form continues