IPL
27 കോടിക്കാരന്‍ പന്ത് vs 2.57 കോടിക്കാരന്‍ വാര്‍ണര്‍! ഐ.പി.എല്ലിലേയും പി.എസ്.എല്ലിലേയും ഉയര്‍ന്ന തുകകള്‍ ഇങ്ങനെ!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 16, 01:49 pm
Wednesday, 16th April 2025, 7:19 pm

ഐ.പി.എല്ലിനേക്കാള്‍ ഏറ്റവും മികച്ചത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗാണ്! പി.എസ്.എല്ലിനോളം പ്രസക്തി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനില്ല! കാലങ്ങളായി മുന്‍ പാക് താരങ്ങളും പാകിസ്ഥാന്‍ ജേണലിസ്റ്റുകളും ഉയര്‍ത്തുന്ന വാദമാണിത്.

സ്റ്റേഡിയത്തിലെത്തുന്നതും അല്ലാത്തതുമായ കാണികളുടെ എണ്ണത്തിലും റേറ്റിങ്ങിലും റവന്യൂ ജനറേഷനിലുമെല്ലാം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനേക്കാള്‍ കാതങ്ങള്‍ പിന്നിലാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്. ടൂര്‍ണമെന്റ് കളിക്കാനെത്തുന്ന അന്താരാഷ്ട്ര താരങ്ങങ്ങളുടെ പട്ടികയെടുക്കുമ്പോഴും മുമ്പില്‍ ഐ.പി.എല്‍ തന്നെ.

ഐ.പി.എല്ലിന്റെയും പി.എസ്.എല്ലിന്റേയും പുതിയ എഡിഷന്‍ ഇപ്പോള്‍ ഒരേ സമയം നടന്നുകൊണ്ടിരിക്കുകയാണ്. പി.എസ്.എല്‍ കളിക്കുന്ന പല സൂപ്പര്‍ താരങ്ങളും ഐ.പി.എല്‍ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായതിന് പിന്നാലെയാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമായത്.

ഐ.പി.എല്ലില്‍ നിന്നും ലഭിക്കുന്ന ഉയര്‍ന്ന തുക തന്നെയാണ് മറ്റേത് ലീഗിനേക്കാളേറെ ഐ.പി.എല്ലിനെ താരങ്ങള്‍ക്കിടയില്‍ സ്വീകാര്യമാക്കുന്നത്. ഐ.പി.എല്ലില്‍ നിന്ന് മാത്രം ഇതിനോടകം തന്നെ വിവിധ താരങ്ങള്‍ നൂറും ഇരുന്നൂറും കോടികള്‍ സ്വന്തമാക്കിയ താരങ്ങളുമുണ്ട്.

ഐ.പി.എല്ലിലെയും പി.എസ്.എല്ലിലെയും ഉയര്‍ന്ന സാലറിയും അത് സ്വന്തമാക്കിയ താരങ്ങളെയും പരിശോധിക്കാം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷബ് പന്താണ് ഈ സീസണില്‍ ഐ.പി.എല്ലില്‍ ഏറ്റവുമധികം സാലറി നേടിയ താരം. 27 കോടി രൂപയ്ക്കാണ് മുന്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ കൂടിയായ പന്തിനായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ചെലവഴിച്ചത്. ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കിയ താരമെന്ന റെക്കോഡും ഇതോടെ പന്ത് സ്വന്തമാക്കി.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന തുകയുടെ റെക്കോഡ് റിഷബ് പന്ത് സ്വന്തം പേരിലാക്കുന്നതിന് മുമ്പ് കുറച്ച് സമയം ഈ നേട്ടം സ്വന്തമാക്കിയ പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യരാണ് ഈ സീസണില്‍ ഏറ്റവുമധികം തുക സ്വന്തമാക്കിയ രണ്ടാമത് താരം. 26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരിനെ പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചത്.

 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലേക്കെത്തിയാല്‍ ഡേവിഡ് വാര്‍ണറാണ് ഏറ്റവുമധികം സാലറി വാങ്ങുന്ന താരം. പ്ലാറ്റിനം താരമായ ഡേവിഡ് വാര്‍ണറിനെ 2.57 കോടി രൂപയ്ക്കാണ് മുന്‍ ചാമ്പ്യന്‍മാരായ കറാച്ചി കിങ്‌സ് സ്വന്തമാക്കിയത്. സീസണില്‍ കറാച്ചിയുടെ ക്യാപ്റ്റനാണ് വാര്‍ണര്‍.

ഐ.പി.എല്‍ മെഗാ ലേലത്തില്‍ അണ്‍ സോള്‍ഡായതിന് പിന്നാലെയാണ് ഡേവിഡ് വാര്‍ണര്‍ പി.എസ്.എല്ലില്‍ ഭാഗ്യം പരീക്ഷിക്കാനെത്തിയത്. രണ്ട് കോടിയായിരുന്നു ഐ.പി.എല്ലില്‍ താരത്തിന്റെ അടിസ്ഥാന വില. എന്നാല്‍ ഒരു ടീമും വെടിക്കെട്ട് ഓപ്പണറെ ടീമിലെത്തിക്കാന്‍ താത്പര്യം കാണിച്ചില്ല.

ഇതിന് പിന്നാലെ താരം പി.എസ്.എല്‍ ലേലത്തിന്റെ ഭാഗവാവുകയും കറാച്ചി 2.57 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കുകയുമായിരുന്നു. ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണില്‍ 6.25 കോടിയായിരുന്നു വാര്‍ണറിന്റെ സാലറി.

ഐ.പി.എല്‍ 2025 – ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്ന താരങ്ങള്‍

(താരം – ടീം – തുക എന്നീ ക്രമത്തില്‍)

റിഷബ് പന്ത് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 27 കോടി

ശ്രേയസ് അയ്യര്‍ – പഞ്ചാബ് കിങ്‌സ് – 26.75 കോടി

വെങ്കിടേഷ് അയ്യര്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 23.75 കോടി

ഹെന്‌റിക് ക്ലാസന്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 23 കോടി

വിരാട് കോഹ് ലി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 21 കോടി

നിക്കോളാസ് പൂരന്‍ – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 21 കോടി

പി.എസ്.എല്‍ 2025 – ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്ന താരങ്ങള്‍

(താരം – ടീം – തുക എന്നീ ക്രമത്തില്‍)

ഡേവിഡ് വാര്‍ണര്‍ – കറാച്ചി കിങ്‌സ് – 2.57 കോടി

ഡാരില്‍ മിച്ചല്‍ – ലാഹോര്‍ ഖലന്ദേഴ്‌സ് – 1.88 കോടി

ഫഖര്‍ സമാന്‍ – ലാഹോര്‍ ഖലന്ദേഴ്‌സ് – 1.88 കോടി

മുഹമ്മദ് റിസ്വാന്‍ – മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് – 1.88 കോടി

ബാബര്‍ അസം – പെഷവാര്‍ സാല്‍മി – 1.88 കോടി

സയീം അയ്യൂബ് – പെഷവാര്‍ സാല്‍മി – 1.88 കോടി

 

Content Highlight: IPL vs PSL: Highest paid cricketers in both cricket leagues