സൂര്യൻ ചിലപ്പോൾ പടിഞ്ഞാറ് ഉദിച്ചെന്നിരിക്കും, എന്നാലും ഇന്ത്യയെ ഓസ്ട്രേലിയക്ക് തകർക്കാൻ സാധിക്കില്ല; മുൻ ഇന്ത്യൻ താരം
Cricket
സൂര്യൻ ചിലപ്പോൾ പടിഞ്ഞാറ് ഉദിച്ചെന്നിരിക്കും, എന്നാലും ഇന്ത്യയെ ഓസ്ട്രേലിയക്ക് തകർക്കാൻ സാധിക്കില്ല; മുൻ ഇന്ത്യൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th February 2023, 8:12 pm

ഫെബ്രുവരി ഒമ്പതിനാണ് ഓസീസിനെതിരെയുള്ള ഇന്ത്യൻ ടീമിന്റെ ടെസ്റ്റ്‌ പരമ്പര ആരംഭിക്കുന്നത്.
ബോർഡർ-ഗവാസ്കർ ട്രോഫി എന്ന പേരിൽ പ്രസിദ്ധമായ ചതുർദിന ടെസ്റ്റ്‌ പരമ്പരയിൽ വിജയിക്കാനായാൽ ഇന്ത്യക്ക് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ സാധിക്കും.

നാല് ടെസ്റ്റ്‌ മത്സരങ്ങളാണ് ഇന്ത്യ-ഓസ്ട്രേലിയ ചതുർദിന പരമ്പരയിൽ അടങ്ങിയിരിക്കുന്നത്.
നാഗ്പൂർ, ധരംശാല, ദൽഹി, അഹമ്മദാബാദ് എന്നീ വേദികളിൽ വെച്ചാണ് മത്സരം നടക്കുന്നത്.
ശ്രീലങ്കക്കെതിരെയും ന്യൂസിലാൻഡിനെതിരായുമുള്ള പരമ്പരകൾ വിജയിച്ചത് പോലെ ഓസീസിനെതിരെയും ഇന്ത്യൻ ടീം വിജയക്കൊടി നാട്ടും എന്നാണ് ഇന്ത്യൻ ആരാധകർ പ്രത്യാശിക്കുന്നത്.

എന്നാൽ സൂര്യൻ പടിഞ്ഞാറ് ഉദിച്ചാലും ഇന്ത്യ ഓസ്ട്രേലിയക്കെതിരെ 4-0 എന്ന നിലയിൽ പരമ്പര നഷ്‌ടപ്പെടുത്തില്ല എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.
സ്റ്റാർ ഗ്രൂപ്പിന് വേണ്ടി മത്സരത്തെക്കുറിച്ച് സംസാരിക്കവെയാണ് ഇന്ത്യൻ ടീം ഒരിക്കലും ഓസീസിന് മുന്നിൽ വൈറ്റ് വാഷ് ചെയ്യപ്പെടില്ലെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്.

“സൂര്യൻ ചിലപ്പോൾ പടിഞ്ഞാറ് ഉദിച്ചെന്ന് വരാം. പക്ഷെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്ക് ഒരിക്കലും ഇന്ത്യയെ 4-0ത്തിന് വൈറ്റ് വാഷ് ചെയ്യാൻ സാധിക്കില്ല. പക്ഷെ ദൈവം എതിര് നിന്നാൽ മാത്രം ആ ദുരന്തം ചിലപ്പോൾ സംഭവിച്ചേക്കാം,’ ആകാശ് ചോപ്ര പറഞ്ഞു.

 

“ഈ സീരീസ് വിജയിച്ച് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യൻ ടീമിന് യോഗ്യത നേടാൻ സാധിക്കും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അത് ചിലപ്പോൾ 4-0 എന്ന നിലയിലോ 3-0 എന്ന നിലയിലോ 3-1 എന്ന നിലയിലോയൊക്കെയാവാം പക്ഷെ ഇന്ത്യ യോഗ്യത നേടും,’ ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

‘എന്നാൽ നമുക്ക് 4-0, 3-0, 3-1 എന്നീ മാർജിനിൽ ജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് വലിയ പ്രശ്‌നമാവും. 2-1, 2-0, 1-0 എന്നീ മാർജിനിലാണ് ഇന്ത്യ വിജയിക്കുന്നതെങ്കില്‍ ശ്രീലങ്ക-ന്യൂസിലാന്‍ഡ് പരമ്പരയെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സാധ്യതകൾ,’ ചോപ്ര പറഞ്ഞു.

ഇന്ത്യന്‍ ടെസ്റ്റ്‌ സ്‌ക്വാഡ്: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ് ലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട്, സൂര്യകുമാര്‍ യാദവ്.

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്ടൻ ആഗര്‍, സ്‌കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ് സ്മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്സണ്‍, ഡേവിഡ് വാര്‍ണര്‍.

 

Content Highlights:The sun maybe rise in the west, but India cannot be broken by Australia;said akash chopra