ഫലസ്തീനിന്റെയും ഇസ്രഈലിന്റെയും സ്വയം പ്രതിരോധത്തിനുള്ള അവകാശം
DISCOURSE
ഫലസ്തീനിന്റെയും ഇസ്രഈലിന്റെയും സ്വയം പ്രതിരോധത്തിനുള്ള അവകാശം
മൈക്കല്‍ ആല്‍ബര്‍ട്ട്
Friday, 1st December 2023, 7:28 pm
എന്നാല്‍ ഇസ്രഈലില്‍ നിന്നും ധാരാളം ആളുകള്‍ പ്രതികാരത്തിന് വേണ്ടി മുറവിളി കൂട്ടുമ്പോള്‍ കുറച്ചാളുകള്‍ പറയുന്നത് ഞങ്ങളുടെ വേണ്ടപ്പെട്ടവരെ ഏതായാലും നഷ്ടപ്പെട്ടു. പക്ഷേ അതിന്റെ പേരില്‍ ഫലസ്തീനിലെ സാധാരണ പൗരന്‍മാരെ കൊന്നൊടുക്കരുത് എന്നാണ്. ഇസ്രായേല്‍ ക്രൂരതയുടെ തീവ്രത വര്‍ദ്ധിപ്പിക്കാനുള്ള ഒരു ഹേതുവായി അതിനെ കണക്കാക്കരുത് എന്നും പറയുന്നു.

 


ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത് | അഭിമുഖത്തിന്റെ ഒന്നാം ഭാഗം ഇവിടെ വായിക്കാം, കേള്‍ക്കാം


മൈക്കല്‍ ആല്‍ബെര്‍ട്ട്: ഇസ്രഈലികളും അവര്‍ക്ക് പിന്തുണ നല്‍കുന്നവരും ഇസ്രായേല്‍ നയങ്ങളുടെ വക്താക്കളുമെല്ലാം ഒക്‌റ്റോബര്‍ 7 ലെ ഹമാസ് ആക്രമണത്തെയും ഇസ്രഈലിന്റെ പ്രത്യാക്രമണത്തെയും കുറിച്ച് സംസാരിക്കുമ്പോഴൊക്കെ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രഈലിന്റെ അവകാശത്തെക്കുറിച്ച് വാചാലരാവും. ഇങ്ങനെയൊരു വാദം എല്ലായ്‌പ്പോഴും ഉയര്‍ന്നു വരുന്നു. നമുക്ക് ഈ വിഷയം കൂടി അല്‍പം കണക്കിലെടുത്ത് സംസാരിക്കാം എന്ന് ഞാന്‍ കരുതുന്നു.

ആദ്യമായി എന്താണ് സ്വയം പ്രതിരോധം അല്ലെങ്കില്‍ ആത്മരക്ഷ എന്നത്‌കൊണ്ട് അര്‍ത്ഥമാക്കുന്നത് ? എന്താണ് സ്വയം പ്രതിരോധത്തിനുള്ള അവകാശം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ? രണ്ടാമതായി അങ്ങനെയൊന്നുണ്ടെങ്കില്‍ ഹമാസിന് അവരുടെ സമീപകാല പ്രവൃത്തിയെ ന്യായീകരിക്കാനുതകും വിധം അത്തരമൊരു അവകാശം ഉണ്ടോ ? ഇസ്രഈലിന് നിലവില്‍ അവരുടെ നടപടികളെ നീതീകരിക്കും വിധം അങ്ങനെയൊരവകാശം ഉണ്ടോ ? ഒരാളേക്കാള്‍ മറ്റൊരാള്‍ക്ക് അങ്ങനെയൊരു അവകാശം ഉണ്ടോ ? അപ്പോള്‍ സ്വയം പ്രതിരോധിക്കുക എന്നതിന്റെ ശരിയായ അര്‍ത്ഥം എന്താണ്? ഒരു രാജ്യത്തിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട് എന്ന് പറയുമ്പോള്‍ എന്താണ് അതിനര്‍ത്ഥം?

സ്റ്റീഫന്‍ ആര്‍.ഷാലോം: രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമെല്ലാം സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു തികഞ്ഞ സമാധാനവാദി ഒരു പക്ഷേ അതിനോട് വിയോജിച്ചേക്കാം. മറ്റൊരു വ്യക്തിക്കെതിരെ അക്രമമോ ബലപ്രയോഗമോ നടത്തുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല എന്നതായിരിക്കും അവരുടെ നിലപാട്. പക്ഷേ ചില സാഹചര്യങ്ങളില്‍ ബലപ്രയോഗത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്നതില്‍ തെറ്റില്ല എന്നതാണ് ഒട്ടുമിക്ക ആളുകളുടെയും കാഴ്ചപ്പാട്.

ഇത്തരം സാഹചര്യങ്ങളില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ടത് ആരെങ്കിലും നിങ്ങള്‍ക്കെതിരില്‍ ആദ്യം ബലപ്രയോഗം നടത്തിയിട്ടുണ്ട് എങ്കില്‍ നിങ്ങളുടെ അക്രമിക്ക് പരിക്കേല്‍പ്പിച്ചു കൊണ്ട് സ്വയം പ്രതിരോധിക്കാനുള്ള നിയമപരമായ അവകാശം നിങ്ങള്‍ക്കുണ്ട് എന്നതാണ്.

അതിനാല്‍ തീര്‍ച്ചയായും ഒരു അടിയെത്തടുക്കാന്‍ നിങ്ങളുടെ കൈ ഉയര്‍ത്താനുള്ള അവകാശം എല്ലായ്‌പ്പോഴും നിങ്ങള്‍ക്കുണ്ട്.

തെരുവില്‍ നിങ്ങളുടെ നേരെ ഒരാള്‍ ചാടി വീണാല്‍ അയാളെ തിരിച്ചടിക്കാനുള്ള അവകാശവും നിങ്ങള്‍ക്കുണ്ട്. എന്നാല്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം നല്‍കുക എന്നുവെച്ചാല്‍ ആ അവകാശം പരിധിയില്ലാത്തതാണ് എന്ന അര്‍ത്ഥമില്ല എന്നതാണ് ധാര്‍മ്മികമായി ചിന്തിക്കുന്നവരുടെയെല്ലാം നിലപാട്.

അതിന് ചില നിയന്ത്രണങ്ങളുണ്ട്. അതില്‍ ഒന്ന് ആനുപാതികമായിരിക്കണം എന്നതാണ്. അതായത് ആരെങ്കിലും വന്ന് മനഃപൂര്‍വ്വം നിങ്ങളെ ഇടിച്ചാല്‍ ഒരു വെടിക്കോപ്പും യന്ത്രത്തോക്കുമെല്ലാം പുറത്തെടുത്ത് അവരെയും അവരുടെ കുടുംബത്തെയും ഒന്നടങ്കം ആക്രമിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. നിങ്ങള്‍ തിരിച്ചടിക്കുകയാണെന്നത് ശരി. പക്ഷേ നിങ്ങള്‍ അഭിമുഖീകരിച്ച അപകടത്തിനും ഉപദ്രവത്തിനും ആനുപാതികമല്ല അത്.

ഇവിടെ മറ്റൊരു തത്ത്വമുണ്ട്. താങ്കള്‍ ഇതിനോടകം തന്നെ അന്യായമായ ഒരു പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളാണെങ്കില്‍ താങ്കള്‍ക്ക് സ്വയം പ്രതിരോധത്തിനുള്ള അവകാശമില്ല എന്നതാണത്. ഉദാഹരണത്തിന് ഒരു ബാങ്ക് കൊള്ളക്കാരന്‍ ഒരു ബാങ്കില്‍ കയറി അവിടുത്തെ കാവല്‍ക്കാരനെ വെടിവെക്കുന്നു. എന്നിട്ട് പണം തരൂ എന്ന് പറയുന്നു. അപ്പോള്‍ ബാങ്കിലുണ്ടായിരുന്ന ഒരു കസ്റ്റമര്‍ കൊള്ളക്കാരനെ വെടിവെക്കാനായി തോക്ക് പുറത്തെടുക്കുന്നു. ഈ സാഹചര്യത്തില്‍ കൊളളക്കാരന് ആത്മരക്ഷാര്‍ത്ഥം കസ്റ്റമറെ വെടി വെക്കാന്‍ അവകാശമുണ്ടോ ? ഇല്ല ! കാരണം ആദ്യം കൊള്ളക്കാരന് അവിടെ വരാനുള്ള അവകാശം തന്നെയില്ല.


അതുപോലെത്തന്നെ ഒരു കൊളോണിയല്‍ അധിനിവേശ ശക്തിക്ക് അവരുടെ അധിനിവേശത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇല്ല തന്നെ. അതുകൊണ്ട് രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്ത് ജപ്പാന്റെ അധിനിവേശത്തിന് കീഴിലായിരുന്ന ചൈനയിലും ഫിലിപ്പീന്‍സിലും ജപ്പാന്‍ സൈന്യത്തിന്റെ പട്രോളിംഗിനിടെ അവര്‍ക്കെതിരില്‍ മിന്നലാക്രമണമുണ്ടായാല്‍ ജപ്പാന്‍ സൈനികര്‍ക്ക് ആദ്യമാണോ രണ്ടാമതാണോ വെടിയേറ്റത് എന്നതവിടെ ഒരു വിഷയമല്ല.

കാരണം അവര്‍ അധിനിവേശക്കാരാണ്, അതിനാല്‍ സ്വയം പ്രതിരോധത്തിനുള്ള അവകാശം അവര്‍ക്കില്ല.

പിന്നെ അധിനിവേശത്തിനിരയായ ജനതയുടെ അന്യായമായ എന്തെങ്കിലും പ്രവൃത്തിയില്‍ നിന്ന് നിങ്ങള്‍ സ്വയം സംരക്ഷിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍, നിങ്ങള്‍ അധിനിവേശക്കാരാണെങ്കിലും നിങ്ങള്‍ക്ക് സ്വയം പ്രതിരോധം തീര്‍ക്കാനുള്ള അവകാശം ഉണ്ടായിരിക്കും. അതുകൊണ്ട് ഇസ്രഈല്‍ പൗരന്റെ വീട്ടിലേക്ക് കടന്നുകയറി ഒരു കുഞ്ഞിനെ കൊലപ്പെടുത്താന്‍ നോക്കിയാല്‍ അത് ന്യായമായ ഒരു പ്രവൃത്തിയല്ല. അതിനെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി കണക്കാന്‍ കഴിയില്ല. അതിനാല്‍ ആ വീട്ടിലുള്ള ഇസ്രഈലിയായ നിങ്ങള്‍ക്ക് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ട്.

പക്ഷേ പൊതുവെയുള്ള നിയമമനുസരിച്ച്, ഞാനിവിടെ സൂചിപ്പിച്ച പരിധിക്കുള്ളില്‍ നിന്നുകൊണ്ട് പരിശോധിക്കുമ്പോള്‍ ഫലസ്തീനികളുടെ പ്രതിരോധം നിയമാനുസൃതവും ഇസ്രഈല്യരുടെ സ്വയം പ്രതിരോധ വാദം നിലനില്‍ക്കാത്തതുമാണ്.

മൈക്കല്‍ ആല്‍ബര്‍ട്ട്: തീര്‍ച്ചയായും , സ്വയം പ്രതിരോധവും സര്‍വ്വനാശം വിതക്കുന്ന പ്രതികാര നടപടികളും തമ്മില്‍ വ്യത്യാസമുണ്ട് എന്ന് കാണിക്കാന്‍ താങ്കള്‍ അങ്ങേയറ്റത്തെ സംഭവങ്ങളെക്കുറിച്ച് പരാമര്‍ശിക്കേണ്ടതില്ല. താങ്കള്‍ പരാമര്‍ശിച്ച കേസില്‍ പറയുന്ന, തന്റെ വീട്ടിലെ കുഞ്ഞിനെ സംരക്ഷിക്കാന്‍ വേണ്ടി അങ്ങേയറ്റം ഹീനവും അന്യായവുമായ ആക്രമണത്തെ ചെറുക്കുന്ന ഒരാളാണ് ഒരു വശത്ത്, എന്നാല്‍ മറുവശത്ത് ഇസ്രഈല്‍ എന്ന രാജ്യം ഒരു ജനതക്ക് വെള്ളം, ഭക്ഷണം, വൈദ്യുതി എന്നിവ നിഷേധിക്കുകയും നഗരങ്ങള്‍ ബോംബിട്ട് തകര്‍ത്ത് തരിപ്പണമാക്കി പ്രതികാരം തീര്‍ക്കുകയുമാണ്. ഇത് രണ്ടും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. ഏത് നിലയില്‍ നോക്കിയാലും നമ്മള്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ നിന്ന് അല്‍പം വ്യതിചലിച്ചിട്ടുണ്ട്. പക്ഷേ നമ്മള്‍ അഡ്രസ് ചെയേണ്ട വിഷയം തന്നെയാണിത് എന്ന് ഞാന്‍ കരുതുന്നു.

ഫലസ്തീന്‍ പക്ഷക്കാരായിരുന്ന ഇടതുപക്ഷ വക്താക്കളില്‍ നല്ലൊരു പങ്കും ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രഈലിന്റെ പ്രതികരണെത്തെ പിന്തുണക്കുകയോ അവരുടെ വികാരം ഉള്‍ക്കൊള്ളുകയോ ചെയ്യുന്നവരാണ്.

എന്റെ പല സുഹൃത്തുക്കളില്‍ നിന്നും ഞാനിത് കേട്ടിട്ടുണ്ട്. അതുകൊണ്ട് ഇത്തരത്തിലാണ് കാര്യങ്ങളുടെ കിടപ്പ് എന്ന് എനിക്കറിയാം. പക്ഷേ എന്തുകൊണ്ടാണിത്? കാലങ്ങളായി ഫലസ്തീന്‍ വാദത്തെ പിന്താങ്ങിയിരുന്നവര്‍ക്ക് പെട്ടെന്ന് ഇസ്രഈലിന്റെ പ്രതികരണത്തോട് ഒരു അടുപ്പം തോന്നാന്‍ കാരണമെന്താണ്? താങ്കള്‍ പറഞ്ഞത് തന്നെയായിരിക്കുമോ അതിന് കാരണം ?

സ്റ്റീഫന്‍ ആര്‍. ഷാലോം: ഭീകരവാദത്തെക്കുറിച്ച് നമുക്കറിയാവുന്ന ഒരു കാര്യമാണ് ഭീകരവാദത്തെ കുറിച്ചുള്ള പല ധാരണകളും തെറ്റാണ് എന്നത്. അതില്‍ ഒന്നാമത്തേത് ഭീകരവാദത്തിന്റെ/ തീവ്രവാദത്തിന്റെ ധാര്‍മ്മികതയെക്കുറിച്ചുള്ള തെറ്റായ ധാരണയാണ്. രണ്ടാമതായി വ്യത്യസ്ത ജനവിഭാഗങ്ങളടങ്ങുന്ന ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നത് പോലുള്ള വലിയ ലക്ഷ്യങ്ങള്‍ നേടാന്‍ ചില പ്രത്യേക തരം തന്ത്രങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ലക്ഷ്യത്തിലേക്കെത്തല്‍ കൂടുതല്‍ ദുഷ്‌ക്കരമാകും.

ഉദാഹരണമായി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (ANC) ആഫ്രിക്കയില്‍ തങ്ങളുടെ ലക്ഷ്യം കൈവരിക്കാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വളരെ പരിമിതമാക്കി. അപ്പോള്‍ അതാണ് രണ്ടാമത്തെ കാരണം. ഭീകരവാദത്തിനെതിരെ പറയുന്ന മൂന്നാമത്തെ കാര്യം ഈ ഭീകര കൃത്യങ്ങളുടെ ഫലമായി നിങ്ങളുടെ എതിരാളികള്‍ ഒരിക്കലും തങ്ങള്‍ ചെയ്തത് തെറ്റായിപ്പോയി എന്ന് പറയാനുള്ള സാധ്യത ഇല്ലാതാവുന്നു എന്നതാണ്. എന്നുമാത്രമല്ല അത് അന്ധമായ രോഷം, വെറുപ്പ് വൈരാഗ്യം എന്നിവ വിളിച്ച് വരുത്തും.

ഇതൊരു സര്‍വ്വസാധാരണമായ നിയമമാണോ എന്നൊന്നും എന്നിക്കറിയില്ല. എന്നാല്‍, പൊതുവെ കാര്യങ്ങള്‍ ഈ രീതിയിലാണ്. പൊതുവെ പഠനങ്ങള്‍ പറയുന്നത് 1990 കളില്‍ ഇസ്രഈലില്‍ ബോംബാക്രമണം ഉണ്ടായപ്പോഴെല്ലാം വലതുപക്ഷ വോട്ടു വിഹിതം വര്‍ദ്ധിച്ചു. കാരണം വലതുപക്ഷം എല്ലായ്‌പ്പോപ്പോഴും പറയുന്നത് ഇതാണ്, ‘ഞങ്ങള്‍ക്ക് വോട്ട് ചെയ്യൂ ! ഫലസ്തീനികളെ ഞങ്ങള്‍ തുടച്ച് നീക്കും ! ‘.

ഇതൊരു സ്വാഭാവികമായ പ്രതികരണമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. സ്‌നേഹിക്കുന്നവര്‍ കൊല്ലപ്പെടുമ്പോള്‍ ആര്‍ക്കായാലും ദേഷ്യം വരും. എന്നാല്‍ ചിലയാളുകള്‍ അതിനപ്പുറം ചിന്തിക്കുകയും പ്രശ്‌നപരിഹാരത്തിനായി കൂടുതല്‍ മനുഷ്യത്വപരമായ മാര്‍ഗ്ഗങ്ങള്‍ ആരായുകയു ചെയ്യും. പക്ഷേ പലപ്പോഴും ആളുകള്‍ അതിന് മുതിരുകയില്ല. അതാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു.

എന്നാല്‍ ഇസ്രഈലില്‍ നിന്നും ധാരാളം ആളുകള്‍ പ്രതികാരത്തിന് വേണ്ടി മുറവിളി കൂട്ടുമ്പോള്‍ കുറച്ചാളുകള്‍ പറയുന്നത് ഞങ്ങളുടെ വേണ്ടപ്പെട്ടവരെ ഏതായാലും നഷ്ടപ്പെട്ടു. പക്ഷേ അതിന്റെ പേരില്‍ ഫലസ്തീനിലെ സാധാരണ പൗരന്‍മാരെ കൊന്നൊടുക്കരുത് എന്നാണ്. ഇസ്രായേല്‍ ക്രൂരതയുടെ തീവ്രത വര്‍ദ്ധിപ്പിക്കാനുള്ള ഒരു ഹേതുവായി അതിനെ കണക്കാക്കരുത് എന്നും പറയുന്നു.

ഇതൊരു പ്രധാനപ്പെട്ട കാര്യമാണെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും ഇതുപോലുള്ള ചെറിയ ചെറിയ ശബ്ദങ്ങള്‍ മുങ്ങിപ്പോകുന്നു. അമേരിക്കയില്‍ 9 -11 ശേഷം സംഭവിച്ചതും അതുതന്നെയാണ്. യുദ്ധത്തിന് വേണ്ടി മുറവിളി കൂട്ടിയവര്‍ പഴയ യുദ്ധക്കൊതിയന്‍മാര്‍ മാത്രമായിരുന്നില്ല , മറിച്ച് പുതുതായുള്ള ധാരാളം പേരും അവരില്‍ ഉണ്ടായിരുന്നു. അവിടെയുണ്ടായ ഭയാനകമായ സംഭവവികാസങ്ങളില്‍ ആളുകള്‍ക്കുണ്ടായ നടുക്കമാണ് അതിന് കാരണം.

മൈക്കല്‍ അല്‍ബെര്‍ട്ട്: അതെനിക്ക് മനസ്സിലാവും. എന്നിരുന്നാലും ഈ യുദ്ധവെറി ശരിയല്ല എന്ന് ഞാന്‍ പറയും.

സ്റ്റീഫന്‍ ആര്‍.ഷാലോം: തീര്‍ച്ചയായും.

മൈക്കല്‍ ആല്‍ബെര്‍ട്ട്: അവര്‍ക്ക് തിരിച്ചടിക്കാം. പക്ഷേ എനിക്ക് മനസ്സിലാവാത്ത കാര്യമെന്തെന്നാല്‍ പതിറ്റാണ്ടുകളോളം അധിനിവേശ ശക്തിക്ക് കീഴ്‌പെട്ട് , ഭയാനകമായ അവസ്ഥകളിലൂടെ കടന്ന് പോവുകയും മരണം വരിക്കുകയും മറ്റു പല യാതനകളും അനുഭവിക്കുകയും ചെയ്ത ഒരു ജനത സിവിലിയന്‍മാരെ കൊന്നു കൊണ്ട് പ്രതികരിച്ചത് തെറ്റാണെന്നും അത് വിപരീത ഫലമാണ് ഉണ്ടാക്കുക എന്നും ചിലര്‍ പറയുന്നു.

പക്ഷേ ഇതേയാളുകള്‍ തന്നെ ആയിരമാളുകള്‍ (ഇസ്രഈല്യര്‍ ) കൊല്ലപ്പെട്ട ആക്രമണത്തിനുള്ള തിരിച്ചടിയായി ദശലക്ഷക്കണക്കിന് ആളുകളെ( ഫലസ്തീനികളെ ) ആക്രമിക്കുകയും, അവരില്‍ത്തന്നെ പകുതിയും കുട്ടികളാണ് എന്നിരിക്കെ (ഫലസ്തീനിലെ ജനസംഖ്യാനുപാതം വരുന്നത് അങ്ങനെയാണ് എന്നത് സത്യം) ഫലസ്തീന്‍ ജനതക്കെതിരില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രസ്തുത ആക്രമണത്തില്‍ യാതൊരു തെറ്റും കാണാതിരിക്കുകയും ചെയ്യുന്നു എന്നതാണ് അത്ഭുതം.

തെറ്റായി കാണുന്നില്ലെന്ന് മാത്രമല്ല, അതിനെ പിന്തുണക്കുകയും ആഘോഷമാക്കി മാറ്റുകയും ചെയ്യുന്നു. ഇതെനിക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഞാനവരുടെ വികാരം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടാണ്. മാത്രമല്ല ഇസ്രഈലിനെയും ഫലസ്തീനെയും സംബന്ധിക്കുന്ന വാര്‍ത്തകളുടെ കവറേജില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ പലപ്പോഴും പക്ഷപാതപരമായും കാപട്യത്തോടെയുമാണ് കാര്യങ്ങള്‍ വിളിച്ച് കൂവുന്നത്.

എന്തുകൊണ്ടാണത് എന്നാണ് ഒന്നാമതായി എനിക്ക് താങ്കളോട് ചോദിക്കാനുള്ളത്. അതായത് ശരിതെറ്റുകള്‍ ഒരു നിമിഷ നേരത്തേക്ക് മാറ്റിവെക്കുക, പാശ്ചാത്യ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നത് കാപട്യത്തോടെയും പക്ഷപാതിത്വത്തോടെയുമാണ് എന്ന് ജനങ്ങള്‍ വാദിക്കുന്നത് എന്ത്‌കൊണ്ടാണ് ?

സ്റ്റീഫന്‍ ആര്‍. ഷാലോം: ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ യു.എസ് ഗവണ്‍മെന്റിന്റെ നിലപാടാണ് മാധ്യമങ്ങള്‍ പിന്തുടരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ യു.എസ് ഗവണ്‍മെന്റ് പിന്തുടരുന്നത് ഇസ്രഈലിന്റെ നിലപാടുമാണ്.

ഇതിന് നിരവധി വിശദീകരണങ്ങള്‍ ഉണ്ട്. അതിലൊന്ന് മൂന്നാംലോക പൗരന്‍മാരായ ഫലസ്തീനികളേക്കാള്‍, ഇസ്രഈലി ജൂതന്‍മാര്‍ക്ക് അമേരിക്കക്കാരുമായുള്ള സാമ്യമാണ്. അതുകൊണ്ടാണ് അമേരിക്കന്‍ ദേശീയ സുരക്ഷാ വിഭാഗം തങ്ങളുടെ നിലപാടുകള്‍ ഇസ്രഈല്‍ താല്‍പര്യങ്ങളോട് ചേര്‍ത്തുവെക്കുന്നത് എന്നതാണ് വസ്തുത.

പകരമായി പശ്ചിമേഷ്യയിലെ(Middle East) അമേരിക്കന്‍ പോളിസികള്‍ക്ക് ഇസ്രഈല്‍ നിരുപാധികമായ പിന്തുണ നല്‍കി.

എന്നാല്‍ ആളുകള്‍ പലപ്പോഴും ഇതേക്കുറിച്ച് പറയുന്നത് ഇസ്രഈല്‍ അറബികള്‍ക്കെതിരാണ് എന്നാണ്. പക്ഷേ പലപ്പോഴും ഇസ്രഈലും അമേരിക്കയെ പിന്തുണക്കുന്ന പിന്തിരിപ്പന്‍ അറബ് രാജ്യങ്ങള്‍ ഒരു വശത്തും പരിഷ്‌കാരികളായ അറബ് രാജ്യങ്ങള്‍ മറ്റാെരുവശത്തുമാണ് എന്നതാണ് സത്യം.

ഉദാഹരണത്തിന് 1967 ല്‍ ഇസ്രഈല്‍ ഈജിപ്തിനെതിരില്‍ യുദ്ധം പ്രഖ്യാപിച്ചു. അക്കാലത്ത് യമനില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ ധാരാളം ഈജിപ്ഷ്യന്‍ സൈനികര്‍ പങ്കെടുത്തിരുന്നു. പക്ഷേ സൗദികള്‍ അവിടെ മറുപക്ഷത്തായിരുന്നു. അതുകൊണ്ട് അറബികള്‍ക്കിടയില്‍ അവിടെയൊരു സംഘര്‍ഷം നിലനിന്നിരുന്നു.

അതായത് യമനിലെ രാജഭക്തരെ പിന്താങ്ങുന്ന സൗദിയിലെ ഏകാധിപത്യ ഭരണകൂടം ഒരു ഭാഗത്തും യമനിലെ പുരോഗമന ശക്തികളെ പിന്താങ്ങുന പുരോഗമനവാദികളായ ഈജിപ്ഷ്യന്‍ ഭരണകൂടം മറുഭാഗത്തുമായിരുന്നു. അന്ന് അമേരിക്ക രാജഭക്തര്‍ക്കാെപ്പമായിരുന്നു.

അതിനാല്‍ 1967 ലെ യുദ്ധത്തില്‍ ഈജിപ്ഷ്യന്‍ നേതാവായിരുന്ന നാസറിനെ ഇസ്രഈല്‍ പരാജയപ്പടുത്തിയപ്പോള്‍ അതിന്റെ പ്രയോജനം ലഭിച്ചത് ഇസ്രഈലിനു മാത്രമല്ല, മറിച്ച് സൗദിക്കു കൂടിയാണ്. കൂടാതെ സൗദിയുമായി ബന്ധപ്പെട്ട അമേരിക്കന്‍ എണ്ണക്കമ്പനികള്‍ക്കും അതുവഴി അമേരിക്കന്‍ ഗവണ്‍മെന്റിനും പ്രയോജനമുണ്ടായി.

അപ്പോള്‍ ഈ പ്രശ്‌നങ്ങളില്‍ മാധ്യമങ്ങള്‍ പൊതുവെ ഇസ്രഈലിന്റെ പക്ഷം പിടിക്കാനുള്ള ചില കാരണങ്ങള്‍ ഇതൊക്കെയാണ്.

മൈക്കല്‍ ആല്‍ബെര്‍ട്ട്: ഇത് ഒരല്‍പ്പം വ്യത്യസ്തമായ ഒരു ചോദ്യത്തിനുള്ള ഉത്തരമാണ്. എന്നാല്‍
ഞാന്‍ തേടുന്ന ഉത്തരം മറ്റൊന്നാണ്. തീര്‍ച്ചയായും, അത് താങ്കളുടെ തെറ്റല്ല. ഞാന്‍ ചോദിച്ച രീതിയിലുള്ള പിഴവാണത്. താങ്കള്‍ ഉത്തരം നല്‍കിയത് ഈ ചോദ്യത്തിനാണ് : ‘ എന്തുകൊണ്ടാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പക്ഷപാതപരമായ നിരൂപണം നടത്തുകയും കാപട്യത്താേടെ പെരുമാറുകയും ചെയ്യുന്നത് ? അതായത് വസ്തുതകള്‍ക്കപ്പുറം ഒരു പ്രത്യേക കാഴ്ചപ്പാടിനോട് ആഭിമുഖ്യം കാണിക്കുന്നത് എന്തുകൊണ്ട്?’

പക്ഷേ എനിക്ക് അറിയേണ്ടിയിരുന്നത് മറ്റൊന്നാണ് : ‘ പാശ്ചാത്യമാധ്യമങ്ങള്‍ പക്ഷപാതപരമായിട്ടാണ് ഇടപെടുന്നത് എന്ന് ആളുകള്‍ കരുതാന്‍ മാത്രം അവരുടെ റിപോര്‍ട്ടുകളില്‍ നിന്ന് എന്തൊക്കെ കാര്യങ്ങളാണ് നമുക്ക് കണ്ടെത്താന്‍ കഴിയുക ? അതായത് പക്ഷപാതിത്വത്തിന്റെ കാരണമെന്താണ് എന്നല്ല, മറിച്ച് അതിനുള്ള തെളിവ് എന്താണ് എന്ന്.

പാശ്ചാത്യ മാധ്യമങ്ങള്‍ ഇസ്രഈല്‍ – ഫലസ്തീന്‍ വിഷയങ്ങളില്‍ റിപോര്‍ട്ടുകള്‍ തയ്യാറാക്കുമ്പോള്‍ പക്ഷപാതപരമായും വസ്തുനിഷ്ഠമല്ലാതെയും കാപട്യത്തോടെയോ അതോ കാപട്യമില്ലാതെയോ ഒക്കെയാണ് കാര്യങ്ങളെ സമീപിക്കുന്നത് എന്നതിനുള്ള തെളിവെന്താണ്? ഇവിടെ കാപട്യം എന്നതിന്റെ വിപരീതപദം എന്താണെന്ന് പോലും എനിക്കറിയില്ല.

അതായത് താങ്കളുടെ ഉത്തരം പല വഴിക്കും വലിയ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. എന്നാല്‍ ഇവിടുത്തെ ചോദ്യം: ‘ എന്തെങ്കിലും തരത്തില്‍ താങ്കളതിനാേട് വിയോജിക്കുന്നുവെങ്കില്‍, എന്തുകൊണ്ടാണ് വിയോജിക്കുന്നത്?
താങ്കള്‍ക്ക് വിയോജിക്കാം കാരണം അത് സത്യസന്ധമായ വിയോജിപ്പാണ്. വാസ്തവത്തില്‍ മറുഭാഗം സത്യസന്ധരല്ല എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ താങ്കള്‍ക്ക് വിയോജിക്കാം.

ശരിക്കും എന്താണവിടെ നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ കാര്യമായ ശ്രമങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. കൃത്യമായും സത്യസന്ധമായും കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്യാനും അവര്‍ ശ്രമിക്കുന്നില്ല. അതായത് പശ്ചാത്യ മാധ്യമങ്ങള്‍ പക്ഷപാതികളും കപടന്‍മാരുമാണ് എന്ന വാദത്തില്‍ അവരോടുള്ള വസ്തുതാപരമായ വിയോജിപ്പുകള്‍ മാത്രമല്ല ഉള്ളത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അവര്‍ സത്യസന്ധമായിട്ടാണോ കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത് എന്നതിനെക്കുറിച്ചും, സംഭവങ്ങളുടെ സത്യാവസ്ത പുറത്തു കൊണ്ടുവരാനുതകും വിധം അവര്‍ കാര്യങ്ങളെ സമീപിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചെല്ലാമുള്ള വിയോജിപ്പു കൂടിയാണത്. ഇപ്പോള്‍ താങ്കള്‍ക്ക് കാര്യം വ്യക്തമാണ് എന്ന് കരുതുന്നു. ഇല്ലെങ്കില്‍ നമുക്ക് മറ്റു വിഷയങ്ങളിലേക്ക് പോകാം.

സ്റ്റീഫന്‍ ആര്‍. ഷാലോം: പലപ്പോഴും ഇസ്രഈല്‍ പടച്ചുവിടുന്ന ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ അംഗീകാരം നല്‍കുകയാണ് ചെയ്യുന്നത്. ഉദാഹരണമായി ഞാന്‍ മുകളില്‍ സൂചിപ്പിച്ചതുപോലെ ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ഇസ്രഈല്‍ വെസ്റ്റ് ബാങ്കിലേക്കും കിഴക്കന്‍ ജറൂസലേമിലേക്കും മാറ്റിപ്പാര്‍പ്പിച്ചു.

ഈ സെറ്റില്‍മെന്റുകള്‍ (അധിവാസസ്ഥലങ്ങള്‍) അവര്‍ നിര്‍മ്മിച്ചവയാണ്. അവിടെ തീവ്ര വലതു പക്ഷ ഭ്രാന്തന്‍മാര്‍ നിര്‍മ്മിച്ച കുറച്ച് സെറ്റില്‍മെന്റുകള്‍ വേറെയും ഉണ്ട്. എന്നാല്‍ അവ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് സെറ്റില്‍മെന്റുകള്‍ നിര്‍മ്മിക്കാന്‍ ഇസ്രഈല്‍ രാഷ്ട്രം തെരെഞ്ഞെടുത്ത പ്രദേശങ്ങളില്‍ അല്ല. കുടിയേറ്റത്തിന്റെ വേഗത കൂട്ടാന്‍ ഇസ്രഈല്‍ രാഷ്ട്രത്തെ പ്രോത്സാഹിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.

അതായത് ഇസ്രഈല്‍ രാഷ്ട്രം ഉദ്ദേശിക്കുന്നതിനേക്കാള്‍ വേഗത്തില്‍ കുടിയേറ്റം ശക്തമാക്കുക. ഈ സെറ്റില്‍മെന്റുകള്‍ക്കൊന്നും ഇസ്രഈല്‍ ഗവണ്‍മെന്റിന്റെ അനുമതിയില്ല. ഇസ്രഈല്‍ ഗവണ്‍മെന്റ് പറയുന്നത് ഈ സെറ്റില്‍മെന്റുകളെല്ലാം നിയമ വിരുദ്ധമാണ് എന്നാണ്.

പാശ്ചാത്യ മാധ്യമങ്ങള്‍ പൊതുവില്‍ ഉപയോഗിക്കുന്നതും ഇതേ ഭാഷ തന്നെയാണ്. പക്ഷേ അന്താരാഷ്ട്ര കോടതി പറയുന്നത് ഇസ്രഈല്‍ സെറ്റില്‍മെന്റുകളെല്ലാം നിയമവിരുദ്ധമാണ് എന്നാണ്. പ്രത്യേകിച്ച് ഇസ്രഈല്‍ ഗവണ്‍മെന്റിന്റെ അംഗീകാരമുള്ളവ പോലും നിയമവിരുദ്ധമാണ്. പക്ഷേ പാശ്ചാത്യമാധ്യമങ്ങള്‍ അവരുടെ റിപോര്‍ട്ടില്‍ പറയുക: ഇന്നയിന്ന കാര്യങ്ങളുടെ കാരണക്കാരായ ഇന്നയിന്നയാളുകള്‍ നിയമവിരുദ്ധമായ സെറ്റില്‍മെന്റുകളിലെ താമസക്കാരാണ് എന്ന രീതിയിലാണ്.

ഈ ഭ്രാന്തന്‍മാര്‍ കുറ്റകൃത്യങ്ങളിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവരാണെന്നത് ശരിതന്നെ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇസ്രഈല്‍ എന്ന രാഷ്ട്രം മൊത്തമായി നിയമ വിരുദ്ധ വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന വസ്തുത പാശ്ചാത്യ മാധ്യമങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുന്നു.

അത്തരം നിയമവിരുദ്ധ പ്രവൃത്തനങ്ങള്‍ക്ക് പലതരം ഉദാഹരണങ്ങള്‍ നിരത്താന്‍ നമുക്ക് സാധിക്കും. അതുകൊണ്ടാണ് ഫലസ്തീനികള്‍ ഇസ്രഈലിനെ അംഗീകരിക്കാന്‍ തയ്യാറല്ല എന്ന് കുറെ വര്‍ഷങ്ങളായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. പക്ഷേ ഇസ്രഈല്യര്‍ ഫലസ്തീനികളെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ അക്കാര്യം എവിടെയും പരാമര്‍ശിക്കപ്പെട്ടതായി കാണുന്നുമില്ല.

മൈക്കല്‍ ആല്‍ബര്‍ട്ട്: എനിക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ഒരു മാധ്യമ സ്ഥാപനത്തിന് സ്വന്തമായ നിലപാടെടുക്കാന്‍ സാധിക്കും. അതൊരു തെറ്റായ നിലപാടുമാകാം. എന്നാല്‍ അതാണ് സത്യം എന്ന് ശരിക്കും വിശ്വസിക്കുന്ന ആളുകളുണ്ട്. നേരെമറിച്ച്, മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും അത് കള്ളമാണ് എന്ന് ജനങ്ങള്‍ക്ക് മനസ്സിലാവുകയും ചെയ്യുന്നതാണ് മറ്റൊരു സ്ഥിതി വിശേഷം.

ഇവ രണ്ടിനുമിടയില്‍ വേറെയൊരു സാഹചര്യം കൂടിയുണ്ട്. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പടച്ചുവിടുന്നു, എന്നാല്‍ അതെഴുതുന്നവര്‍ക്കും, എഡിറ്റ് ചെയ്യുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെല്ലാം വാര്‍ത്ത തെറ്റാണെന്നു നിഷ്പ്രയാസം മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെങ്കിലും അവരത് ഒട്ടും കാര്യമാക്കുകയില്ല.

ഈ മൂന്ന് സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇവ തമ്മില്‍ സൂക്ഷ്മതലത്തില്‍ വ്യത്യാസങ്ങള്‍ കാണാനാകുമെങ്കിലും അവസാനം വാര്‍ത്തയുടെ കാര്യത്തില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാക്കുന്നില്ല. തീര്‍ച്ചയായും മുഖ്യ ലേഖനത്തിന്റെ ശരിക്കുള്ള ഉള്ളടക്കത്തില്‍ യാതൊരു മാറ്റവും വരുത്തുന്നില്ല, വാര്‍ത്ത വളച്ചൊടിക്കപ്പെടുന്നു. എന്നാല്‍ പ്രസ്തുത സാഹചര്യങ്ങളില്‍ ഏറ്റവും മോശമായത് ഏതാണ് എന്ന് എനിക്ക് നിശ്ചയമില്ല. പക്ഷേ വ്യത്യാസങള്‍ നിലനില്‍ക്കുന്നു എന്നത് വസ്തുതയാണ്. എങ്കിലും വളച്ചൊടിക്കപ്പെട്ട ഈ വാര്‍ത്തകള്‍ ആളുകളുടെ വ്യക്തിപരമായ വ്യവഹാരങ്ങളില്‍ വരെ കടന്ന് വരുന്നു.

ഉദാഹരണത്തിന് താങ്കള്‍ ഒരു ബന്ധുവുമായി ഇസ്രഈലിനെക്കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുകയാണെന്ന് കരുതുക. അയാള്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ തെറ്റായിരുന്നു. താങ്കള്‍ പ്രസ്തുത സാഹചര്യത്തെക്കുറിച്ച് ശാന്തമായ ഒരു വിശകലനം അയാള്‍ക്ക് മുമ്പില്‍ വെക്കുന്നു. അതായത് വലിയൊരു വിഭാഗം ജനങ്ങളുടെ ക്ഷേമം, അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് അയാള്‍ വിസ്മരിക്കുന്നു എന്ന് അയാളെ ബോധ്യപ്പെടുത്തുന്നു. ആ വ്യക്തി സാധാരണഗതിയില്‍ ഒരിക്കലും പ്രകടിപ്പിക്കാത്ത ആശങ്കകള്‍ അയാളുമായി പങ്കു വെക്കുന്നു. അദ്ദേഹത്തിന് അനുഭവപ്പെടുകയോ, മനസ്സിലാവുകയോ, കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലാത്ത വശങ്ങള്‍ മനസ്സിലാക്കി കൊടുക്കുന്നു.

ശരിക്കും ഇത്തരമൊരു സാഹചര്യം എങ്ങനെയുണ്ടാകുന്നു എന്നത് മനസ്സിലാക്കാന്‍ പ്രയാസമാണ്. എങ്ങനെയാണ് ഇത്രയും വിവേകശാലിയും കരുതലുമുള്ള ഒരു വ്യക്തി സാധാരണ ഗതിയില്‍ മുറുകെപ്പിടിക്കുന്ന നിലപാടുകള്‍ക്ക് കടക വിരുദ്ധമായിട്ടുള്ള നിലപാടുകളും കാഴ്ചപ്പാട്ടുകളും മുന്നോട്ട് വെക്കുന്നത് ? നമുക്ക് മറ്റു കാര്യങ്ങളിലേക്ക് കടക്കാം. പക്ഷേ നിലവിലെ സാഹചര്യമനുസരിച്ച് നമ്മള്‍ ഇതിനെക്കുറിച്ചെല്ലാം വിലയിരുത്തുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൂടി ശ്രദ്ധയില്‍ കാെണ്ടുവരണം എന്ന് ഞാന്‍ കരുതുന്നു.

സ്റ്റീഫന്‍ ആര്‍. ഷാലോം: ഇസ്രഈല്‍ വിമര്‍ശകര്‍ വളരേക്കാലമായി നേരിടുന്ന ഒരു പ്രശ്‌നമാണ് അവരുടെ എതിരാളികള്‍ അവര്‍ക്കെതിരില്‍ യഹൂദവിരോധം(Anti-semitism) ആരോപിക്കുന്നു എന്നത്. ഇത് വളരെ ശക്തമായ ഒരു ആരോപണമാണ്. യഹൂദവിരോധത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ആരും തന്നെ അത്തരം ഒരു ആരോപണത്തിന് വിധേയരാവാന്‍ ആഗ്രഹിക്കുകയില്ല. ഇടതുപക്ഷത്തിനെതിരെയുള്ള യഹൂദവിരോധത്തിന്റ ചരിത്രം പരിശോധിച്ചാലും കാര്യങ്ങള്‍ വ്യത്യസ്തമല്ല.

അതിനാല്‍ ഇസ്രായേലിനെ വിമര്‍ശിക്കാന്‍ ആളുകള്‍ പലപ്പോഴും മടി കാണിക്കുന്നു. കാരണം അവരുടെമേല്‍ യഹൂദവിരുദ്ധ ചാപ്പ വീഴാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.

അവിടെയാണ് ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ജൂത സംഘടനകളുടെ പ്രാധാന്യം. കാരണം അവര്‍ക്കെതിരില്‍ യഹൂദവിരുദ്ധത ആരോപിക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ പകരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നോം ചോംസ്‌കി പറഞ്ഞതുപോലെ ഇത്തരം ആളുകളോടുള്ള പ്രതികരണം ഇപ്രകാരമാണ് , ‘ശരി , താങ്കള്‍ ഒരു യഹൂദവിരോധിയല്ല, പക്ഷേ സ്വയം വെറുക്കുന്ന ഒരു ജൂതനാണ്. ‘

എന്നാല്‍ ഇപ്പോള്‍ ചിലയാളുകള്‍ (ജൂതന്‍മാര്‍)അത്തരം ആക്രമണങ്ങള്‍ നേരിടാന്‍ തയ്യാറാവുകയും ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാനും അവര്‍ക്ക് പിന്തുണ നല്‍കാനും മുന്നോട്ട് വരികയും ചെയ്തു. അതവരെ വളരെയധികം സമ്മര്‍ദ്ദത്തിലാക്കി. ഇത് മറ്റൊരു ഘടകമാണന്ന് ഞാന്‍ കരുതുന്നു.

മൈക്കല്‍ ആല്‍ബെര്‍ട്ട്: അതൊരു ഘടകമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ സമുദായ ഭ്രഷ്ട് പേടിച്ചിട്ടാണത് എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല. ബഹിഷ്‌ക്കരണ ഭയത്തേക്കാള്‍ അംഗീകരിക്കപ്പെടാനുള്ള (തങ്ങള്‍ ഉള്‍ക്കൊള്ളപ്പെടാനുള്ള ) അഭിനിവേശമാണ് കാരണം എന്ന് പറയുന്നതാവും കൂടുതല്‍ ശരി.

ഇവരണ്ടും തമ്മില്‍ നേരിയ വ്യത്യാസമുണ്ട്. ചോംസ്‌കി പറയുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞാല്‍ ഒരുവശത്ത് എന്നെ ബഹിഷ്‌കരിക്കും. ചുരുക്കത്തില്‍ ഞാന്‍ സമുദായത്തിന്റെ ഭാഗമല്ലാതായി മാറും. പക്ഷേ അതിനെക്കുറിച്ച് വേറെയും കാര്യങ്ങള്‍ പറയാനുണ്ട്. എന്നാല്‍ ബഹിഷ്‌കരിക്കപ്പെടും എന്ന ഭയത്തേക്കാള്‍ കൂടുതല്‍ സമുദായത്തിന്റെ ഭാഗമായി നിലകൊള്ളാനുള്ള അതിയായ ആഗ്രഹമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത് എന്നാണ് ഞാന്‍ സംശയിക്കുന്നത്.

സ്റ്റീഫന്‍ ആര്‍. ഷാലോം: ഉദാഹരണത്തിന് ഹാര്‍വാര്‍ഡിലുള്ള ധാരാളമാളുകള്‍ ഇത്തരം സംഘടനകളുടെ ഭാഗമാവുകയും, എന്റെ അഭിപ്രായത്തില്‍ മോശം പദപ്രയോഗങ്ങളോടെ ഇസ്രഈലിനെ വിമര്‍ശിക്കുന്നതും, ഹമാസിനെ വളരെയധികം പിന്തുണക്കുന്നതുമായ ഒരു പ്രസ്താവനയില്‍ ഒപ്പുവെച്ചു. എന്നാല്‍ അതിന്റെ ഫലമായി ഈ സംഘടനകളില്‍ അംഗങ്ങളായവരുടെ പേരുകള്‍ക്കൊപ്പം വലിയ ഒപ്പുകളും പ്രദര്‍ശിപ്പിച്ചു കൊണ്ട് ട്രക്കുകള്‍ റോന്തുചുറ്റി.

അവരുടെ ജോലികള്‍ നഷ്ടപ്പെടാനും അവര്‍ക്ക് ലഭിച്ച ജോലി വാഗ്ദാനങ്ങള്‍ റദ്ദു ചെയ്യപ്പെടാനും ഉദ്ദേശിച്ചായിരുന്നു ഇത്.
ഇനി പറയൂ , ഇവിടെ പ്രവര്‍ത്തിക്കുന്നത് ഉപദ്രവിക്കപ്പെടുമെന്ന ഭീതിയോ അതോ തങ്ങളെ ഉള്‍ക്കൊളളുകയില്ലെന്ന ഭയമോ?

മൈക്കല്‍ ആല്‍ബര്‍ട്ട്: തീര്‍ച്ചയായും ഉപദ്രവിക്കപ്പെടുമെന്ന ഭയമാണത്. ഇത് ഇസ്രഈലിന്റെ ഭീഷണിക്കുള്ള വളരെ നല്ല ഒരു ഉദാഹരണമാണ്. ആ ഭീഷണി ഒഴിവാക്കാനാണ് ആളുകള്‍ ശ്രമിക്കുന്നത്. ഫലസ്തീന്‍ അനുകൂലികളായിരുന്ന പല ആളുകളും ഹമാസ് ആക്രമണത്തിന് ശേഷം പെട്ടെന്ന് തങ്ങളുടെ ഫലസ്തീന്‍ അനുകൂല നിലപാട് യഹൂദവിരുദ്ധതയായി കണക്കാക്കുകയും അത് പിന്‍വലിക്കുകയും ചെയ്തു എന്നിങ്ങനെയുള്ള കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ, അവരിത് ചെയ്യുന്നത് ആക്രമിക്കപ്പെടാതിരിക്കാന്‍ വേണ്ടിത്തന്നെയാണോ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഞാനങ്ങനെ കരുതുന്നില്ല. പറയത്തക്ക അപകടം ഇതിലുണ്ടാേ? അതിനേക്കാള്‍ ഇസ്രഈലിനെ പിന്തുണക്കുന്നവര്‍ എന്ന ഗണത്തില്‍പ്പെടാനുള്ള അവരുടെ തത്രപ്പാടാണോ കാരണം? ഈ ചാേദ്യം വളരെ പ്രധാനമാണ് എന്ന് ഞാന്‍ കരുതുന്നു.

ഇടതുപക്ഷക്കാരായ ആക്ടിവിസ്റ്റുകളെ സംബന്ധിച്ചും അവിടുത്തെ യഥാര്‍ത്ഥ സാഹചര്യത്തെക്കുറിച്ച് പറയാന്‍ ശ്രമിക്കുന്ന, അത് മറ്റുള്ളവര്‍ കേള്‍ക്കണം എന്ന് കരുതുന്ന ചിലരെ സംബന്ധിച്ചും പ്രധാനപ്പെട്ട ഒന്നാണിത്. അവര്‍ സംസാരിക്കുക തന്നെ വേണം. എന്നാല്‍ സംസാരിക്കുമ്പോള്‍ അതിന്റെ പരിണിത ഫലത്തെക്കുറിച്ചു ചിന്തിക്കാതെ സത്യമെന്താണെന്ന് വെറുതെ വിളിച്ച് പറയുന്നതിന് പകരം അര്‍ത്ഥവത്തായ ഒരു സംഭാഷണം സാധ്യമാകും വിധം എന്തു പറയണമെന്നതിനെ സ്വാധീനിക്കാന്‍ അതിന് കഴിഞ്ഞേക്കാം.

സ്റ്റീഫന്‍ ആര്‍. ഷാലോം: ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരില്‍, പ്രസ്തുത സംഭവ വികാസങ്ങള്‍ക്ക് ശേഷം പിന്തുണ പിന്‍വലിച്ചവര്‍ അധികമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്റെ അറിവില്‍ ‘ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ്’ ല്‍ അംഗമായ ഒരാള്‍പോലും (ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ജൂത സംഘടന) തന്റെ അംഗത്വം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഇമെയില്‍ അയച്ചിട്ടില്ല. എന്നാല്‍ ചിലയാളുകള്‍ പല ഗ്രൂപ്പുകളും ആസൂത്രണം ചെയ്ത വിവിധ പദ്ധതികളെ എതിര്‍ക്കുകയും പ്രസ്തുത ഗ്രൂപ്പുകളുമായുള്ള തങ്ങളുടെ ബന്ധം പലപ്പോഴും വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇത്തരം കേസുകളിലൊന്നും ഫലസ്തീനികളുടെ പ്രശ്‌നത്തെ അവര്‍ അവഗണിച്ചു എന്നതിന് യാതൊരു തെളിവും എന്റെ പക്കലില്ല.

തുടരും…

content highlights; The right of Palestine and Israel to self-defense

മൈക്കല്‍ ആല്‍ബര്‍ട്ട്
Host of the podcast Revolution Z, part of znetwork.org