ജ്യൂസും മുസ്‌ലിങ്ങളും നാദാപുരവും | ഡോ. പി.കെ. യാസർ അറഫാത്ത്
Discourse
ജ്യൂസും മുസ്‌ലിങ്ങളും നാദാപുരവും | ഡോ. പി.കെ. യാസർ അറഫാത്ത്
ഡോ. പി.കെ. യാസര്‍ അറഫാത്ത്
Saturday, 22nd August 2020, 5:15 pm

 

പ്രവാസി ജീവിതത്തിലേക്ക് മലബാറില്‍ നിന്ന് ആദ്യമായി ഇറങ്ങിയ പ്രദേശങ്ങളിലൊന്ന് നാദാപുരമാണ്. നൂറ്റാണ്ടിന്റെ അവസാനത്തോടെ ബര്‍മയിലേക്കും, സിംഗപ്പൂരിലേക്കും, സിലോണിലേക്കും, ജാവയിലേക്കും ജോലിയാവശ്യത്തിന് വേണ്ടി പോയവരെ പിന്തുടര്‍ന്നവരായിരുന്നു എഴുപതുകളില്‍ ഇവിടെയുണ്ടായിട്ടുള്ള ഗള്‍ഫ് പ്രവാസികള്‍.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തെക്കു-കിഴക്കന്‍ രാജ്യങ്ങളില്‍ വടക്കന്‍ മലബാറില്‍നിന്നുള്ളവരെ ‘കാക്കമാര്‍; എന്നാണ് ബ്രിട്ടീഷ് രേഖകള്‍ സൂചിപ്പിച്ചതെങ്കില്‍, എഴുപതുകള്‍ മുതല്‍ അവര്‍ ‘ഗള്‍ഫനും’, ‘ദുബൈക്കാരനും ‘പേര്‍ഷ്യക്കാരനു”മൊക്കെയായി മാറി. പാട്ടുകളുണ്ടായി- ‘ബര്‍മപ്പാട്ടുകളും ‘ദുബായ് പാട്ടുകളും അവരുടെ ജീവിതത്തെ വരച്ചുകാട്ടി. ‘ഗള്‍ഫ്കാരനാവുക’ എന്നത് മാപ്പിള ആണത്വത്തിന്റെ (Mappila masculinity) അവിഭാജ്യ ഘടകമായി മാറി. ”എകെരേള്ള” (ഉയരമുള്ള), ചെരിപ്പ്, ഫില്‍റ്റര്‍ സിഗരറ്റ്, ബ്രൂട്ട് സ്‌പ്രൈ, റാഡോ വാച്ചുകള്‍, ഇരട്ടക്കര പോളിസ്റ്റര്‍ മുണ്ടുകള്‍ തുടങ്ങിയവ പ്രവാസി ആണത്വത്തിന്റെയും (pravasi masculinity) ചിഹ്നങ്ങളായി മാറി.

നാദാപുരത്തുനിന്നുമുള്ള ആദ്യകാല പ്രവാസികളിലെ ഭൂരിപക്ഷം പേരും ചെറുകിട തൊഴിലുകളില്‍ തന്നെയാണ് തുടങ്ങിയത്. ലേബര്‍ ക്യാമ്പുകളുമായി ബന്ധപ്പെട്ടിട്ടുള്ള ചെറുകിട കച്ചവടങ്ങള്‍, ഡ്രൈവിങ്, വീട്ടുജോലി,” ഓഫീസ് ബോയ്” തുടങ്ങിയ ജോലികളില്‍ ഏര്‍പെട്ടവര്‍ മലബാറിന്റെ എക്കണോമിയിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിത്തുടങ്ങി. 80 കളോടെ അവരില്‍ പലരും ചെറുകിട സംരഭകരായി മാറുകയും, പലരും കച്ചവടവുമായി അറബ് ഗ്രാമങ്ങളില്‍ പോലും എത്തുകയും ചെയ്യുന്ന അവസ്ഥയാവുന്നു.

 

ഇതേ കാലഘട്ടത്തിലാണ് ‘ഒരാള്‍ക്ക് ഒരു ജോലി’ എന്ന നാട്ടുനടപ്പ് പ്രവാസികളില്‍ വലിയൊരു ഭൂരിപക്ഷം ഉപേക്ഷിക്കുന്നതും, ‘പല സമയം, പലജോലികള്‍’ എന്ന രീതിയില്‍ കാര്യങ്ങള്‍ മാറുകയും ചെയ്യുന്നത്. രാവിലെ ‘ഓഫീസ് ബോയ് ജോലി’, ഉച്ചക്കുശേഷം ‘ഡെലിവറി ബോയ്’ വൈകീട്ട് സെയില്‍സ്മാന്‍ തുടങ്ങി, വരുമാനത്തിനെ പല രീതിയില്‍ കണ്ടെത്തുന്ന പ്രവാസികളുടെ എണ്ണം കൂടുകയായിരുന്നു.

പ്രവാസി ജീവിതത്തിന്റെ ഏറ്റവും തീവ്രമായ ഒരു സമയമായിരുന്നു ഈ കാലഘട്ടം എന്ന് പറയാം. ഈ കാലഘട്ടത്തിനെയാണ് ആദ്യകാല കത്തുപാട്ടുകള്‍ വരച്ചുവെച്ചത്. ഈ കാര്യങ്ങളില്‍ ചിലത് ഒരു ഗവേഷണ പ്രബന്ധത്തില്‍ ഞാന്‍ തന്നെ മുന്‍പേ പറഞ്ഞിട്ടുണ്ട്.

ഇതേകാലഘട്ടത്തിലാണ് ‘പാനാസോണിക് വിപ്ലവം’ എന്ന് ഞാന്‍ വിശേഷിപ്പിക്കാന്‍ ശ്രമിച്ച ഒരു ഇലക്ട്രോണിക്/ഇലക്ട്രിക്കല്‍ വിപ്ലവം ഗള്‍ഫ് മേഖലയില്‍ നടക്കുന്നത്. ജാപ്പനീസ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രിക്കല്‍ കമ്പനികള്‍ ഗള്‍ഫിലെ ഗൃഹോപകരണ മാര്‍ക്കറ്റ് പിടിച്ചടക്കുന്ന പ്രക്രിയ 80 കള്‍ ആവുന്നതോടെ പൂര്‍ത്തിയാവുന്നു. തുരപ്പ്, അലക്ക്, അരപ്പ്, തുടങ്ങിയ കാര്യങ്ങളില്‍ പൂര്‍ണ്ണമായ യന്ത്രവല്‍ക്കരണം നടക്കുന്നതോടെ, ഗള്‍ഫിലെ ഭക്ഷണ രീതിയിലും കാര്യമായ മാറ്റങ്ങള്‍ വരാന്‍ തുടങ്ങി.

അതോടുകൂടി എണ്ണപണത്തിന്റെ സമ്പന്നതയിലേക്ക്, പുതിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടി എത്തുകയായിരുന്നു. ലോകത്തില്‍ ഉല്പാദിപ്പിക്കുന്ന എല്ലാത്തരത്തിലുള്ള പഴവര്‍ഗങ്ങളും ഗള്‍ഫിലേക്ക് വരാന്‍ മത്സരിക്കുകയായിരുന്നു ഈ സമയത് എന്ന് കാണാം.

അറേബ്യന്‍ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമായ ഷര്‍ബത്തില്‍നിന്ന്, ജ്യൂസിലേക്കും ശൈക്കിലേക്കുമുള്ള മാറ്റം നടക്കുന്നത്, ഇന്ന് കാണുന്ന രൂപത്തിലുള്ള ജ്യൂസുകള്‍ അറബികളുടെയും, പ്രവാസികളുടെയും ജീവിതത്തിന്റെ ഭാഗമാകുന്നത് ഈ ”പാനാസോണിക് വിപ്ലവത്തോടെയാണ്” എന്ന് അനുമാനിക്കാം.

അതായത് പാനാസോണിക് വിപ്ലവത്തിന്റെ കൂടെത്തന്നെ, ഒരുതരത്തിലുള്ള ആഹാര മാറ്റവും (dietary transition) നടക്കുകയായിരുന്നു ഗൾഫു രാജ്യങ്ങളിൽ എന്ന് കാണാം . ഈത്തപ്പഴവും, മറ്റ് ചുരുങ്ങിയ പഴങ്ങളും ഭക്ഷണത്തിന്റെ ഭാഗമായിരുന്ന ഒരു പ്രദേശത്ത് പുതിയൊരു പഴഭോഗ സംസ്കാരം ഉയർന്നു വന്നപ്പോൾ അതിന്റെ കച്ചവട സാധ്യതകളെ മലബാറിൽ നിന്നുള്ള പ്രവാസികൾ തിരിച്ചറിയുന്നത് ഈ കാലഘട്ടത്തിലാണ് എന്ന് കാണാൻ കഴിയും.

ഇലൿട്രോണിക്/ഇലക്ട്രിക്കൽ  വിപ്ലവവും, ഭക്ഷണ വിപ്ലവവും തുറന്നു കൊടുത്ത അവസരങ്ങളിലേക്ക്  മലബാർ പ്രവാസികൾ, പ്രത്യേകിച് മാപ്പിളമാർ, സംരഭകരായി മാറുന്നു ഇതോടുകൂടി. പല ജോലിയുള്ളവരുടെ ഒരു ജോലി, ജ്യൂസ്കടകൾ/റെസ്റ്റോറന്റ്/ ഹോട്ടലുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാകുന്നു. ഒരു ജോലി മാത്രമുള്ളവർ ഈ സ്ഥാപനങ്ങളിൽ നിക്ഷേപകരാവുന്നു. ഇതുമായി ബന്ധപ്പെട്ടു ആയിരക്കണക്കിന് വിസകൾ ഉണ്ടാവുന്നു, മലബാറിൽ നിന്നു ജ്യൂസുകടകളിലേക്കും റെസ്റ്റോറന്റിലേക്കും വലിയ വിദ്യാഭ്യാസം നേടാൻ സാഹചര്യങ്ങൾ അനുവദിക്കാത്ത ചെറുപ്പക്കാരുടെ കുത്തൊഴുക്കുന്നുണ്ടാവുന്നതും ഈ കാലഘട്ടത്തിൽത്തന്നെ.

അതായത് ഞാൻ Age of Pravasi എന്ന് വിളിച്ച 70-90കാലയളവിൽ മലബാറിലേക്ക് വന്ന മാപ്പിള റെമിറ്റൻസ്ന്റെ (Mappila Remittance) വലിയൊരു ഭാഗം ഈ സംരഭങ്ങളിൽ നിന്നാണ് വന്നത്. അങ്ങിനെ,  ഗൾഫിനെയും-നാദാപുരത്തിനെയും ബന്ധപ്പെടുത്തി നിർത്തിയ ഒരു “ജ്യൂസ് ഇക്കണോമി” (juice economy) വളർന്നു വരികയായിരുന്നു ഈ കാലഘട്ടത്തിൽ എന്ന് കാണാം.

ഈ ജ്യൂസ് എക്കണോമിയുടെ ഭാഗമായുള്ള, ജ്യൂസ് സംരംഭകർ (juice entrepreneurs),  ഇല്ലാത്ത ഏതെങ്കിലും ഒരു ഗ്രാമം ഈ പ്രദേശത്തു ഉണ്ടായിട്ടില്ല എന്ന് പറയാം (“ജ്യൂസ് ഇക്കോണമി” എന്ന് ഞാൻ ഉദ്ദേശിക്കുന്ന കാറ്റഗറിയിൽ, ചെറുകിട ഹോട്ടലുകാർ, റസ്റ്റോറന്റുകൾ, കാറ്ററിംഗ് സർവിസുകൾ, പഴവർഗ്ഗങ്ങൾ ഡെലിവറി ചെയ്യുന്നവർ, സെയിൽസ് ബോയ്സ്, മാനേജർസ്, ഡ്രൈവർമാർ, ഗ്രോസറി കടകൾ, പാൻ/ മുറുക്കാൻ/ സിഗരറ്റ് കടകൾ തുടങ്ങി ജ്യൂസുൽപാദനം, ഉപഭോഗം, വിതരണം   എന്നിവയുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവരെയെല്ലാം ഉൾപ്പെടുത്താൻ പറ്റുന്നതാണ്).

ചുരുക്കത്തിൽ 16നൂറ്റാണ്ട് വരെ ഇന്ത്യൻ സമുദ്രത്തിലെ മുസ്ലിം വ്യാപാരങ്ങളെ നിയന്ത്രിച്ചിരുന്നത് “കുരുമുളകിന്റെ ഇക്കോണമി (Pepper Economy) ആയിരുന്നെങ്കിൽ, കുമുളകിന്റെ മൂലധനമായിരുന്നെങ്കിൽ (Pepper Capital), എഴുപതുകളിൽ പ്രവാസജീവിതത്തിന്റെ ആദ്യ മൂന്ന് ദശകങ്ങളിൽ നാദാപുരത്തെ, വിശിഷ്യാ മുസ്ലിങ്ങളുടെ ജീവിതം നിർണ്ണയിക്കുന്നതിൽ ഈ ജ്യൂസ് മൂലധനം (Juice Capital) വളരെ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ടു എന്ന് കാണാൻ കഴിയും. അക്ഷരാർത്ഥത്തിൽ നൂറുകണക്കിന് പേരാണ് നാദാപുരം മേഖലയിലെ ഓരോ പഞ്ചായത്തിൽനിന്നും “ജ്യൂസ് ഇക്കോണമിയുടെ ഭാഗമായി ഗൾഫിലേക്കെത്തുന്നത്.

പ്രദേശത്തെ ഓലമേഞ്ഞ വീടുകൾ ഓടാവുന്നതും, ചാണകവും, വെണ്ണീറും. ചിരട്ടക്കനലും കുഴച്ചു പാകിയ തറകളിലേക്കു ചുവന്ന മിനുസമുള്ള സിമന്റു-കുമ്മായങ്ങൾ വരുന്നതും, ഓരോ വീട്ടിലും കുളിമുറികളും ശൗചാലയങ്ങളും ഉണ്ടാകുന്നതും, സൽക്കാരങ്ങളിലെ വെള്ളരിക്കറി-കാളയിറച്ചി- നെയ്‌ച്ചോർ കോമ്പിനേഷൻ ബിരിയാണിയിലേക്കു വഴിമാറുന്നതും, ആവശ്യമായ പ്രോടീനുകളും മറ്റും മിനറൽസും എല്ലാവരുടെയും ശരീരത്തിലേക്കെത്തുന്നതും, ജനങ്ങളുടെ ആയുർദൈർഘ്യം കൂട്ടുന്നതും, ആധുനിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഉണ്ടാകുന്നതും, പുതിയ മദ്രസകളും പള്ളികളും ഉണ്ടാവുന്നതും, നാട്ടുപ്രമാണികളുടെ ശക്തി കുറയുന്നതും, മുസ്ലിംകളിലെ ദുർബ്ബല വിഭാഗങ്ങൾ ആത്മവിശ്വാസമുള്ളവരാകുന്നതും ഈ ജ്യൂസ് ഇക്കോണമി വികസിക്കുന്നതോടു കൂടിയാണ് എന്ന് കാണാൻ കഴിയും.

വടക്കേ മലബാറിലെ, പ്രത്യേകിച്ച് കണ്ണൂർ-കോഴിക്കോട് ഭാഗത്തെ തീയ്യ സമുദായനത്തിന്റെ സാമൂഹ്യ പുരോഗതിയിൽ ബേക്കറികളും ചായക്കടകളും നടത്തിയ ചലനങ്ങൾ തന്നെയാണ് മാപ്പിളമാരുടെ കാര്യത്തിൽ ജ്യൂസ് മൂലധനവും (Juice Capital) ചെയ്തത് എന്ന് പറയാം.

തുടർന്ന് എഴുപതുകളിലെ മാപ്പിള മൊബിലിറ്റിയെ (Mappila Mobility) ഏറ്റവും നന്നായി പ്രകടിപ്പിച്ച, നാഷണൽ പാനസോണിക്കിന്റെ ടേപ്പ്റിക്കോർഡറും, പ്രവാസികൾ സമ്മാനങ്ങളായി കൈമാറിയിരുന്ന ജന്നാത്തുൽ ഫിർദൗസിന്റെ അത്തറും, ടൈഗർ ബാമും, നിസ്കാരമുസല്ലയും, മറ്റും, ജ്യൂസ് ക്യാപിറ്റൽ ശക്തി പ്രാപിക്കുന്നത് കൂടി നെയ്‌മീനിലൂടെയും, ബൈക്കുകളിലൂടെയും, കോൺഗ്രീറ്റ് വീടുകളിലൂടെയും പുറത്തുവരാൻ തുടങ്ങി.

പിന്നീട് അവ സാങ്കേതിക സ്ഥാപനങ്ങളായും, കോളേജുകളായും, ആരോഗ്യ സ്ഥാപനങ്ങളായും മാറുന്നതും ഈ പ്രദേശം കണ്ടു.  ചുരുക്കത്തിൽ, നാദാപുരത്തുനിന്നുള്ള ഒന്ന്-രണ്ടു തലമുറ  പ്രവാസികൾ മറ്റു പലജോലികളിലും ഏർപ്പെട്ടെങ്കിലും, അവരിലെ വലിയൊരു വിഭാഗം നേരിട്ടും അല്ലാതെയും ഏർപ്പെടുകയും, പ്രദേശത്തെ ഗ്രാമങ്ങളിൽ കാര്യമായ സാമ്പത്തിക-സാമൂഹ്യ ചലനങ്ങൾ ഉണ്ടാക്കിയത് ‘ജ്യൂസ്-ഇക്കണോമി”യുടെ ഭാഗമായിട്ടുള്ള സംരംഭകരും അവരുടെ തൊഴിലാളികളും തന്നെയായിരുന്നു. ചുരുക്കത്തിൽ, വിദ്യാഭ്യാസ പരമായി പിന്നോട്ട്നിന്നിരുന്ന മാപ്പിളമാരുടെ സാമൂഹ്യ-സാമ്പത്തിക ത്വരകങ്ങളായി പ്രവർത്തിച്ചിരുന്ന, ജോർദ്ദാൻ മുതൽ ഒമാൻ വരെ നീണ്ടുകിടന്നിരുന്ന മാപ്പിള സംരംഭക ശൃംഖലയിൽ, ജ്യൂസ് ക്യാപിറ്റലിനുള്ള സ്വാധീനം വളരെ ആഴത്തിലുള്ളതാണ് എന്ന് കാണാൻ കഴിയും.

ഇതിന്റെ കൂടെ ചേർത്തുവായിക്കേണ്ടുന്ന വേറെ ഒരുകാര്യമുണ്ട്. ചരിത്ര കാരന്മാരായ, ജോർജ് സാലിബ, പീറ്റർ പോർമാൻ, മിരി ഷെഫെർ, തുടങ്ങിയവർ പങ്കിടുന്ന ഒരഭിപ്രായമാണത്. ഒരു മത-സംരംഭക(religio-entrepreneur) സമൂഹമെന്ന നിലയിൽ സാങ്കേതിക വിദ്യയുടെ സാധ്യതകളെ ഏറ്റവും കാര്യക്ഷമമായി ഉപോയോഗിച്ചവരിൽ ഇന്ത്യൻ സമുദ്രതീരത്തുള്ള മുസ്ലിം വ്യാപാരികളും ഉണ്ടായിരുന്നു എന്നതാണ് ഇത്.

ഡിഅനീസ്യസ് ഏജിയസ്‌ ചൂണ്ടിക്കാണിച്ചത് പോലെ ഇത് ഏറ്റവും പ്രകടമാവുന്നത് കപ്പൽ നിർമ്മാണ വിദ്യയിയിലും കപ്പൽ വ്യാപാരത്തിലുമാണ്. (“ചൈനയിൽ പോയി അറിവ് നേടുക” എന്ന് പ്രവാചകകൻ പറയുമ്പോൾ, ചൈന ലോകത്തിനു മുൻപിൽ അന്ന് വിളംബരം ചെയ്ത അറിവ് അറിവ് മേഖലകളിലാണ് ‘സാങ്കേതിക വിദ്യകളാണ്” എന്ന കാര്യവും ഇപ്പോൾ ഓർക്കുകയാണ്).

70-80കളിലെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളോടു ചേർന്നുകൊണ്ടു, ഒരു സൂക്ഷ്‌മ സാമ്പത്തിക വ്യവസ്ഥ ഉണ്ടാക്കിയ നാദാപുരത്തെ മാപ്പിള പ്രവാസികളുടെ കാര്യക്ഷമതക്ക് നീണ്ട ഒരു ചരിത്രമുണ്ട് എന്ന് കാണിക്കാനാണ് ഇത് പറയുന്നത്. ഇന്ത്യൻ സമുദ്ര വ്യാപാരവുമായി ഈ പ്രദേശത്തുള്ളവർക്കു  പതിനാറാം നൂറ്റാണ്ടിൽ തന്നെ ബന്ധമുണ്ടായിരുന്നു എന്ന് ആ കാലഘട്ടത്തിൽ തന്നെ എഴുതപ്പെട്ട “തുഹ്ഫത്തുൽ മുജാഹിദീൻ” തുടങ്ങിയ ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ചുരുക്കത്തിൽ, ജ്യൂസ് കാപിറ്റൽ (Juice Capital), ജ്യൂസ് റെമിറ്റൻസ് (remittance), തുടങ്ങിയവ നാദാപുരത്തെ മാപ്പിളമാരുടെയും, തുടർന്ന് മറ്റു സമുദായങ്ങളുടെയും ജീവിതത്തെ നിർണ്ണയിക്കുന്നത്, 70കളുടെ അവസാനത്തിൽ ആദ്യകാല പ്രവാസികൾ ഗൾഫിൽ നടന്ന ഇലക്ട്രോണിക്/ഇലക്ട്രിക്കൽ വിപ്ലവത്തിന്റെ ഓരം ചേർന്ന് നടന്ന്, അതിന്റെ സാധ്യതകളെ മനസ്സിലാക്കുന്നതോടു കൂടിയാണ് എന്ന് സാരം (അപ്പോൾ ജ്യൂസ് ഒരു ചെറിയ പാനീയമല്ല എന്ന് പറയാം).

ആദ്യ രണ്ടു തലമുറയിലെ പ്രവാസികൾ നിർമിച്ച “ജ്യൂസ് ഇക്കോണമി” എന്ന് വിളിക്കാൻ സാധിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥയിൽ നാദാപുരം ഒരു അപവാദമല്ല. ചാവക്കാട്, കാസർഗോഡ്, കൊടുവള്ളി, തുടങ്ങിയ നിരവധി പ്രദേശങ്ങളിലെ ആദ്യകാല പ്രവാസികളും ഈ ജ്യൂസ് ഇക്കോണമിയുടെ ഭാഗമായിരുന്നു എന്ന് കാണാം. എന്നാൽ  നാദാപുരത്തിനെ വ്യത്യസ്തമാക്കുന്ന ഒരു കാര്യമുണ്ട്. ജ്യൂസ് ഇക്കോണമിയുടെ ഭാഗമായുള്ള ആദ്യകാല പ്രവാസികൾ വിദ്യാഭ്യാസ രംഗത്ത് ഈ നാട്ടിൽ നടത്തിയ നടത്തിയ നിക്ഷേപങ്ങളാണ് ആ മാറ്റം. സോഷ്യൽ മൊബിലിറ്റി സിദ്ധാന്തങ്ങൾ പ്രകാരം, അത് മാപ്പിളമാരെയും കടന്ന് എല്ലാ മത-ജാതി സമൂഹങ്ങളിലും ഇപ്പോൾ എത്തിനിൽക്കുന്നതായ് കാണാം.

ഇന്ന് ഈ പ്രദേശത്ത് നിന്ന്, നൂറോളം വിദ്യാർത്ഥികൾ വിവിധ കേന്ദ്ര സർവ്വകലാശാലകളിൽ പഠിക്കുന്നതും, ഗവേഷകരായും, അധ്യാപകരായും മറ്റും സർവകലാശാലകളിലും, ഐ.ഐ.ടി കളിലും  പലരും എത്തിപ്പെടുന്നതും, നൂറുകണക്കിന് ആരോഗ്യപ്രവർത്തകരും, എൻജിനീയർമാരും, അഭിഭാഷകരും മറ്റും എല്ലാ സമൂഹങ്ങളിൽ നിന്നും ഉണ്ടാവുന്നതും, “ജ്യൂസ് ഇക്കോണമി” യുടെ ഭാഗമായിട്ടുള്ള ഒന്നും രണ്ടും തലമുറ പ്രവാസികൾ നടത്തിയ നിക്ഷേപങ്ങളുടെ സ്വാധീനം ആഴത്തിലുള്ളതാണ്.

എന്നാൽ ഇതിൽ എല്ലാം ജ്യൂസിയാണെന്നതിന് അർത്ഥമില്ല. തൊഴിലാളികളുടെ പ്രശ്നങ്ങൾ , ചതിവുകൾ, അറബ്-വംശീയ ബോധത്തിന്റെ വിവിധ പ്രകടനങ്ങൾ, ഇവയോടുള്ള പലതരം സമരങ്ങൾ എന്നിവയും ഈ “ജ്യൂസ് ഇക്കോണമി” യുടെ അന്വേഷണ പരിധിയിൽ വരാവുന്നതാണ്. പിന്നൊരിക്കലാവാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡോ. പി.കെ. യാസര്‍ അറഫാത്ത്
അസി.പ്രൊഫസര്‍, ചരിത്ര വിഭാഗം, ഡല്‍ഹി യൂണിവേഴ്‌സിറ്റി