national news
കൂട്ടബലാത്സംഗക്കേസ് പ്രതിയുടെ വീട് വനിതാ പൊലീസ് ഇടിച്ചുനിരത്തി; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 10, 06:45 pm
Saturday, 11th March 2023, 12:15 am

മുംബൈ: മധ്യപ്രദേശിലെ ദാമോയില്‍ ബലാത്സംഗക്കേസ് പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊലീസ് ഇടിച്ചുനിരത്തി. വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രതിയുടെ വീട് ഇടിച്ചുനിരത്തിയത്. സംഭവത്തിന്റെ വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ മൂന്ന് പേരെ പൊലീസ് നേരത്തെ
അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസില്‍ ഒളിവിലായിരുന്ന കൗശല്‍ കിഷോര്‍ ചൗബേ എന്നയാളുടെ വീടാണ് വനിതാ ഉദ്യോഗസ്ഥര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. ഇയാളെ കഴിഞ്ഞ ദിവസം പിടികൂടുകയും ചെയ്തിരുന്നു. ഇതിന് മുമ്പായിരുന്നു വീടിന് നേരെയുള്ള ബുള്‍ഡോസര്‍ പ്രയോഗം. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം ദേശീയ തലത്തില്‍ വാര്‍ത്തയായത്.

പൊലീസിന്റെ അന്വേഷണത്തില്‍ കിഷോര്‍ ചൗബേ അനധികൃതമായി കയ്യേറിയ ഭൂമിയില്‍ വീട് പണിതിരുന്നതായി കണ്ടെത്തുകയായിരുന്നു. ഈ വീടാണ് തകര്‍ത്തത്. കളക്ടറില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമായിരുന്നു പൊലീസ് നടപടി. 75 ലക്ഷത്തോളം വിലമതിക്കുന്ന ഭൂമി പ്രതി അനധികൃതമായി കയ്യേറിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.