ആദിത്യനാഥ് അധികാരത്തിലേറിയതോടെ 'ഇതാ നീണ്ട നാളുകള്‍ക്ക് ശേഷം, ഞങ്ങളുടെ സ്വന്തം ഭരണം നിലവില്‍ വന്നിരിക്കുന്നു' എന്ന് രജ്പുത് വിഭാഗം ചിന്തിക്കാന്‍ തുടങ്ങി
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ജില്ലയിലെ കുശ്മൗള്‍ ഗ്രാമത്തിലെ ദളിത് ഗായകനായ സോനു കുമാര്‍ സെപ്തംബര്‍ 8ന് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. അടുത്ത തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്നായിരുന്നു ഇരുപത്തഞ്ചുകാരനായ സോനു കുമാറിന്റെ പോസ്റ്റ്. ഈ പോസ്റ്റിന് താഴെ നിലവിലെ പഞ്ചായത്ത് പ്രസിഡന്റും സവര്‍ണ്ണജാതിയായ ഠാക്കുര്‍ വിഭാഗത്തില്‍ നിന്നുള്ളയാളുമായ, വിവേക് ഷാഹി ജാതീയ അധിക്ഷേപങ്ങളുമായെത്തിയെന്നും പിന്നീട് തന്നെ ഉപദ്രവിച്ചുവെന്നും സോനു കുമാര്‍ എന്നോട് പറഞ്ഞു. സോനു കുമാറിന്റെ പരാതിയില്‍ വിവേക് ഷാഹിക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്‌തെങ്കിലും അറസ്റ്റുണ്ടായില്ല.
വൈകാതെ ഗോരഖ്പൂരിലെ ജാതിവിരുദ്ധ രാഷ്ട്രീയ സംഘടനയായ പൂര്‍വാഞ്ചല്‍ സേന വിഷയത്തില്‍ ഇടപെട്ടു. സംഘടനയുടെ പ്രസിഡന്റായ ധീരേന്ദ്ര പ്രതാപ് ഭാരതി വിവേക് ഷാഹിയുടെ അറസ്റ്റ് ആവശ്യപ്പെട്ടുക്കൊണ്ട് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിന് മുന്‍പില്‍ സമരം സംഘടിപ്പിച്ചു. നാല് ദിവസത്തിനുള്ളില്‍ ധീരേന്ദ്രയെയും സഹോദരനായ യോഗേന്ദ്ര പ്രതാപ് ഭാരതിയെയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.
മുപ്പത്തിനാലുകാരനായ ധീരേന്ദ്ര നിലവിലുള്ള സര്‍ക്കാരിനെ ശക്തമായി എതിര്‍ക്കുന്ന ദളിത് വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയാണ്. ഗോരഖ്പൂരില ഹനുമാന്‍ ക്ഷേത്രത്തിനടുത്ത് ഒരു ക്രിമിനിലിനോടൊപ്പം ഇവര്‍ സഞ്ചരിച്ചു എന്ന പേരിലാണ് ധീരേന്ദ്രക്കും യോഗേന്ദ്രക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ എഫ്.ഐ.ആറിലെ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് ഇവരുടെ കുടുംബാംഗങ്ങള്‍ പറയുന്നു.
ധീരേന്ദ്ര പ്രതാപ് ഭാരതി
‘സോനു കുമാറിന് വേണ്ടി പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു എന്റെ സഹോദരനെ അറസ്റ്റ് ചെയ്തിരുന്നതെങ്കില്‍ സര്‍ക്കാരിന്റെ ജാതീയമുഖം പുറത്തുവന്നേനെ. അതുകൊണ്ടാണ് അറസ്റ്റ് ചെയ്യാന്‍ അവര്‍ മറ്റൊരു വഴി കണ്ടെത്തിയത്.’ ഭാരതി സഹോദരങ്ങളിലെ ഏറ്റവും ഇളയവനായ സതേന്ദര്‍ പ്രതാപ് ഭാരതി പറയുന്നു. ഗോരഖ്പൂരിലെ ദളിതരുടെ ഐക്യം തകര്‍ക്കുന്നതിനുള്ള മാര്‍ഗമായാണ് ഈ അറസ്റ്റുകളെ ഉപയോഗിക്കുന്നതെന്നും സതേന്ദര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന രാഷ്ട്രീയത്തില്‍ ദളിതര്‍ പങ്കെടുത്തതിന്റെ ചരിത്രത്തെക്കുറിച്ച് ഗോരഖ്പൂരില്‍ നിന്നുള്ള സ്വതന്ത്രമാധ്യമ പ്രവര്‍ത്തകനായ സിദ്ധാര്‍ത്ഥ് എന്നോട് സംസാരിച്ചിരുന്നു. ‘1990കളില്‍ രാഷ്ട്രീയരംഗത്ത് ദളിതര്‍ ഉയര്‍ന്നുവന്നിരുന്നു. ഇത് കുറെ വര്‍ഷങ്ങളോളം ഉത്തര്‍പ്രദേശില്‍ ശക്തമായി തുടരുകയും ചെയ്തു. ദളിതരോടൊപ്പം പ്രവര്‍ത്തിച്ചാലേ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ എന്നും തങ്ങളുടെ സര്‍വാധിപത്യം തുടരാനാകില്ലെന്നും വരെ സവര്‍ണ്ണര്‍ ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. ദളിതരുടെ രാഷ്ട്രീയവകാശങ്ങള്‍ അവര്‍ക്ക് അംഗീകരിക്കേണ്ടി വന്നു. പക്ഷെ 2017ല്‍ അജയ് സിംഗ് ബിഷ്ട് ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായെത്തി. ഹിന്ദുക്കളുടെ, അതും സവര്‍ണഹിന്ദുക്കളുടെ പ്രതിനിധിയായാണ് അജയ് സിംഗ് ബിഷ്ട് അധികാരത്തിലെത്തിയത്.’ സിദ്ധാര്‍ത്ഥ് പറഞ്ഞു.
യോഗി ആദിത്യനാഥ് എന്നറിയപ്പെടുന്ന അജയ് സിംഗ് ബിഷ്ട് രജ്പുത് വിഭാഗത്തില്‍ നിന്നുള്ള ഠാക്കൂറാണ്. ഗോരഖ്പൂര്‍ ആദിത്യനാഥിന്റെ സ്വന്തം സ്ഥലവും. ആദിത്യനാഥ് അധികാരത്തിലേറിയതോടെ ‘ഇതാ നീണ്ട നാളുകള്‍ക്ക് ശേഷം, ഞങ്ങളുടെ സ്വന്തം ഭരണം നിലവില്‍ വന്നിരിക്കുന്നു’ എന്ന് രജ്പുത് വിഭാഗം ചിന്തിക്കാന്‍ തുടങ്ങിയെന്നും സിദ്ധാര്‍ത്ഥ് ചൂണ്ടിക്കാണിക്കുന്നു.
സോനു കുമാറും ഠാക്കുറുകളുടെ ഈ ഉയര്‍ച്ചയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ‘ഇവിടെ ഠാക്കുറുകളുടെ തോന്നിവാസമാണ് നടക്കുന്നത്.’ തന്റെ ഗ്രാമത്തിലെ 2000 വോട്ടര്‍മാരില്‍ ഭൂരിഭാഗവും ദളിതരാണ്. 30 രജ്പുത് കുടുംബങ്ങളാണ് ഇവിടെയുള്ളതെന്നു കൂടി അദ്ദേഹം വിശദീകരിച്ചു.
ബോജ്പുരി പാട്ടുകാരനായ സോനുവിന്റെ പാട്ടുകളില്‍ പ്രധാനമായും കടന്നുവരുന്നത് ബാബാ സാഹേബ് എന്ന് ദളിതര്‍ വിളിക്കുന്ന ബി.ആര്‍ അംബേദ്കറാണ്. സെപ്തംബര്‍ 8 ലെ തന്റെ പോസ്റ്റില്‍ വിവേക് ഷാഹി എഴുതിയത് ഭീഷണി കമന്റായിരുന്നെന്ന് സോനു പറയുന്നു. ‘നിന്റെ പരിധിയില്‍ നിന്നേക്കണം. നീയൊരു ചമാര്‍ ആണ്. ഒരു ചമാറിനെപ്പോലെ തന്നെ നിന്നാല്‍ മതി. വെറുതെ രാജാവാകാന്‍ ശ്രമിക്കണ്ട. നിന്റെ നശിച്ച കാലം തുടങ്ങുകയാണ്.’ എന്നായിരുന്നു വിവേകിന്റെ കമന്റ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സോനു എനിക്ക് അയച്ചിരുന്നു. (സവര്‍ണ്ണര്‍ ജാതീയാധിക്ഷേപം നടത്താനായി സ്ഥിരമായി ഉപയോഗിക്കുന്ന വാക്കായ ചമാര്‍ യഥാര്‍ത്ഥത്തില്‍ ഒരു ദളിത് വിഭാഗത്തിന്റെ പേരാണ്.)
സെപ്തംബര്‍ എട്ടിന് രാത്രി 10 മണിയോടെ വിവേക് ഷാഹി തന്നെ വീണ്ടും വിളിച്ചെന്നും കൂടുതല്‍ കടുത്ത രീതിയില്‍ സംസാരിച്ചുവെന്നും സോനു പറയുന്നു. ‘നീയൊരു ചമാറാണ്. നിനക്ക് എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ എനിക്കെതിരെ നില്‍ക്കാനാകുക. സംവരണം ഈ രാജ്യത്തെ നശിപ്പിക്കുക മാത്രമാണ് ചെയ്തത്’ എന്നിങ്ങനെയെല്ലാമാണ് വിവേക് പറഞ്ഞതെന്ന് സോനു വെളിപ്പെടുത്തി. മാത്രമല്ല ബാബാ സാഹബിനെയും മായാവതിയെയും തുടങ്ങി തങ്ങളുടെ വിഭാഗത്തിലെ മഹത് വ്യക്തികളെ അയാള്‍ അധിക്ഷേപിച്ചുവെന്നും സോനു കൂട്ടിച്ചേര്‍ത്തു.
‘രാജ്യത്തിലെ ഏതൊരാള്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. ഈ രാജ്യം മുഴുവന്‍ ഭരണഘടനയുടെ കീഴിലാണ്. പക്ഷെ ഈ ഠാക്കൂര്‍ തലവന്‍ ഭരണഘടന പിന്തുടരുന്നില്ല. മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം തന്നാല്‍ മാത്രമേ ഞങ്ങള്‍ക്ക് പുരോഗതി കൈവരിക്കാന്‍ സാധിക്കു.’ സോനു പറഞ്ഞു.
അടുത്ത ദിവസം രാവിലെ സോനു ഗ്രാമത്തിലുള്ള ചിലരെയും കൂട്ടി വിവേക് ഷാഹിക്കെതിരെ പരാതി നല്‍കാനായി ബെലിപാര്‍ പൊലീസ് സ്റ്റേഷനിലെത്തി. അവിടെ വെച്ചും സോനുവിനെ ഷാഹി വീണ്ടും വിളിച്ചു ഭീഷണിപ്പെടുത്തി. ‘ഇറങ്ങിപ്പോയേക്കണം അവിടെ നിന്ന്. അല്ലെങ്കില്‍ നിന്റെ കാല് ഞാന്‍ തല്ലിയൊടിക്കും.’ എന്നായിരുന്നു ഭീഷണിയെന്ന് സോനു പറഞ്ഞു. ഇതേതുടര്‍ന്ന് സോനുവിന്റെ സുരക്ഷക്കായി രണ്ട് പൊലീസുകാരെ നിയമിച്ചു. പക്ഷെ അന്ന് രാത്രി 9 മണിയോടെ വീടിനു മുന്‍പിലെത്തിയ ഷാഹി പൊലീസുകാരുടെ മുന്‍പില്‍ വെച്ചുതന്നെ തെറിവിളിയും അധിക്ഷേപവും നടത്തി. ‘ഞാന്‍ നിന്റെ മുഴുവന്‍ കുടുംബത്തെയും കൊല്ലുമെന്നായിരുന്നു അന്ന് രാത്രി ഷാഹി പറഞ്ഞത്. പൊലീസുകാര്‍ അയാളെ അവിടെ നിന്നും വലിച്ചുനീക്കി കൊണ്ടുപോകുകയായിരുന്നു.’ സോനു പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഠാക്കൂര്‍ വിഭാഗത്തെക്കുറിച്ചു സംസാരിക്കവേ സിദ്ധാര്‍ത്ഥും ഈ സംഭവത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. ‘സോനുവിന്റെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നിട്ടും ഒരു ഠാക്കൂര്‍ പൊലീസുകാരുടെ മുന്‍പില്‍ വെച്ച് അദ്ദേഹത്തെ അധിക്ഷേപിച്ചു. തുല്യതയില്ലാതെ ജീവിക്കാനാവില്ലെന്ന് ദളിതര്‍ ഉറപ്പിച്ചുക്കഴിഞ്ഞു. പക്ഷെ ഇത് സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും സവര്‍ണ്ണര്‍ തയ്യാറല്ല.’
കുശ്മൗള്‍ സംഭവവും അസംഗറില്‍ സത്യമേവ ജയതേ എന്ന ദളിത് പഞ്ചായത്ത് പ്രസിഡന്റിനെ ഒരു ഠാക്കുര്‍ കൊലപ്പെടുത്തിയ സംഭവവും ഇതിന്റെ ഉദാഹരണങ്ങളാണെന്നും സിദ്ധാര്‍ത്ഥ് ചൂണ്ടിക്കാട്ടി. ആഗസ്റ്റില്‍ മാത്രം ദളിതര്‍ക്കെതിരെ നടന്ന നാല് അക്രമസംഭവങ്ങള്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാല് സംഭവത്തിലും അക്രമികള്‍ ഠാക്കുര്‍ വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ നാല് ഠാക്കുറുകള്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത പത്തൊന്‍പതുകാരിയായ ദളിത് പെണ്‍കുട്ടി സെപ്തംബര്‍ 29ന് മരണപ്പെട്ടിരുന്നു.
പൂര്‍വാഞ്ചല്‍ സേനയുടെ ഒരു പ്രതിഷേധപരിപാടി
പൂര്‍വാഞ്ചല്‍ സേനയെപ്പോലെയുള്ള ദളിത്-ബഹുജന്‍ പ്രസ്ഥാനങ്ങളും പാര്‍ട്ടികളുമാണ് നിലവിലെ ഭരണത്തിന്റെ പ്രത്യയശാസ്ത്രത്തിന് ഏറ്റവും വലിയ ഭീഷണിയുയര്‍ത്തുന്നതെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. 2006ലാണ് പൂര്‍വാഞ്ചല്‍ സേന സ്ഥാപിതമാകുന്നത്. ദളിതരുടെയും പിന്നോക്കവിഭാഗക്കാരുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. പൂര്‍വ്വാഞ്ചല്‍ സേനയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പേര് അംബേദ്കര്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഫോര്‍ റൈറ്റ്‌സ്(എ.എസ്.യു.ആര്‍, അസുര്‍) എന്നാണ്. ഗോരഖ്പൂര്‍ സര്‍വകലാശാല ആസ്ഥാനമാക്കിയാണ് ഈ സംഘടനയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ‘ഇതാണ് സമാന്തര രാഷ്ട്രീയം. ഹിന്ദു ചിന്ത ഒരിക്കലും അസുര്‍ എന്ന പേര് അംഗീകരിക്കില്ല.’ സിദ്ധാര്‍ത്ഥ് പറഞ്ഞു.
ഹിന്ദു ഐതിഹ്യപ്രകാരം സ്വര്‍ഗവാസികളായ ദേവന്മാരെ എതിര്‍ത്തതിന്റെ പേരില്‍ നിന്ദിക്കപ്പെടുന്ന ശക്തരായ ഒരു വിഭാഗമാണ് അസുരര്‍. നിരവധി ഗോത്രവിഭാഗങ്ങള്‍ അസുരര്‍ എന്നാണ് അറിയപ്പെടുന്നത്. ബഹുജന്‍ വിഭാഗങ്ങള്‍ ഇപ്പോള്‍ ഈ പേര് ഏറ്റെടുത്തുക്കൊണ്ട് ബ്രാഹ്മണ്യത്തിനെതിരെയുള്ള തങ്ങളുടെ നിലപാട് ഉറപ്പിച്ചിരിക്കുകയാണ്. ‘ധീരേന്ദ്ര പ്രതാപിനെപ്പോലെ ഹിന്ദു പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്നവര്‍ സര്‍ക്കാരിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്.’ സിദ്ധാര്‍ത്ഥ് പറഞ്ഞു.
ഗോരഖ്പൂരിലെ ബേട്ടിയഹടയിലാണ് ധീരേന്ദ്രന്റെ കുടുംബം താമസിക്കുന്നത്. മുന്‍പ് പ്ലംബറായി ജോലിയ ചെയ്തിരുന്ന ധീരേന്ദ്രയുടെ പിതാവ് രാം ഗുലാം ഭാരതി ഇപ്പോള്‍ കോണ്‍ട്രാക്ടറാണ്. ജൂഡോയിലും കരാട്ടെയിലും ചാംപ്യന്മാരായ ധീരേന്ദ്രയും യോഗേന്ദ്രയും ഗോരഖ്പൂരില്‍ മാര്‍ഷ്യല്‍ ആര്‍ട്ട്‌സില്‍ പരിശീലനം നല്‍കുന്ന പൂര്‍വ്വാഞ്ചല്‍ നിയുദ്ദ അക്കാദമി നടത്തി വരുന്നുണ്ട്.
മുപ്പതൊന്നുകാരിയായ അവരുടെ സഹോദരി പിങ്കി ദേശീയ ബോക്‌സിംഗ് താരമാണ്. സഹോദരനായ സതേന്ദര്‍ ലക്‌നൗവിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്. ധീരേന്ദ്ര എപ്പോഴും ദളിതരുടെയും ബഹുജന്‍ വിഭാഗത്തിന്റെയും പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നെന്ന് സതേന്ദര്‍ പറയുന്നു. സെപ്തംബര്‍ 14ന് ഇവര്‍ നടത്തിയ പ്രതിഷേധസമരത്തില്‍ ‘അറസ്റ്റുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം നടത്തും’ എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹാത്രാസ് കൂട്ടബലാത്സംഗത്തില്‍ പൂര്‍വാഞ്ചല്‍ സേനയുടെ പ്രതിഷേധസമരം
സെപ്തംബര്‍ 17-18 തിയതികളില്‍ നടന്ന സംഭവങ്ങളെ അച്ഛനായ രാം ഓര്‍ക്കുന്നതിങ്ങനെയാണ്, പാതിരാത്രിയായതോടെ മൂത്ത മൂന്ന് മക്കളും അവരുടെ മുറികളിലേക്ക് ഉറങ്ങാനായി പോയി. വരാന്തയിലായിരുന്നു താനും ഭാര്യയും കിടന്നിരുന്നത്. വാതില്‍ അകത്തുനിന്നും പൂട്ടിയിരുന്നു. ഒരാള്‍ അകത്തേക്ക് കയറിപ്പറ്റി മറ്റുള്ളവര്‍ക്കായി വാതില്‍ തുറന്നുകൊടുക്കുകയായിരുന്നു. ഇരുപത്തഞ്ചോളം പേര്‍ വീടിനകത്തേക്ക് കയറിവന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘ആദ്യം ഞങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ല. വന്നവരില്‍ അധികം പേരും മദ്യപിച്ചിരുന്നെന്നാണ് തോന്നിയത്. പൊലീസുകാരാണെന്ന് അവര്‍ പറഞ്ഞെങ്കിലും വളരെ കുറച്ചു പേരെ യൂണിഫോം ധരിച്ചിരുന്നുള്ളു. അവര്‍ ആദ്യം യോഗേന്ദ്രയുടെ മുറിയിലേക്ക് പോയി. അവനെ പേടിച്ചെഴുന്നേല്‍ക്കുകയായിരുന്നു. മകളും എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് വന്നു. അവള്‍ ഫോണില്‍ വീഡിയോ എടുക്കാന്‍ തുടങ്ങിയപ്പോള്‍ അഞ്ചോളം പൊലീസുകാര്‍ ചേര്‍ന്ന് അത് പിടിച്ചുവാങ്ങി. അതിനുശേഷം അവര്‍ ‘മാ-ബെഹന്‍’ തെറിവിളി തുടങ്ങി. മുതിര്‍ന്ന കുട്ടികള്‍ ഉള്ളപ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് ഇതൊക്കെ വിളിച്ചുപറയാന്‍ സാധിക്കുന്നതെന്നും മര്യാദയോടെ സംസാരിക്കണമെന്നും ധീരേന്ദ്രന്റെ ഭാര്യ പറഞ്ഞു. പക്ഷെ പൊലീസുകാര്‍ തെറിവിളി നിര്‍ത്തിയേ ഇല്ല.’ രാം പറഞ്ഞു.
യോഗേന്ദ്രയും വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും ധീരേന്ദ്രയുടെയും യോഗേന്ദ്രയുടെയും ഫോണുകള്‍ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. വാറണ്ടോ റിപ്പോര്‍ട്ടോ സമ്മന്‍സോ ഉണ്ടോയെന്ന് ധീരേന്ദ്ര പൊലീസിനോട് ചോദിച്ചു. പൊലീസ് എന്ന പേരും പറഞ്ഞ് നിങ്ങള്‍ തെമ്മാടിത്തരമാണ് കാണിക്കുന്നത്. നിങ്ങളില്‍ ആകെ നാല്-അഞ്ച് പേരാണ് യൂണിഫോം പോലും ധരിച്ചിരുക്കുന്നത്. നിങ്ങള്‍ ഗുണ്ടകളാണെന്നാണ് ഞാന്‍ കരുതുന്നതെന്നും ധീരേന്ദ്ര പറഞ്ഞെന്ന് രാം പറയുന്നു. ‘നീ വലിയ രാഷ്ട്രീയനേതാവാകാന്‍ നടക്കുകയല്ലേ, നിന്റെ മുഴുവന്‍ രാഷ്ട്രീയവും ഞങ്ങള്‍ ഇന്ന് അവസാനിപ്പിക്കും.’ എന്നാണ് ഒരു പൊലീസുകാരന്‍ ഇതിന് മറുപടി നല്‍കിയതെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു.
ധീരേന്ദ്രയെയും യോഗേന്ദ്രയെയും പൊലീസുകാര്‍ പുറത്തേക്ക് വലിച്ചിറക്കാന്‍ തുടങ്ങിയപ്പോള്‍ തടയാന്‍ ശ്രമിച്ച തന്നെ പൊലീസുകാരന്‍ ലാത്തിക്കൊണ്ട് അടിക്കാന്‍ ശ്രമിച്ചെന്നും രണ്ട് മക്കളെയും മര്‍ദ്ദിച്ചുവെന്നും രാം പറഞ്ഞു.
മക്കളെ കാറിലെടുത്തിട്ട് കൊണ്ടുപോകുമ്പോഴും പൊലീസുകാര്‍ അവരെ എന്തിന്റെ പേരിലാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞില്ല. ഡേവിഡ് എവിടെയെന്ന് മാത്രം അവര്‍ ചോദിച്ചു. ഏത് ഡേവിഡ്, ഞങ്ങള്‍ക്ക് ഒരു ഡേവിഡിനെയും അറിയില്ലെന്ന് ഞാന്‍ പറഞ്ഞു. രോഹിത് ഡേവിഡ് എവിടെയെന്ന് അവര്‍ ആവര്‍ത്തിച്ചു. ഞങ്ങള്‍ക്ക് രോഹിത് എന്നുപേരുള്ള ഒരു അകന്ന ബന്ധുവുണ്ട്. പക്ഷെ അയാളുമായി ഒരു ബന്ധവുമില്ലെന്ന് ഞാന്‍ മറുപടി നല്‍കി. പക്ഷെ ഇതിന് വിശദീകരണമൊന്നും നല്‍കാതെ പൊലീസുകാര്‍ മക്കളെ കൊണ്ടുപോയെന്ന് രാം പറയുന്നു.
ധീരേന്ദ്രക്കും യോഗേന്ദ്രക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറില്‍ രോഹിത് എന്നയാളെക്കുറിച്ച് പറയുന്നുണ്ട്. പക്ഷെ തികച്ചും വ്യത്യസ്തമായ സംഭവങ്ങളാണ് ഈ എഫ്.ഐ.ആറില്‍ കടന്നുവരുന്നത്. എഫ്.ഐ.ആര്‍ പ്രകാരം ജംങ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ഒരു ഇന്‍ഫോര്‍മര്‍ ഡേവിഡ് എന്ന് അറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി വിക്കി ഹരിജന്‍ ഹനുമാന്‍ ക്ഷേത്രത്തിനടുത്ത് രണ്ട് പേരോടൊപ്പം നില്‍ക്കുന്നത് കണ്ടുവെന്ന് അറിയിച്ചു.
അവിടെയെത്തിയ പൊലീസുകാര്‍ ഡേവിഡിനൊപ്പം ധീരേന്ദ്രയെയും യോഗേന്ദ്രയെയും തിരിച്ചറിഞ്ഞു. ഡേവിഡ് തന്റെ കൈയ്യിലുണ്ടായിരുന്ന നാടന്‍ തോക്കുപയോഗിച്ച് പൊലീസിന് നേരെ വെടിയുതിര്‍ക്കുകയും മറ്റു രണ്ടു പേരും ഓടി രക്ഷപ്പെടുകയും ചെയ്തു. ഐ.പി.സി സെക്ഷന്‍ 353, 307, 322 എന്നീ വകുപ്പുകളാണ് മൂന്ന് പേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. വധശ്രമം, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൃത്യനിര്‍വഹണത്തില്‍ തടസ്സപ്പെടുത്തല്‍, കൃത്യനിര്‍വഹണത്തില്‍ നിന്നും തടസ്സപ്പെടുത്താനായി ഉപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഈ വകുപ്പുകളില്‍ വരുന്നത്.
അടുത്ത ദിവസം രാവിലെ 9 മണിയോടെ രാമും കുടുംബവും ഗോരഖ്പൂരിലെ പൊലീസ് സ്റ്റേഷനിലെത്തി. അവിടെ യോഗേന്ദ്രയെന്നോ ധീരേന്ദ്രയെന്നോ പേരുള്ള ആരുമില്ലെന്നായിരുന്നു അവരുടെ മറുപടി. നിന്ന നില്‍പ്പില്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകും പോലെ തോന്നി. എന്റെ മക്കള്‍ക്ക് എന്തോ സംഭവിച്ചെന്ന് ഞാന്‍ ഭയന്നുപോയി. ഞങ്ങള്‍ എസ്.പിയെ കാണാന്‍ ശ്രമിച്ചെങ്കിലും അയാള്‍ തിരക്കിലായിരുന്നെന്നും രാം പറയുന്നു.
പിന്നീട് ജില്ലാ മജിസ്‌ട്രേറ്റ് വിജേന്ദര്‍ പാണ്ഡ്യയുടെ അടുത്തെത്തി. അദ്ദേഹം ഫോണ്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ മക്കള്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലാണെന്നും സുരക്ഷിതരാണെന്നും പറഞ്ഞുവെന്ന് രാം പറഞ്ഞു. ധീരേന്ദ്രയെയും യോഗേന്ദ്രയെയും 14 ദിവസത്തേക്ക് കൊറോണ ക്വാറന്റൈന്‍ സെന്ററില്‍ താമസിപ്പിച്ച ശേഷം ഗോരഖ്പൂര്‍ ജില്ലാ ജയിലിലേക്ക് മാറ്റുമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് പൂര്‍വ്വാഞ്ചല്‍ സേന ജില്ലാ പ്രസിഡന്റ് സുരേന്ദര്‍ വാല്‍മീകി പറഞ്ഞു.
ഇതിനെല്ലാം ശേഷം സെപ്തംബര്‍ 26നാണ് പ്രസിഡന്റ് വിവേക് ഷാഹി അറസ്റ്റിലായത്. സോനുവിന്റെ കേസ് നടക്കുന്ന ബാന്‍സ്ഗാവ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ നിതിഷ് കുമാറിനെ ഞാന്‍ ബന്ധപ്പെട്ടിരുന്നു. പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന അയാള്‍ എന്തെങ്കിലും അറിയണമെങ്കില്‍ ഗോരഖ്പൂരിലേക്ക് വരണമെന്നായിരുന്നു പറഞ്ഞത്.
ഠാക്കുര്‍ വിഭാഗക്കാര്‍ ഉത്തര്‍പ്രദേശില്‍ നടത്തുന്ന ദളിത് വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഗസ്റ്റില്‍ ചെയ്ത റിപ്പോര്‍ട്ടിനായി വിളിച്ചപ്പോഴും ഇതുതന്നെയായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. ധീരേന്ദ്ര-യോഗേന്ദ്രയുടെ കേസുമായി ബന്ധപ്പെട്ട് ഗോരഖ്പൂര്‍ കന്റോണ്‍മെന്റിലെ ഉദ്യോഗസ്ഥനായ മനോജ് റായിയെ വിളിച്ചപ്പോള്‍ അവരുടെ അച്ഛനോട് പോയി ചോദിക്കാന്‍ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. പിന്നീട് പല തവണ വിളിച്ചിട്ടും അയാള്‍ ഫോണ്‍ എടുത്തില്ല.
എപ്പോഴും സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ധീരേന്ദ്ര പ്രതാപ്ജിയെന്ന് നിഷാദ് ആര്‍മി സംസ്ഥാന പ്രസിഡന്റായ രാജ് നിഷാദ് പറയുന്നു. ഗോരഖ്പൂരില്‍ നിന്നുള്ള മറ്റൊരു രാഷ്ട്രീയ സംഘടനയായ നിഷാദ് ആര്‍മി ഒ.ബി.സി വിഭാഗക്കാരുടെ ആവശ്യങ്ങള്‍ക്കായാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. തനിക്ക് വ്യക്തിപരമായി കൂടി അറിയുന്ന ആളായിരുന്നു ധീരേന്ദ്രയെന്ന് രാജ പറയുന്നു.’
ഏതോ വലിയ ക്രിമിനലിനെ പിടികൂടാന്‍ പോകുംപോലെ നാല് സ്റ്റേഷനിലെ പൊലീസുകാര്‍ ചേര്‍ന്നാണ് ധീരേന്ദ്രയുടെ വീട്ടിലെത്തിയതെന്ന് ഞങ്ങള്‍ അറിഞ്ഞു. പൊലീസ് അന്വേഷണം നിയമപരമാണെന്ന് ഞാന്‍ കരുതുന്നില്ല. ഇവിടെ ഏകാധിപത്യ ഭരണം നിലനില്‍ക്കുന്നുണ്ടെന്ന് തന്നെയാണ് തോന്നുന്നത്. ബഹുജനങ്ങളുടെ ശബ്ദത്തെ, ദളിതന്റെ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്.’
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക