വാഷിങ്ടണ്‍: തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങള്‍ക്കും 25% നികുതി ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെനസ്വേലയില്‍ നിന്ന് എണ്ണയോ ഗ്യാസോ വാങ്ങുന്ന ഏതൊരു രാജ്യത്തിനും ഏപ്രില്‍ രണ്ട് മുതല്‍ അധിക നികുതി ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
വെനസ്വേലയ്ക്ക് ചുമത്തിയ അധിക നികുതിക്ക് പുറമെയാണിത്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേല യു.എസിനോട് വളരെ വലിയ ശത്രുത പുലര്‍ത്തുന്നു എന്നാരോപിച്ചാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
വെനസ്വേലയുമായി വ്യാപാരം നടത്തുന്നതിനാലാണ് മറ്റ് രാജ്യങ്ങള്‍ക്ക് താരിഫ് ചുമത്തുന്നതെങ്കില്‍ ട്രെന്‍ ഡി അരഗ്വ എന്ന ക്രിമിനല്‍ സംഘടനയുടെ ആസ്ഥാനമായതിനാലാണ് വെനസ്വേലയ്ക്ക് നികുതി ചുമത്തുന്നതെന്നാണ് ട്രംപ് പറയുന്നത്. നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടന്നു എന്നാരോപിച്ച് ഈ സംഘത്തിലെ അംഗങ്ങളെ കഴിഞ്ഞ ദിവസം യു.എസ് സര്‍ക്കാര്‍ എല്‍ സാല്‍വദോറിലേക്ക് നാടുകടത്തിയിരുന്നു.
അതേസമയം വെനിസ്വേലയുടെ ഏറ്റവും വലിയ വ്യാപാര ഉപഭോക്തക്കളായ ചൈനയെ ലക്ഷ്യമിട്ടാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി. ഫെന്റനൈലിന്റെ അനധികൃത വ്യാപാരം തടയാന്‍ എന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് ഇതിനകം തന്നെ താരിഫ് ചുമത്തിയിട്ടുണ്ട്. ട്രംപിന്റെ നടപടിയെത്തുടര്‍ന്ന് അമേരിക്കയില്‍ നിന്നുള്ള സോയ, ബീഫ് തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ചൈനീസ് ഭരണകൂടവും അധിക താരിഫ് ചുമത്തിയിട്ടുണ്ട്.
ട്രംപ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തിയതിന് സമാനമായി 15% ഇറക്കുമതി തീരുവയാണ് ചൈനീസ് സര്‍ക്കാരും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കും ചുമത്തിയിരിക്കുന്നത്.
2023 ല്‍ വെനിസ്വലന്‍ എണ്ണയുടെ 68% വാങ്ങിയത് ചൈനയായിരുന്നു. സ്‌പെയിന്‍, റഷ്യ, സിംഗപ്പൂര്‍, വിയറ്റ്‌നാം എന്നി രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. ഇതിന് പുറമെ ജനുവരിയില്‍ യു.എസും വെനസ്വേലയില്‍ നിന്ന് 8.6 ദശലക്ഷം ബാരല്‍ എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ട്.
ഏപ്രില്‍ രണ്ട് മുതല്‍ യു.എസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ മെക്‌സിക്കോയ്ക്കും കാനഡയ്ക്കും താരിഫ് എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോള്‍ വെനസ്വേലയെയും ആ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്..
ഈ മൂന്ന് രാജ്യങ്ങള്‍ക്ക് പുറമെ യു.എസിലേക്കുള്ള എല്ലാ സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കും 25% തീരുവ ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇറക്കുമതി നികുതികള്‍ക്ക് ഇളവുകള്‍ നല്‍കുന്നതിനെ എതിര്‍ത്ത ട്രംപ്, തന്റെ താരിഫുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
Content Highlight: Trump says he will impose 25% tariff on Countries buying Venezuelan oil