World News
ഗസയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണവുമായി ഇസ്രഈല്‍; രണ്ട് പേര്‍കൂടി കൊല്ലപ്പെട്ടു; മരണം 208 ആയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Tuesday, 25th March 2025, 8:32 am

ഗസ: ഗസയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇന്നലെ (തിങ്കളാഴ്ച) ഗസയില്‍ നടന്ന വ്യത്യസ്തമായ വ്യോമാക്രമണങ്ങളിലാണ് അല്‍ ജസീറ മുബാഷറിന്റെ റിപ്പോര്‍ട്ടര്‍ ഹൊസാം ഷബാത്തും ഫലസ്തീന്‍ ടുഡേ ടി.വിയുടെ ലേഖകനായ മുഹമ്മദ് മന്‍സൂറും കൊല്ലപ്പെട്ടത്.

വടക്കന്‍ ഗസയിലെ ജബലിയയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇസ്രഈല്‍ സൈന്യം ഷബാത്തിന്റെ കാര്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിലാണ് ഹൊസാം ഷബാത്തും കൊല്ലപ്പെട്ടത് .

ഖാന്‍ യൂനിസിലെ അപ്പാര്‍ട്ട്‌മെന്റിന് നേരെയുണ്ടായ വ്യോമാക്രമണത്തിലാണ് ഫലസ്തീന്‍ ടുഡേ ലേഖകനായ മന്‍സൂര്‍ കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും മകനും ഇതേ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഫലസ്തീന്‍ ടുഡേ ടി.വി ജീവനക്കാരന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ 2023 ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചത് മുതല്‍ ഗസയില്‍വെച്ച് ഇസ്രഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 208 ആയി ഉയര്‍ന്നു.

ഈ കുറ്റകൃത്യത്തില്‍ ഇസ്രഈലിന് പുറമെ യു.എസ്, യു.കെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തമുണ്ടെന്ന് ഫലസ്തീന്‍ ടുഡേ ടി.വി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് വംശഹത്യയാണെന്നും അത് തടയാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹത്തോടും മറ്റ് പ്രധാന സ്ഥാപനങ്ങളോടും മന്‍സൂറിന്റെ സ്ഥാപനം ആവശ്യപ്പെട്ടിട്ടുണ്ട്.

ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഗസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസും ശക്തമായ അപലപിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്കെതിരായ ബോധപൂര്‍വവും വ്യവസ്ഥാപിതവുമായ ആക്രമണമാണിതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവരില്‍ ഭയം ജനിപ്പിക്കുന്നതിനുള്ള ഈ ശ്രമത്തില്‍ നീതി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഈ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ലെന്നും, സത്യം റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പേരില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ ശത്രുക്കളായി മാറിയ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള വ്യവസ്ഥാപിത നയത്തിന്റെ ഭാഗമാണിതെന്ന് ഫലസ്തീന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റും വ്യക്തമാക്കി. ഇത് യുദ്ധ കുറ്റമാണെന്നും സിന്‍ഡിക്കേറ്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ജനുവരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ടും അതിന്റെ കാലാവധി അവസാനിച്ചതോടെ മാര്‍ച്ച് ഒന്ന് മുതല്‍ ഗസയില്‍ ഇസ്രഈല്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കുകയായിരുന്നു. മാര്‍ച്ച് ഒന്ന് മുതലുള്ള ആക്രമണത്തില്‍ മാത്രം കുറഞ്ഞത് 730 പേരാണ് ഇതിനകം ഗസയില്‍ കൊല്ലപ്പെട്ടത്. 1,200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

2023 ഒക്ടോബര്‍ മുതല്‍ ഗസയില്‍ ഇസ്രഈല്‍ ആരംഭിച്ച കൂട്ടക്കുരുതിയില്‍ 50,000ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്‌. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 113,200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Two more journalist’s killed at Gaza in Israel attack, death poll rises 208