Entertainment
ആ നടന്റെ മരണം കാരണം എനിക്ക് നഷ്ടമായത് ഒരു സുഹൃത്തിനെ, അതിനെക്കാള്‍ വലിയ നഷ്ടം മലയാളം ഇന്‍ഡസ്ട്രിക്കാണ്: ചിയാന്‍ വിക്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 25, 03:23 am
Tuesday, 25th March 2025, 8:53 am

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള തമിഴ് നടനാണ് വിക്രം. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത വിക്രം മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു. സേതു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ചിയാന്‍ ഇന്ന് തമിഴിലെ മുന്‍നിര താരങ്ങളിലൊരാളാണ്. വ്യത്യസ്തമായ വേഷപ്പകര്‍ച്ചകളിലൂടെ ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വിക്രമിന് സാധിക്കുന്നുണ്ട്.

മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണിയെക്കുറിച്ച് സംസാരിക്കുകയാണ് വിക്രം. ജെമിനി എന്ന ചിത്രത്തില്‍ തങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് വിക്രം പറഞ്ഞു. ചിത്രത്തിന്റെ കഥ നല്ലതായിരുന്നെന്നും എന്നാല്‍ ഷൂട്ടിന്റെ സമയത്ത് എന്തോ ഒന്ന് മിസ്സാണെന്ന് തനിക്ക് തോന്നിയെന്നും വിക്രം കൂട്ടിച്ചേര്‍ത്തു.

ആ സമയത്താണ് കലാഭവന്‍ മണി സെറ്റില്‍ ജോയിന്‍ ചെയ്തതെന്നും അദ്ദേഹം നല്ല രീതിയില്‍ പെര്‍ഫോം ചെയ്‌തെന്നും വിക്രം പറഞ്ഞു. ലഞ്ച് ബ്രേക്കിന്റെ സമയത്ത് കലാഭവന്‍ മണി എല്ലാവരോടും സംസാരിച്ചുകൊണ്ടിരുന്നതിന്റെ ഇടയില്‍ മിമിക്രി കാണിച്ചെന്നും താനടക്കം സെറ്റിലുണ്ടായിരുന്ന എല്ലാവരും അത്ഭുതപ്പെട്ടെന്നും വിക്രം കൂട്ടിച്ചേര്‍ത്തു.

പെട്ടെന്ന് പാമ്പിനെപ്പോലെയും കോഴിയെപ്പോലെയും ഒട്ടകത്തെപ്പോലെയുമൊക്കെ ശബ്ദമുണ്ടാക്കിയെന്നും അത് കണ്ട സംവിധായകന്‍ ആ മിമിക്രി കഥാപാത്രത്തിന് കൊടുക്കാന്‍ ആവശ്യപ്പെട്ടെന്നും വിക്രം പറഞ്ഞു. ആ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ സിനിമ സൂപ്പര്‍ഹിറ്റാണെന്ന് താന്‍ ഉറപ്പിച്ചെന്നും വിക്രം കൂട്ടിച്ചേര്‍ത്തു.

എപ്പോഴും ജോളിയായി ഇരിക്കുന്ന നടനാണ് കലാഭവന്‍ മണിയെന്നും അദ്ദേഹത്തിന്റെ മരണം കാരണം തനിക്ക് നഷ്ടമായത് ഒരു നല്ല സുഹൃത്തിനെയാണെന്നും വിക്രം പറഞ്ഞു. അതിനെക്കാള്‍ വലിയ നഷ്ടം മലയാളം ഇന്‍ഡസ്ട്രിക്കെന്നും വിക്രം പറയുന്നു. വീര ധീര സൂരന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിക്രം.

‘മണിയും ഞാനും ഒരുമിച്ച് ചെയ്ത പടമായിരുന്നു ജെമിനി. ആ പടത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി. എന്നാല്‍ ഷൂട്ടിന്റെ സമയത്ത് എന്തോ ഒന്ന് മിസ്സാണെന്ന് തോന്നി. പിന്നീട് മണി ആ സെറ്റില്‍ ജോയിന്‍ ചെയ്തു. ആദ്യത്തെ ദിവസം അദ്ദേഹം നന്നായി അഭിനയിച്ചു. ലഞ്ച് ബ്രേക്കിന്റെ സമയത്ത് അയാള്‍ മിമിക്രി കാണിക്കാന്‍ തുടങ്ങി. പെട്ടെന്ന് പാമ്പിനെപ്പോലെയും കോഴിയെപ്പോലെയും, ഒട്ടകത്തെപ്പോലെയുമൊക്കെ ബിഹേവ് ചെയ്തു.

ഞാനുള്‍പ്പെടെ സെറ്റിലുണ്ടായിരുന്ന എല്ലാവരും അത് കണ്ട് അത്ഭുതപ്പെട്ടു. ആ മിമിക്രി, കഥാപാത്രത്തിന് കൊടുക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. അത് കണ്ടപ്പോള്‍ പടം സൂപ്പര്‍ഹിറ്റാണെന്ന് ഞാന്‍ ഉറപ്പിച്ചു. മണിയുടെ മരണം കാരണം എനിക്ക് നഷ്ടമായത് നല്ലൊരു സുഹൃത്തിനെയാണ്. അതിനെക്കാള്‍ വലിയ നഷ്ടം മലയാളം ഇന്‍ഡസ്ട്രിക്കാണ്,’ വിക്രം പറഞ്ഞു.

Content Highlight: Chiyaan Vikram shares the memories of Kalabhavan Mani