ന്യൂദല്‍ഹി: വഖഫ് ബോര്‍ഡുകളുടെ അധികാരം വെട്ടികുറയ്ക്കാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷം. വഖഫ് ബോര്‍ഡിന്റെ അധികാരം കൈവശപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ എം.പിമാര്‍ പറഞ്ഞു.
ബില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി സഖ്യകക്ഷികളായ ജെ.ഡി.യു, ടി.ഡി.പി എന്നിവരുമായി ബി.ജെ.പി ആദ്യം ചര്‍ച്ച നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എം.പിയായ പ്രമോദ് തിവാരിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
‘വഖഫ് ബോര്‍ഡിന്റെ അധികാരം കവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്,’ കേരളത്തില്‍ നിന്നുള്ള മുസ്‌ലിം ലീഗ് എം.പിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിഭജന രാഷ്ട്രീയത്തിലാണ് ബി.ജെ.പി വേരൂന്നിയിരിക്കുന്നതെന്ന് സി.പി.ഐ.എം എം.പി അമ്ര റാം പറഞ്ഞു. അവകാശങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരാനാണ് ശ്രമിക്കുന്നതെങ്കില്‍, 2024ല്‍ തങ്ങള്‍ പ്രദര്‍ശിപ്പിച്ച ട്രെയ്‌ലറിന്റെ മുഴുവന്‍ സിനിമയും ബി.ജെ.പി സര്‍ക്കാരിനെ കാണിക്കുമെന്നും അദ്ദേഹം താക്കീത് നല്‍കി.
സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനായ അഖിലേഷ് യാദവും കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചു. മുസ്‌ലിങ്ങളുടെ അവകാശങ്ങളില്‍ കൈകടത്താനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. ബി.ജെ.പിയുടെ ഒരേയൊരു ലക്ഷ്യം ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പരം ഭിന്നിപ്പിക്കുക എന്നതാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും നേതൃത്വത്തിലുള്ള യൂണിയന്‍ സര്‍ക്കാര്‍, 2024 കേന്ദ്ര ബജറ്റിനെ സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടാനാണ് നിലവില്‍ ശ്രമിക്കുന്നതെന്ന് ശിവസേന എം.പിയായ പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. കേന്ദ്ര ബജറ്റില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ തന്ത്രമാണ് വഖഫ് ബോര്‍ഡുകളുടെ അധികാരം വെട്ടികുറക്കാനുള്ള നീക്കമെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
എ.ഐ.എം.ഐ.എം നേതാവ് അസദുദീന്‍ ഉവൈസിയും വഖഫ് ബോര്‍ഡുകളുടെ അധികാരം വെട്ടികുറക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ രാജ്യത്തെ വിവിധ മുസ്‌ലിം സംഘടനകളും പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.
അതേസമയം 1995ലെ കേന്ദ്രവഖഫ് നിയമത്തില്‍ നാല്‍പതിലധികം ഭേദഗതികള്‍ വരുത്തുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വഖഫ് ബോര്‍ഡുകളുടെ സ്വയംഭരണാധികാരത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ ഭേദഗതികള്‍. ഇതിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
നിരവധി വഖഫ് സ്വത്തുകളുള്ള മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കം. ഈ നീക്കത്തിനെതിരെയാണ് പ്രതിപക്ഷ നേതാക്കള്‍ നിലവില്‍ പ്രതിഷേധം ഉയര്‍ത്തുന്നത്.
Content Highlight: The opposition is against the central government’s move to curtail the powers of the Waqf Boards