വാഷിങ്ടണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡിനെ കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. കഴിഞ്ഞ വര്‍ഷം മെയ് 25നാണ് ആഫ്രോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയ്ഡ് പൊലീസിന്റെ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്.
വ്യാജ രേഖകളുപയോഗിച്ചു എന്ന് ആരോപിച്ച് ജോര്‍ജ് ഫ്ളോയ്ഡിന്റെ കഴുത്തില്‍ അഞ്ചുമിനിറ്റോളം ഡെറക് ചൗവിന്‍ എന്ന പൊലിസുകാരന്‍ കാലുകൊണ്ട് ഞെരിച്ചത് ലോകം മുഴുവനും കണ്ടു. ‘നിങ്ങളുടെ കാല്‍മുട്ടുകള്‍ എന്റെ കഴുത്തിലാണ്. എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന ജീവനു വേണ്ടിയുള്ള ജോര്‍ജ് ഫ്ളോയ്ഡിന്റെ യാചന പിന്നീട് ലോകത്തിന്റെ തന്നെ വേദനയായി മാറി.
ജോര്‍ജ് ഫ്ളോയിഡിന്റെ മരണം ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴിവെച്ചു. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന പേരില്‍ വലിയ മൂവ്‌മെന്റുകളാണ് പില്‍ക്കാലത്ത് ശ്രദ്ധിക്കപ്പെട്ടത്. 2020ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് പ്രസിഡന്റായി തുടരാനുള്ള സാധ്യതക്ക് വരെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭം തടസ്സം സൃഷ്ടിച്ചെന്നാണ് വിലയിരുത്തുന്നത്.
സംഭവം വിവാദമായി പ്രക്ഷോഭം ആളിക്കത്തിയപ്പോൾ ഡെറക് ചൗവിനെയും മറ്റ് മൂന്ന് പൊലീസുകാരെയും സേനയില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം കോടതി ചൗവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മനപൂര്‍വ്വമല്ലാത്ത കൊലപാതകം എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്.
എന്നാല്‍ സംഭവം നടന്ന് ഒരു വര്‍ഷം പന്നിടുന്ന ഈ സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്ളോയിഡിന്റെ കുടുംബത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു. പുതിയ ഭരണകൂടം ജോര്‍ജ് ഫ്ളോയിഡിനും വര്‍ണവെറിക്ക് ഇരയാക്കപ്പെടുന്ന മനുഷ്യര്‍ക്കും ഒപ്പമാണെന്നുള്ള സന്ദേശം നല്‍കാന്‍ ഇതുകൊണ്ട് ബൈഡന് കഴിഞ്ഞിട്ടുണ്ട്.
ചൊവ്വാഴ്ച പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താന്‍ ജോര്‍ജ് ഫ്ളോയ്ഡിന്റെ കുടുംബം വൈറ്റ് ഹൗസില്‍ എത്തിയപ്പോള്‍ ജോര്‍ജ് ഫ്ളോയിഡ് ജസ്റ്റിസ് ഇന്‍ പൊലിസിംഗ് ആക്റ്റ് എന്നറിയപ്പെടുന്ന ഒരു പരിഷ്‌കരണ ബില്‍ പാസാക്കാന്‍ ബൈഡനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ജോര്‍ജ് ഫ്ളോയിഡിന്റെ മരണവും അതിന് ശേഷമുള്ള ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭവും പിന്നീട് വന്ന ബൈഡന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരും അമേരിക്കന്‍ ജനതയുടെ മനസ്സിലെ വര്‍ണവെറിയുടെ കാര്യത്തല്‍ പുതിയൊരു മാറ്റത്തിന് ചിന്തിപ്പിച്ചുണ്ട്.
അതേസമയം, കഴിഞ്ഞ വര്‍ഷത്തിലും കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിച്ചത് അമേരിക്കയില്‍ വര്‍ണവെറിയുടെ രാഷ്ട്രീയം ഒരു ചോദ്യ ചിഹ്നമായി തന്നെ നില്‍ക്കുകയാണ്.