കോഴിക്കോട്: വ്യാപാരികളുടെ പ്രശ്നങ്ങള്‍ ആരും കണക്കിലെടുക്കുന്നില്ലെന്നും കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മുന്‍ എം.എല്‍.എയും വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റുമായ വി.കെ.സി. മമ്മദ് കോയ.
ഒരു ദിവസം മാത്രം കട തുറന്നാല്‍ തിരക്കേറുമെന്നും എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ നടപടി വേണമെന്നും ഇടതുപക്ഷ വ്യാപാര സംഘടനയുടെ അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ വ്യാപാരി വ്യവസായി സമിതി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനത്തില്‍ വിവാദം തുടരുന്നതിനിടെയാണ് സര്‍ക്കാരിനെതിരെ വ്യാപാരി വ്യവസായി സമിതി രംഗത്തെത്തിയത്.
‘രോഗം പടരാതിരിക്കാന്‍ വേണ്ടി ഇതുവരെ കച്ചവടക്കാര്‍ സഹകരിച്ചു. ഇനിയും ഈ നിലയില്‍ മുന്നോട്ട് പോകാനാവില്ല. കച്ചവടക്കാര്‍ വര്‍ഷങ്ങളായി പ്രതിസന്ധി നേരിടുകയാണ്. എല്ലാം അടച്ചിടാനുള്ള വിദഗ്ദ്ധ സമിതി തീരുമാനത്തില്‍ പ്രായോഗികമായ പ്രശ്നങ്ങളുണ്ട്,’ വി.കെ.സി. മമ്മദ് കോയ പറഞ്ഞു.