auto
കാറിന്റെ ദീര്‍ഘായുസ്സിന് ചില മുന്‍കരുതല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 19, 06:20 pm
Tuesday, 19th March 2019, 11:50 pm

 

കാറിന്റെ ആയുസ്സ് എപ്പോഴും നമ്മുടെ കൈയ്യിലാണ്. കാരണം കാര്‍ വാങ്ങിയാല്‍ മാത്രം പോരാ. സമയാസമയങ്ങളില്‍ ചെയ്യേണ്ട സര്‍വീസ് മുതല്‍ എല്ലാം ചെയ്യുക തന്നെ വേണം. വാങ്ങി ഏതാനും കൊല്ലം കഴിയുമ്പോള്‍ തന്നെ ആ പഴയ സുഖമൊന്നും യാത്ര ചെയ്യുമ്പോള്‍ ഇല്ലെന്ന് ചിലര്‍ പറയാറുണ്ട്.

എന്നാല്‍ കാറിനല്ല പ്രശ്‌നം,നാം വേണ്ടപോലെ പരിപാലിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.കാറാണെങ്കില്‍ പ്രത്യേകിച്ചും എന്‍ജിന്റെ വേണ്ടപോലെ പരിഗണിക്കണം. കമ്പനി പറയുന്ന ഇടവേളകളില്‍ എഞ്ചിന്റെ ഓയില്‍ മാറ്റണം. പുതിയ വാഹനമാണെങ്കില്‍ ഓയില്‍ ചെയ്ഞ്ച് കൃത്യമായി തന്നെ നടക്കണം. കാരണം എന്‍ജിനിലെ ലോഹഭാഗങ്ങള്‍ പരസ്പരം ഉരസി മാലിന്യങ്ങള്‍ അടിഞ്ഞുകൂടും. അത് അവസാനം പണി തരും.അതുകൊണ്ട് എന്‍ജിനില്‍ ഓയില്‍ കുറയുന്നുണ്ടോയെന്ന് ചെക്ക് ചെയ്യാം.

ഓയില്‍ ചെക്കിങ് എങ്ങിനെ?
പുതിയ ഇനം കാറുകളില്‍ ഇന്‍ഡിക്കേഷന്‍ ഓഡോ ക്ലസ്റ്റര്‍ നോക്കിയാല്‍ അറിയാനാകും. അല്ലെങ്കില്‍ ബോണറ്റില്‍ എന്‍ജിനോട് ചേര്‍ന്ന്കാണപ്പെടുന്ന ഓയില്‍ ഡിപ്സ്റ്റിക് റിമൂവ് ചെയ്ത് പരിശോധിക്കാവുന്നതാണ്. ഓയിലിന് കറുത്ത ഗ്രീസ് നിറം വന്നാല്‍ ഉടന്‍ ഓയില്‍ ചെയ്ഞ്ച് ചെയ്യണം.ഇളം കാപ്പി നിറത്തിലാണ് ഓയില്‍ എങ്കില്‍ എഞ്ചിനിലെ കൂളന്റുമായി കലര്‍ന്നിട്ടുണ്ടെന്ന് വ്യക്തം. ഈ അവസ്ഥയില്‍ സര്‍വീസ് സെന്ററിനെ സമീപിക്കുകയാണ് വേണ്ടത്.

ദോഷഫലങ്ങള്‍

ഒരു വാഹനത്തിന്റെ കൂളര്‍ പോലെ തന്നെയാണ് എഞ്ചിനില്‍ ഉപയോഗിക്കുന്ന ഓയിലിന്റെ ധര്‍മ്മവും. അമിതമായ ചൂടിനെ പ്രതിരോധിക്കുന്നതില്‍ ഓയിലിനും പങ്കുണ്ട്.ഓയില്‍ ഇല്ലെങ്കില്‍ താപം ക്രമാതീതമായിരിക്കും. ഓയിലിന്റെ പഴക്കവും അളവും വാഹനത്തിന്റെ ആയുസ്സിനെ ബാധിക്കും. മൈലേജിലും കുറവുണ്ടാകും. ഇതുമാത്രമല്ല അമിതമായി ഓയില്‍ ചെയ്ഞ്ച് ചെയ്താലും വാഹനത്തിന് കേടാണ്. എന്‍ജിന്‍ ഘടകങ്ങള്‍ക്ക് തകരാറുണ്ടാകും. ഡിപ്സ്റ്റിക് നോക്കിയാല്‍ അമിതമായി ഓയില്‍ ഒഴിച്ചിട്ടുണ്ടോ എന്നറിയാന്‍ സാധിക്കും. കട്ടിയേറിയ വെളുത്ത പുക ഈ സാഹചര്യത്തിലാണ് ഉണ്ടാവുക.

നല്ലത് സിന്തറ്റിക് ഓയില്‍

വാഹനത്തിന് നല്ലത് കുറച്ചുപണം കൂടുതലാണെങ്കിലും സിന്തറ്റിക് ഓയിലാണ്. സാധാരണ ഓയിലിനേക്കാള്‍ പതിന്മടങ്ങാണ് വാഹനത്തിന്റെ മൈലേജ് ലഭിക്കുക. കൂടാതെ ആക്‌സിലറേഷന്‍ കൂടുതല്‍ സ്മൂത്താവുകയും ചെയ്യും.