മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ് നാടോടിക്കാറ്റ്. ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് സാധാരണ മലയാളിയുടെ ജീവിതമാണ് വരച്ച് കാട്ടിയത്. ദാസനും വിജയനുമായി മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച ചിത്രത്തിൽ തിലകൻ, ശോഭന, ഇന്നസെന്റ് തുടങ്ങിയ മലയാളത്തിലെ മികച്ച അഭിനേതാക്കളും ഒന്നിച്ചിരുന്നു.
സാധാരണ ഷൂട്ടിന്റെ തലേദിവസം തിരക്കഥയെഴുതുന്ന ശ്രീനിവാസൻ നാടോടിക്കറ്റിന്റെ ആദ്യ ഭാഗം ഒറ്റയടിക്ക് എഴുതി തന്നെന്നും അതിന്റെ ഭംഗി നാടോടിക്കാറ്റിന് ഉണ്ടെന്നും സത്യൻ അന്തിക്കാട് പറയുന്നു. സിനിമയിലെ മികച്ച ഡയലോഗുകൾ ഉണ്ടായത് അങ്ങനെയാണെന്നും തിരക്കഥ പൂർത്തിയാവുന്നതിന് മുമ്പ് തന്നെ സിനിമയുടെ ഷൂട്ട് തുടങ്ങിയിരുന്നുവെന്നും സത്യൻ പറയുന്നു. മോഹൻലാൽ പോലും ചിത്രത്തിന്റെ കഥ കേൾക്കുന്നത് ഷൂട്ടിങ്ങിന് വന്നപ്പോൾ മാത്രമായിരുന്നുവെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.
‘ഒരു സിനിമയുടെ ത്രെഡ് രൂപപ്പെടുത്തിയതിനുശേഷം തിരക്കഥ ഷൂട്ടിന്റെ തലേന്നാൾ എഴുതിത്തരുന്നതാണ് ശ്രീനിയുടെ രീതി. എന്നാൽ ഈ ചിത്രത്തിൻറെ ആദ്യഭാഗത്തിലെ ദാസന്റെയും വിജയന്റെയും ദുബായ് യാത്രവരെയുള്ള കാര്യങ്ങൾ സമയമെടുത്ത് ശ്രീനി ഒറ്റയടിയ്ക്ക് എഴുതിത്തന്ന് എന്നെ അത്ഭുതപ്പെടുത്തി.
അതിന്റെ ഭംഗി ചിത്രത്തിന്റെ ആദ്യഭാഗങ്ങളിൽ ഉണ്ട്. നാടോടിക്കാറ്റ് എന്ന സിനിമ ഓർമിക്കുമ്പോൾ പ്രേക്ഷകർ ഇന്നും ഓർക്കുന്ന ‘ഈ ബുദ്ധി എന്താ നേരത്തെ തോന്നാതിരുന്നത്, എല്ലാത്തിനും അതിൻ്റെ സമയമുണ്ട് ദാസാ, എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’ എന്നീ ഡയലോഗുകൾ ആ ഭാഗത്തിലുള്ളതാണ്. തിരക്കഥ പൂർത്തിയാകുന്നതിന് മുൻപാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. കാരണം ഞങ്ങൾക്കിടയിലെ വിശ്വാസം തന്നെ. മോഹൻലാൽ പോലും ചിത്രത്തിന്റെ കഥ കേൾക്കുന്നത് ഷൂട്ടിങ്ങിന് വന്നപ്പോൾ മാത്രമായിരുന്നു.
ചിത്രത്തിന് ഒരുപാട് പേരുകൾ ആലോചിച്ചു. പക്ഷേ, അതിലൊന്നും സംതൃപ്‌തി തോന്നിയില്ല. നാടോടിക്കഥപോലൊരു ചിത്രം എന്ന ആലോചനയിൽ നിന്നാണ് നാടോടിക്കാറ്റ് എന്ന ടൈറ്റിൽ എനിക്ക് തോന്നിയത്. എവിടെയും കയറിച്ചെല്ലാവുന്ന കാറ്റ് പോലെ ജീവിക്കുന്ന ചെറുപ്പക്കാരുടെ കഥ എന്ന രീതിയിലാണ് ആ ടൈറ്റിൽ ഞങ്ങൾ ഉറപ്പിച്ചത്.
പി.എൻ. മേനോനാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഒരുക്കിയത്. അങ്ങനെ ചിത്രത്തിൻറെ സിക്‌സ്‌ഷീറ്റ് പോസ്റ്റർ തിരിച്ചിട്ട് അതിൽ ശ്രീനിവാസനും മോഹൻലാലും അറബിവേഷത്തിൽ നിൽക്കുന്ന പോസ്റ്റർ അടിച്ചു. ഇന്നും ആ സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ മനസിലെത്തുന്ന ചിത്രം ആ പോസ്റ്ററാണ്,’സത്യൻ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad About Shooting Experience Of Nadodikkatt