Kerala News
തിരുവനന്തപുരത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ച് കൊലപാതകം; വെട്ടേറ്റ പ്രതിയുടെ അമ്മ ഗുരുതരാവസ്ഥയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 24, 02:49 pm
Monday, 24th February 2025, 8:19 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ അഫാന്‍ (23) ആണ് കൊലപാതകം നടത്തിയത്. വെട്ടേറ്റ പ്രതിയുടെ അമ്മ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

യുവാവിന്റെ പിതാവിന്റെ അമ്മ സല്‍മാ ബീവി (88), പ്രതിയുടെ അനുജന്‍ അഹസാന്‍ (13), പെണ്‍സുഹൃത്ത് ഫര്‍സാന (19), പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരാണ് മരിച്ചത്.

ചുറ്റിക കൊണ്ട് തലക്കടിച്ചാണ് പ്രതി ഇവരെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

സ്റ്റേഷനിലെത്തിയ പ്രതി ആറുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് മൊഴി നല്‍കുകയായിരുന്നു. ഇതിനിടെ വിഷം കഴിച്ച പ്രതിയെ പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

തുടര്‍ന്ന് അഞ്ച് പേരുടെ മരണം പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. പേരുമല, ചുള്ളാളത്ത്, പാങ്ങോട് എന്നീ മൂന്നു സ്ഥലങ്ങളിലായാണ് പ്രതി കൊലപാതകം നടത്തിയത്.

പാങ്ങോട്ടുള്ള പിതാവിന്റെ അമ്മയായ സല്‍മ ബീവിയെയാണ് പ്രതി ആദ്യം കൊലപ്പെടുത്തിയത്. പിന്നീട് പാങ്ങോടുള്ള അമ്മാവന്റെ വീട്ടിലെത്തിയ പ്രതി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തി.

തുടര്‍ന്ന് പേരുമലയിലെ സ്വന്തം വീട്ടിലെത്തിയ പ്രതി സഹോദരനെയും പെണ്‍സുഹൃത്തിനെയും വെട്ടി കൊലപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവന്നത്. മരണപ്പെട്ട സഹോദരന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൂന്ന് സ്റ്റേഷന്‍ പരിധിയിലായാണ് കൊലപാതകം നടന്നത്.

ആക്രമണത്തിന് ശേഷം പ്രതി വീട്ടിലെ ഗ്യാസ് തുറന്ന് വിട്ടിരുന്നു. ഫയര്‍ ഫോഴ്സിന്റെ സഹായത്താല്‍ ഇത് നിയന്ത്രണ വിധേയമാക്കിയതിന് ശേഷമാണ് പൊലീസ് വീട്ടില്‍ പരിശോധന നടത്തിയത്.

കൊലപാതകത്തിന് കാരണമായത് സാമ്പത്തികമാണെന്നാണ് സൂചന. വിദേശത്ത് ഫര്‍ണീച്ചര്‍ ബിസിനസ് നടത്തുന്ന പിതാവിന് നഷ്ടമുണ്ടായെന്നും പിതാവിന് പണം നല്‍കാത്തതിനാലാണ് ബന്ധുക്കളെ കൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥരുടെ സംഘം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: Massacre in Thiruvananthapuram; The youth said that six people had been hacked to death; Five deaths