തന്റെ വ്യത്യസ്തമായ സിനിമകളിലൂടെ മലയാളികൾക്കിടയിൽ ഏറെ സ്വീകാര്യത നേടിയ സംവിധായകനാണ് ഭദ്രൻ. വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമായ അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് മികച്ച സിനിമകളും സമ്മാനിച്ചിട്ടുണ്ട്.
മോഹൻലാൽ ചിത്രം സ്ഫടികം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. മമ്മൂട്ടിയോടൊപ്പം ചെയ്ത ചിത്രങ്ങളും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. അത്തരത്തിൽ ഭദ്രന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു അയ്യർ ദി ഗ്രേറ്റ്.
എന്നാൽ അയ്യർ ദി ഗ്രേറ്റിലെ വേഷം മമ്മൂട്ടിക്ക് മാത്രമേ ചെയ്യാൻ കഴിയുള്ളുവെന്നും മോഹൻലാലിന് സാധിക്കില്ലെന്നും ഭദ്രൻ പറയുന്നു. ഹരിഹരൻ സംവിധാനം ചെയ്ത വടക്കൻ വീരഗാഥയിലെ വേഷത്തിലേക്കൊന്നും മോഹൻലാലിനെ സങ്കൽപ്പിക്കാൻ കഴിയില്ലെന്നും ചില വേഷങ്ങൾ മമ്മൂട്ടി അഭിനയിച്ചാൽ മാത്രമേ അതിന് വെടിപ്പുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
‘അയ്യർ ദി ഗ്രേറ്റിലെ സൂര്യ നാരായണന്റെ വേഷമൊക്കെ മോഹൻലാലിന് അഭിനയിച്ചൂടെ, നെടുമുടി വേണുവിന് അഭിനയിച്ചൂടെ എന്നൊക്കെ ചോദിച്ചാൽ എനിക്ക് പറയാനുള്ളത് കഴിയില്ല എന്ന് തന്നെയാണ്. ചില വേഷങ്ങൾ മമ്മൂട്ടി അഭിനയിച്ചാൽ മാത്രമേ അതിന് വെടിപ്പുണ്ടാവുകയുള്ളൂ.
ഹരിഹരൻ സാറിന്റെ വടക്കൻ വീരഗാഥയിലെ വേഷം വേറേ ആരാണ് അത്ര ഭംഗിയായി ചെയ്യുക. ഒരു വടക്കൻ വീരഗാഥയിലെ ചന്തുവായി മോഹൻലാലിനെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഇത് മമ്മൂട്ടിക്ക് ഞാൻ കൊടുക്കുന്ന കോംപ്ലിമെന്റ് ഒന്നുമല്ല. അതാണ് സത്യം,’ഭദ്രൻ പറയുന്നു.
എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. വടക്കന്‍പാട്ട് കഥകളെ ആധാരമാക്കി അണിയിച്ചൊരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. നാല് ദേശീയ അവാര്‍ഡുകളും എട്ട് സംസ്ഥാന അവാര്‍ഡുകളും നേടിയ ചിത്രം ഇന്നും ക്ലാസിക്കായി വാഴ്ത്തപ്പെടുന്നുണ്ട്. ഈയിടെ റീ റിലീസായ സിനിമ തിയേറ്ററിൽ മികച്ച അഭിപ്രയം നേടിയിരുന്നു.
Content Highlight: Director Badhran About Mammooty And Mohanlal