Advertisement
Champions Trophy
ദേ പാകിസ്ഥാന്‍ തോല്‍ക്കുന്നു! ആണോ, എന്നാല്‍ ഞാന്‍ ഇന്ത്യന്‍ ടീമാ... ഇന്ത്യ-പാക് മത്സരത്തിനിടെ ടീം മാറി ആരാധകന്‍, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 24, 02:39 pm
Monday, 24th February 2025, 8:09 pm

കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ സെമി ഫൈനലിന് ടിക്കറ്റുറപ്പിച്ചത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെയും മികച്ച വിജയം സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 49.4 ഓവറില്‍ 241ന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിരാട് കോഹ്‌ലിയുടെയും ശ്രേയസ് അയ്യരിന്റെയും കരുത്തില്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ നടന്ന ഒരു രസകരമായ സംഭവത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്.

ഒരു പാക് ആരാധകനാണ് ഈ വീഡിയോയിലെ താരം. മത്സരം ആരംഭിക്കുമ്പോള്‍ പാകിസ്ഥാന്‍ ജേഴ്‌സിയണിഞ്ഞാണ് അയാള്‍ സ്‌റ്റേഡിയത്തിലെത്തിയത്. എന്നാല്‍ മത്സരം പുരോഗമിക്കവെ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുകയാണെന്ന് മനസിലാക്കിയ ഇയാള്‍ ഇന്ത്യന്‍ ജേഴ്‌സി ധരിക്കുകയായിരുന്നു.

ഇന്ത്യന്‍ ജേഴ്‌സി ധരിച്ച ശേഷം ഇയാള്‍ എല്ലാവര്‍ക്കും കണാനായി എഴുന്നേറ്റ് നില്‍ക്കുന്നുമുണ്ട്.

2022 ഫിഫ ലോകകപ്പിലടക്കം സമാന സംഭവങ്ങളുണ്ടായിരുന്നു. അന്ന് സൗദി – പോളണ്ട് മത്സരത്തില്‍ പോളിഷ് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഗോള്‍ നേടിയതിന് പിന്നാലെ സൗദി ആരാധകന്‍ സൗദി ജേഴ്‌സി അഴിച്ചുമാറ്റുകയായിരുന്നു. നേരത്തെ തന്നെ പോളണ്ട് ജേഴ്‌സി ധരിച്ചെത്തിയ ഇയാള്‍ ലെവന്‍ഡോസ്‌കിക്ക് വേണ്ടി ആര്‍പ്പുവിളിക്കുകയും ചെയ്തു.

വീഡിയോ വൈറലായതോടെ ലെവന്‍ഡോസ്‌കി ഈ ആരാധകനെ നേരില്‍ കാണുകയും ചെയ്തിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ബാബര്‍ അസവും ഇമാം ഉള്‍ ഹഖും ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ തുടര്‍ച്ചയായ ഓവറുകളില്‍ ഇരുവരെയും നഷ്ടപ്പെട്ട പാകിസ്ഥാന്‍ സമ്മര്‍ദത്തിലായി.

മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്ന് പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ടീം സ്‌കോര്‍ 47ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 151ലാണ്. റിസ്വാനെ മടക്കി അക്‌സര്‍ പട്ടേലാണ് ബ്രേക് ത്രൂ സമ്മാനിച്ചത്. 77 പന്തില്‍ 46 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.

അധികം വൈകാതെ സൗദ് ഷക്കീലിന്റെ വിക്കറ്റും പാകിസ്ഥാന് നഷ്ടമായി. 76 പന്തില്‍ 62 റണ്‍സ് നേടി നില്‍ക്കവെ ഹര്‍ദിക് പാണ്ഡ്യയാണ് വിക്കറ്റ് നേടിയത്.

39 പന്തില്‍ 38 റണ്‍സ് നേടിയ ഖുഷ്ദില്‍ ഷായാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തരക്കേടില്ലാത്ത തുടക്കമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്.

ടീം സ്‌കോര്‍ 31ല്‍ നില്‍ക്കവെ അഞ്ചാം ഓവറിലെ അവസാന പന്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 15 പന്തില്‍ 20 റണ്‍സുമായി നില്‍ക്കവെ ഷഹീന്‍ അഫ്രിദിക്ക് വിക്കറ്റ് നല്‍കിയാണ് ഹിറ്റ്മാന്‍ മടങ്ങിയത്.

വണ്‍ ഡൗണായെത്തിയ വിരാട,് ശുഭ്മന്‍ ഗില്ലിനെ ഒപ്പം കൂട്ടി ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ 69 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്. മികച്ച രീതിയില്‍ ബാറ്റ് വീശി അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കവെ അബ്രാര്‍ അഹമ്മദ് ഗില്ലിനെ മടക്കി. 52 പന്തില്‍ 46 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിത്.

ഗില്ലിന് പിന്നാലെയെത്തിയ ശ്രേയസ് അയ്യരിനെ ഒപ്പം കൂട്ടി വിരാട് പാകിസ്ഥാന്റെ വിധിയെഴുതി. മൂന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും ഇന്ത്യയെ വിജയതീരത്തേക്കെത്തിച്ചത്.

പാകിസ്ഥാനായി ഷഹീന്‍ അഫ്രിദി രണ്ട് വിക്കറ്റെടുത്തപ്പോള്‍ അബ്രാര്‍ അഹമ്മദും ഖുഷ്ദില്‍ ഷായും ഓരോ വിക്കറ്റ് വീതവും നേടി.

 

Content Highlight: ICC Champions Trophy: IND vs PAK: Pakistan fan switches jersey during the match