Kerala News
കേരളം അങ്ങനെ അംഗികരിക്കപ്പെടേണ്ടതില്ലെന്ന ചിന്ത നാടിനെതിരായത്; യു.എസ് സന്ദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പി.രാജീവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Wednesday, 26th March 2025, 9:02 pm

തിരുവനന്തപുരം: യു.എസ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതികരിച്ച് വ്യവസായ മന്ത്രി പി.രാജീവ്. അനുമതി നിഷേധിച്ച യൂണിയന്‍ ഗവണ്‍മെന്റിന്റെ നടപടി അസാധാരണവും അപലപനീയവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ അവരുടെ ക്ഷണം സ്വീകരിച്ച് പങ്കെടുക്കുന്നതിനും Novel Innovation in Public Administration എന്ന അംഗീകാരം ലഭിച്ച സംരംഭക വര്‍ഷത്തെക്കുറിച്ച് സംസാരിക്കുന്നതിനുമാണ് രാഷ്ട്രീയ അനുമതി കേന്ദ്രം നിഷേധിച്ചത്.

മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്നു വരെ വാഷിങ്ടണ്‍ ഡി.സിയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ Innovative Public Policy Frameworks For Sustainable Economic Development എന്ന സെഷനില്‍ Developing Enterpeneurship Ecosystem Policy and Successful Implementation : A Case Study Of Year Of Enterprises എന്ന വിഷയം അവതരിപ്പിക്കാനാണ് ക്ഷണം ലഭിച്ചിരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മുഹമ്മദ് ഹനീഷ് ഐ എ.എസും, ഹരികിഷോര്‍ ഐ. എ. എസും പേപ്പറുകള്‍ അവതരിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ എല്ലാവര്‍ക്കും യൂണിയന്‍ ഗവണ്‍മെന്റ് അനുമതി നിഷേധിച്ചുവെന്നും മന്ത്രി പറഞ്ഞു.

സംരംഭകവര്‍ഷം നടപ്പിലാക്കുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന, ഇപ്പോള്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥന് പങ്കെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. അതുകൊണ്ടും ഈ പദ്ധതിയെ കുറിച്ച് ആധികാരികമായി പഠിച്ച ഐ.ഐ.എം ഇന്‍ഡോറിലെ ഡയറക്ടറും പ്രൊഫസറും പങ്കെടുക്കുന്നതുകൊണ്ടും സംരംഭകവര്‍ഷം ചര്‍ച്ച ചെയ്യപ്പെടുമെന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി ഫേസ് ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.

ലോകത്തിന് മുമ്പില്‍ കേരളം അഭിമാനപൂര്‍വ്വം ശിരസുയര്‍ത്തി നില്‍ക്കേണ്ട സന്ദര്‍ഭമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നുംമാര്‍ച്ച് 28ന് എത്തി 30 ന് മടങ്ങാനായിരുന്നു പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

152 രാജ്യങ്ങളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ നേരിട്ടുള്ള അവതരണങ്ങളാണ് സാധാരണ അനുവദിക്കാറുള്ളതെന്നും ഈ പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്രസന്റഷന്‍ അനുവദിക്കാമോയെന്ന് ചോദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എ.എസ്.പി.എ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് രാഷ്ട്രീയ അനുമതി നിഷേധിച്ചുവെന്നത് സംഘാടകര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്നും കേരളം അങ്ങനെ അംഗികരിക്കപ്പെടേണ്ടതില്ലെന്ന ചിന്ത നാടിനെതിരായതും അപലപിക്കപ്പെടേണ്ടതുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight:  The idea that Kerala should not be recognized in this way is against the country; P. Rajiv on the central government’s action in denying permission to visit the US