കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ വിദേശത്തേക്ക് കടന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനോട് വിമാന ടിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി.
ടിക്കറ്റ് ബുക്ക് ചെയ്ത് കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ മാത്രം മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദേശത്തുനിന്ന് മടങ്ങിയെത്തണമെന്നും ഹൈക്കോടതി വിജയ് ബാബുവിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ അടുത്ത വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേസ് പരിഗണിക്കണമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിജയ് ബാബു അന്വേഷണത്തില്‍നിന്ന് ഒളിച്ചോടിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ തയ്യാറാണെന്ന് വിജയ് ബാബു അറിയിച്ചു. കേരളത്തില്‍ എത്താന്‍ തയ്യാറാകണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിന് പിന്നാലെയാണ് കേരളത്തിലെത്താമെന്ന് വിജയ് ബാബു അറിയിച്ചിരിക്കുന്നത്.
തിങ്കളാഴ്ച ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിച്ചത്.
ഏപ്രില്‍ 29-ന് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. തുടര്‍ന്ന് വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോള്‍ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നല്‍കി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നുമാണ് വിജയ് ബാബു ജാമ്യഹരജിയില്‍ പറയുന്നത്. തന്റെ പുതിയ ചിത്രത്തില്‍ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നല്‍കിയതെന്നും വിജയ് ബാബു ആരോപിക്കുന്നു.