കൊച്ചി: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. ഒന്ന് മുതല്‍ ആറ് വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയതായി കോടതി വ്യക്തമാക്കി.
സര്‍ക്കാരിന്റെയും ഷിബിന്റെ മാതാപിതാക്കളുടെയും അപ്പീലിലാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. കേസില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍.
കേസില്‍ വിചാരണ നേരിട്ട 17 പ്രതികളെയും കുറ്റക്കാരല്ലെന്നു കണ്ട് എരഞ്ഞിപ്പാലം മാറാട് പ്രത്യേക കോടതി നേരത്തെ വിട്ടയച്ചിരുന്നു. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും അതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയയ്ക്കുകയാണെന്നുമാണ് വിധിന്യായത്തില്‍ ജഡ്ജി എസ്. കൃഷ്ണകുമാര്‍ വ്യക്തമാക്കിയത്.
ഇപ്പോള്‍ ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂന്നാം പ്രതി അസ്‌ലം നേരത്തേ കൊല്ലപ്പെട്ടിരുന്നു. വിചാരണാകോടതി വെറുതെവിട്ടതിന് ശേഷമായിരുന്നു ഇത്.
ഈ മാസം 15ന് ശിക്ഷ വിധിക്കും. ശിക്ഷ പ്രസ്താവിക്കുന്ന ദിവസം പ്രതികള്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
2015 ജനുവരി 22ന് രാത്രിയാണ് തൂണേരിയിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധത്തിന്റെ പേരി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ഷിബിന്‍ ഉള്‍പ്പെടെയുള്ള സി.പി.ഐ.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.