ഓരോ മലയാളിയും കണ്ടും അനുഭവിച്ചും ശീലിച്ചും പോന്നതും എന്നാല്‍ കലയില്‍ ആവിഷ്‌കരിക്കാന്‍ തയ്യാറല്ലാതെ മാറ്റിനിര്‍ത്തിയിരുന്നതുമായ, നമ്മുടെ പതിവ് കാഴ്ചാ ശീലത്തിന്റെ (സിനി ആചാരത്തിന്റെ) പിന്നാമ്പുറക്കാഴ്ചയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ കാണിച്ചുതരുന്നത്. എത്രത്തോളം ജീര്‍ണ്ണവും മലിനവുമായ ശീലങ്ങളെയാണ് നാം യാതൊരുളുപ്പുമില്ലാതെ പാരമ്പര്യമായി കൊണ്ടാടുന്നതും, തീര്‍ത്ഥം എന്ന കണക്ക് കോരിക്കുടിക്കുന്നതും, വിശുദ്ധിയുടെ സ്‌നാനമായി അഭിഷേകം ചെയ്യുന്നതുമെന്ന് ഒട്ടൊരു ധൈര്യത്തോടെ വിളിച്ചുപറയുകയാണ് ഈ ചിത്രം. അടൂരിന്റെ എലിപ്പത്തായമാണ്
ഇതിനു മുമ്പ് മലയാളി കുടുംബ ജീവിതത്തിന്റെ പിന്നാമ്പുറം ഇത്ര തീക്ഷ്ണമായി സിനിമയില്‍ കാണിച്ചുതന്ന ചിത്രം.
അതില്‍ നിന്ന് ഇതിലേക്കെത്തുമ്പോള്‍ ഉള്ളില്‍ ചീഞ്ഞു വീര്‍ത്തുവന്ന ജീര്‍ണ്ണതയുടെയും പൊട്ടിയൊലിക്കുന്ന ദുര്‍ഗ്ഗന്ധത്തിന്റെയും ദിനവും കൊണ്ടുതള്ളി അടച്ചുവെച്ചിട്ടും അമരാത്തത്ര വീര്യത്തില്‍ പുറത്തുചാടുന്നതുമായ സാംസ്‌കാരിക ദുര്‍ഗന്ധവും മലയാളിയുടെ വീടകങ്ങളില്‍ നിന്ന് പുറത്തുചാടി പൊതു ഇടങ്ങളിലേക്കുകൂടി വ്യാപിച്ചു. രാഷ്ട്രീയമായ പ്രതിഷ്ഠ
നേടുകയല്ലാതെ ഇളകിപ്പോയിട്ടില്ല എന്ന് സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളെ സാക്ഷിനിര്‍ത്തി തുറന്നുപറയുകയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. അങ്ങനെ അടക്കിവെച്ചാഘോഷിച്ച സാംസ്‌കാരിക ജീര്‍ണതകള്‍ രാഷ്ട്രീയ രൂപം പ്രാപിച്ചതിന്റെ സമകാലിക പ്രശ്‌നങ്ങളില്‍ ഊന്നിനില്‍ക്കുന്നതാണ് ഇതിന്റെ ആവിഷ്‌കാരമെങ്കിലും, അത്തരം രാഷ്ട്രീയ സൂചനകളില്ലെങ്കിലും പ്രസക്തമാണ് ഇതിന്റെ അടുക്കളപ്രമേയം.
എലിപ്പത്തായം, ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ എലിക്കെണിയില്‍ പെട്ടുപോയതുപോലെ മോചനമില്ലാത്ത ജീവിതത്തെ പ്രതീകവല്‍ക്കരിക്കുന്നതുപോലെ, ഇവിടെ പൊട്ടിയൊലിക്കുന്ന മലിനജലം വിശുദ്ധിയായി കൊണ്ടാടപ്പെടുന്ന ജീര്‍ണ്ണാചാരത്തിന്റെ പ്രതീകമായാണ്.
1982ല്‍ പുറത്തിറങ്ങിയ എലിപ്പത്തായത്തിനു ശേഷം 39 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളി എത്രദൂരം സഞ്ചരിച്ചിട്ടും നമ്മുടെ ആധുനിക ബോധങ്ങളെ ഇന്നും വഴിനടത്തുന്ന സവര്‍ണ്ണ നീതിബോധം അഥവാ മലയാളിയെ നയിക്കുന്ന അബോധം ഒന്നുകൂടി സുദൃഢമായതല്ലാതെ അതില്‍ അയവു വന്നിട്ടില്ല എന്നത് ഇക്കാലങ്ങള്‍ക്കിടയിലെ ഓരോരോ രാഷ്ട്രീയ സംഭവങ്ങളിലും
ദൃശ്യമാണ്. അത് കേവലം ആര്‍ത്തവ ലഹളയില്‍ (ശബരിമല പ്രശ്‌നത്തില്‍) മാത്രമല്ല, സംവരണ വിരുദ്ധ മനോഭാവത്തിലും അതിനനുസൃതമായ രാഷ്ട്രീയ-ഭരണകൂട തീരുമാനത്തില്‍ വരെ നീണ്ടുകിടക്കുന്നതാണ്.
അക്കാലത്തില്‍ നിന്ന് ഇക്കാലത്തിലെത്തുമ്പോള്‍ സാംസ്‌കാരികമായി അല്ലറ ചില്ലറ ഭാവ വേഷപ്പകര്‍ച്ചകളോടെ കുലപുരുഷന്മാര്‍ കുലപുരുഷന്മാരും കുലസ്ത്രീകള്‍ കുലസ്ത്രീകളുമായി തറവാട്ടു മഹിമകള്‍ പാടിയുറപ്പിക്കുകയായിരുന്നു ഇക്കാലത്തിനിടയില്‍ സിനിമയിലും ജീവിതത്തിലും. ഈ പ്രവണത ആര്‍ഭാടങ്ങളോടെ വിറ്റുണ്ടായ ബോക്‌സോഫീസുകളിലാണ് മലയാള സിനിമ ഹിറ്റുകള്‍ സൃഷ്ടിച്ചും തകര്‍ത്തും വാണത്. ഇതിനൊരപവാദമായി ഭവിച്ചത് അടുത്തകാലത്തുണ്ടായ ഏതാനും ന്യൂജന്‍ സിനിമകളാണ്. ഒരുപക്ഷേ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് സാംസ്‌കാരികമായ പിന്‍ബലമേകുന്നതും ഈ ന്യൂജന്‍ സാംസ്‌കാരിക സിനിമാ രാഷ്ട്രീയമാണ്.
സമകാലികമായ ചില രാഷ്ട്രീയപ്രശ്‌നങ്ങളെ അഭിസംബോധനചെയ്യുന്നതാണ് ഈ സിനിമയെങ്കിലും, ഏതെങ്കിലുമൊരു കക്ഷിരാഷ്ട്രീയത്തോട് പക്ഷം ചേര്‍ന്നുകൊണ്ടോ അതല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ വിരുദ്ധപക്ഷത്തു നിലയുറപ്പിച്ചുകൊണ്ടുള്ളതോ അല്ല ഇതിന്റെ കാഴ്ച. എല്ലാത്തരം പുരോഗമന/പ്രതിലോമ, മതപര/മതേതര, വര്‍ഗ്ഗ/സ്വത്വ സമൂഹങ്ങളെയും കുടുംബജീവിതത്തില്‍ അവര്‍ പുലര്‍ത്തിപ്പോരുന്ന ഏകപക്ഷീയ ആണ്‍പോരിമയുടെയും പെണ്ണടിമത്തത്തിന്റെയും ആസ്പദങ്ങളെയൊക്കെ ചോദ്യം ചെയ്യുന്ന ഒരുള്‍ക്കാഴ്ച ഈ സിനിമയ്ക്കുണ്ട്.
സവര്‍ണ്ണ ജാതിസ്വത്വങ്ങളെ പ്രത്യക്ഷത്തില്‍ത്തന്നെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നു എന്നത് ശ്രദ്ധേയമാണ് താനും. അതിന്റെ കാരണം, കേരളത്തിലും ഇന്ത്യയിലാകെയും ആധുനികമായ ജീവിതരീതിക്ക് സാംസ്‌കാരികമായ മാതൃക നിര്‍മിക്കുന്നതിന്റെ ഘടകങ്ങള്‍ ഇന്നും (എന്നും) സവര്‍ണ്ണ ജാതിയിലാണ് കുടികൊള്ളുന്നത് എന്നതുകൊണ്ടാണ്. ഇന്ത്യയിലെ സവര്‍ണ്ണേതര സമൂഹങ്ങളെല്ലാം അപരിഷ്‌കൃതര്‍ ആണെന്നും അവര്‍ പരിഷ്‌കരിക്കപ്പെടുന്നത് (പരിഷ്‌കരിക്കപ്പെടേണ്ടത്) ഈ മേല്‍ജാതിജീവിതം നോക്കിയാണ് എന്നും, അതിന്റെ സാംസ്‌കാരിക പരിസരം അനുകരിക്കുന്നതിലൂടെയാണ് എന്നൊക്കെയുള്ള മിഥ്യാബോധം പിന്തുടരുന്നതാണ് നമ്മുടെ അബോധം. അപ്പോള്‍ ആ മാതൃകാ കിച്ചനാണ് ഈ കിച്ചന്‍.
(എസ് ഹരീഷിന്റെ മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ എന്ന കഥയില്‍ വധുവിന്റെ ഈഴവ കുടുംബം അടുക്കളപ്പെരുമാറ്റം വഴി വരന്റെ നായര്‍ ജാതിയിലേക്ക് ആരോഹണം നടത്താന്‍ പാടുപെടുന്നതിന്റെ സന്ദര്‍ഭം കൂടി ഈയവസരത്തില്‍ ഓര്‍ക്കാവുന്നതാണ്). അപ്പോള്‍, എല്ലാ ജാതി-മത-മതരഹിത കുടുംബങ്ങളിലും പടര്‍ന്നുകിടക്കുന്ന ഈ ജീര്‍ണ്ണതയെ തുറന്നുകാണിക്കുന്നതിന് ഇതേ സവര്‍ണ്ണ സാംസ്‌കാരികപരിസരം തന്നെ കാണിക്കുന്നതാവും ഉചിതം എന്ന നിലയിലായിരിക്കണം എഴുത്തുകാരനും സംവിധായകനുമായ ജിയോ ബേബി അതുതന്നെ പശ്ചാത്തലമായി സ്വീകരിച്ചത് എന്നുവേണം അനുമാനിക്കാന്‍.
സിനിമയുടെ അവസാന ഭാഗത്ത് നായിക നടന്നുപോകുമ്പോള്‍ റോഡരികില്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ അത് സൂചിപ്പിക്കുന്നുണ്ട്. ചെഗുവേരയുടെയും മറ്റും ചിത്രങ്ങള്‍ പതിച്ചിട്ടുള്ള പാര്‍ട്ടിയോഫീസും ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ സ്ത്രീകള്‍ പ്രതിഷേധശരണം മുഴക്കുന്ന പ്രതിഷേധബൂത്തുകളും കടന്നാണ് നായിക നടന്നുപോകുന്നത്. അതിനപ്പുറം കടല്‍ കാണാം. പാര്‍ട്ടിയാപ്പീസായാലും ഭജനപ്രതിഷേധമായാലും അതെല്ലാം ഓരോ ആചാരങ്ങള്‍ മാത്രമാണെന്നും പുറമേയ്ക്കുള്ള എല്ലാ ആചാരങ്ങളുടെയും മറുപുറം ഇതേ പെണ്ണടുക്കളകളാണെന്നും ഈ ദൃശ്യം സൂചന തരുന്നു. കടല്‍ത്തീരത്തിനു സമാന്തരമായി കിടക്കുന്ന പുതിയതെന്ന് തോന്നിക്കുന്ന റോഡിലൂടെയാണ് അവള്‍ നടക്കുന്നത്.
കടല്‍ എന്ന തുറസ്സിനെ അവിടെ ബോധപൂര്‍വ്വം കാണിക്കുന്നതിലൂടെ എല്ലാ അയിത്തങ്ങളെയും ആചാരവിശുദ്ധികളെയും മറികടക്കുന്ന വിശാലമായ ലോകത്തെ തുറന്നിടുകയാണ് സംവിധായകന്‍. എന്നാല്‍ അതീവ ചടുലമായ താളങ്ങളുടെയും നൃത്തച്ചുവടുകളുടെയും അകമ്പടിയോടെ പത്മദളങ്ങള്‍ വിടരുന്ന മുദ്രകള്‍ കാട്ടി പാരമ്പര്യപ്രചോദിതമായ സംഗീതശില്പം തന്നെ പിന്നെയും അവതരിപ്പിച്ചു കൈയടിക്കുന്നതിലൂടെ മഹത്തായ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ തന്നെ കാല്‍ച്ചിലങ്കകളായി വീണ്ടും തളയ്ക്കുന്ന വൈരുദ്ധ്യവുമുണ്ട് സിനിമയുടെ അവസാനത്തില്‍.
ചിത്രത്തിലെ അടുക്കളക്കാഴ്ചകള്‍ ഏതു ജാതി-വര്‍ഗ്ഗ-മത-മതേതര ജീവിതം നയിക്കുന്ന പെണ്ണുങ്ങളിലും സര്‍വ്വ സാധാരണമായി നില്‍ക്കുന്നതും, എന്നാല്‍ ആര്‍ത്തവ സമയത്തെ അയിത്തവും തീണ്ടലും സവര്‍ണ്ണ ജാതിക്കാരുടെ പ്രത്യേകതയായി ഇന്നും അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശീലങ്ങളില്‍പ്പെട്ടതും, അതേസമയം ആര്‍ത്തവലഹള (ശബരിമല വിഷയം) ഒരു സവിശേഷ രാഷ്ട്രീയപ്രശ്‌നമായി അടുത്തകാലത്ത് അധികാരരാഷ്ട്രീയ താല്പര്യങ്ങളോടെ ഉയര്‍ന്നു വന്നതുമാണ്. ഈ മൂന്ന് സ്ത്രീ പ്രമേയങ്ങളെ രാഷ്ട്രീയമായ ഉള്‍ക്കനത്തോടെ കോര്‍ത്തുവെച്ചുണ്ടാക്കിയതാണ് ഈ സിനിമയുടെ ആഖ്യാനം.
തുടക്കത്തിലെ പെണ്ണുകാണല്‍, താലികെട്ട്, തീയുഴിഞ്ഞ് വീട്ടില്‍ക്കയറ്റല്‍, വിരുന്നിനു പോക്ക് എന്നിവ മിന്നിമറിയുന്ന ചെറിയ ഷോട്ടുകളായി കാണിച്ച് നേരെ അടുക്കളയെന്ന അരങ്ങിലേക്ക് കാണികളെ കൂട്ടിക്കൊണ്ടുപോവുകയാണ് സംവിധായകന്‍. ഇന്ത്യയുടെ മഹത്തായ പാരമ്പര്യം വെച്ച്, എല്ലാ ആഘോഷങ്ങളും നൈമിഷികമാണെന്നും മടുപ്പിക്കുന്നതും വിരസവുമായ പകല്‍-രാവുകളുടെ ആവര്‍ത്തനങ്ങളാണ് പെണ്ണിനെ സംബന്ധിച്ച് ശാശ്വത സത്യമെന്നും കാണിച്ചുതരുന്നതാണ് ഇതിലെ അടുക്കള ദൃശ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള ഷോട്ടുകള്‍, അഥവാ രംഗപടം മാറ്റാത്ത അരങ്ങായി അടുക്കളയില്‍ത്തന്നെയുള്ള തളഞ്ഞു നില്‍പ്പ്. ഇതേ മടുപ്പും ആവര്‍ത്തനവും അതില്‍ നിന്നുള്ള മോചനമില്ലായ്മയും ആഴത്തില്‍ വേദനിപ്പിക്കുന്നുണ്ട് അടൂരിന്റെ എലിപ്പത്തായവും.
എലിപ്പത്തായത്തില്‍, താന്‍ ജനിച്ചുവളര്‍ന്ന നായര്‍ തറവാടും കാരണവരായ മൂത്തസഹോദരനും മൂല്യബോധമായി പിന്തുടരുന്ന ജാത്യാഭിമാനവും ഇവ മൂന്നും കെട്ടുപിണഞ്ഞുകിടക്കുന്ന മാറാലക്കുരുക്കില്‍ നിന്നും മോചനമില്ലാതെ, സ്വപ്നങ്ങള്‍ക്കുപോലും അര്‍ഹതയില്ലാത്തവളെന്ന് തോന്നിപ്പിക്കും വിധം ആത്മസംഘര്‍ഷത്തിലും ശാരീരികക്ഷീണത്തിലും വേദനിച്ചു ജീവിച്ച്
മരിച്ചുപോകുന്നവളാണ് അടൂരിന്റെ നായിക. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലാകട്ടെ, സ്വന്തം വീടിന്റെ സ്ഥാനത്ത് ഭര്‍തൃവീടും മുതിര്‍ന്ന സഹോദരനുപകരം ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും എന്ന വ്യത്യാസം മാറ്റിനിര്‍ത്തിയാല്‍ രണ്ടിലും മൂല്യപരിസരം ഒന്നു തന്നെ. രണ്ടിലും ജാത്യാഭിമാനത്തെ പ്രകോപിപ്പിക്കുന്ന ഗള്‍ഫുകാരന്റെ സാന്നിദ്ധ്യമുണ്ട്. എലിപ്പത്തായത്തില്‍
അയല്‍ക്കാരനായ അവര്‍ണ്ണജാതിക്കാരന്റെ കടന്നുവരവാണ് ആചാരം തെറ്റിക്കുന്നതെങ്കില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനില്‍ ഭാര്യാപിതാവിന്റെ ഗള്‍ഫ് ജീവിതമാണ് ഭാര്യയുടെ ആചാരബോധമില്ലായ്മക്ക് കാരണമായി ആചാര സംരക്ഷകരെല്ലാം കണ്ടെത്തുന്നത്.
ഇത് ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും മാത്രമല്ല, സ്‌കൂള്‍ വിട്ടുവരുന്ന മകന് കുടിക്കാന്‍ വെള്ളമെടുത്തുകൊടുക്കാന്‍ പെണ്മക്കളോട് കല്‍പ്പിക്കുന്ന നായികയുടെ അമ്മയുടെ കൂടി അഭിപ്രായമാണ്. നിന്റെ അച്ഛന്‍ ഗള്‍ഫിലായതുകൊണ്ടാണ് നമുക്കത് ശീലമില്ലാത്തത് എന്നാണ് ആര്‍ത്തവ അയിത്തത്തെ സംബന്ധിച്ച് അമ്മയുടെ ന്യായീകരണം. ഈ ജാതി ആചാരങ്ങളെല്ലാം വളരെ സ്വാഭാവികമാണെന്നാണല്ലോ എല്ലാ ആചാരവാദികളും കരുതുന്നത് (ജീവിതത്തിലായാലും
സിനിമയിലായാലും)!
മരുമകളോട് അമ്മായിയപ്പന്‍, ചോറ് കുക്കറില്‍ വേവിക്കണ്ട വിറകടുപ്പില്‍ വെച്ചാല്‍ മതിയെന്നും, തന്റെ മുണ്ടും ഷര്‍ട്ടും വാഷിംഗ് മെഷീനില്‍ അലക്കിയാല്‍ പിഞ്ഞിപ്പോകുമെന്നും കൈകൊണ്ടലക്കിയാല്‍ മതിയെന്നുമൊക്കെ സ്‌നേഹത്തോടെ കല്‍പ്പിക്കുന്നത് സ്ത്രീപുരുഷ ഭേദമന്യേ നമുക്കൊക്കെ വെറും നിഷ്‌കളങ്കവും വളരെ സ്വാഭാവികവുമായ കാര്യമാണല്ലോ.
നായികയുടെ അമ്മയും ഭര്‍ത്താവിന്റെ പെങ്ങളുമൊക്കെ ഈ സ്വാഭാവികതയില്‍ ലയിച്ചു ജീവിക്കുന്നവരാണ്. അവര്‍ക്കതില്‍ എതിര്‍പ്പൊന്നുമില്ല. എന്നാല്‍ നായികയുടെ പീരിയഡ് ടൈമില്‍ വീട്ടുജോലിക്ക് വരുന്ന സ്ത്രീ ഈ സ്വാഭാവികതയെ മറിച്ചിടുന്നുമുണ്ട്. ഞാന്‍ ഈ സമയത്തും അടുക്കള ജോലിക്ക് പോകുമെന്നും, ഞങ്ങള്‍ക്കൊക്കെ അതുണ്ടോന്ന് തന്നെ ആര്‍ക്കും
അറിയാന്‍ താല്പര്യമില്ല എന്നും ഈ കീഴാള സ്ത്രീ കഥാപാത്രം ആര്‍ത്തവത്തെപ്പറ്റി പറയുന്നുണ്ട്. ജോലിക്കിടയില്‍ അവര്‍ മൂളിപ്പാടുന്ന ഫോക് ടച്ചുള്ള പാട്ട് പിന്നിട്ടു പോയ കാലത്തിന്റെ ജാതിജീവിതത്തിന്റെ വേരുകളില്‍ ചെന്നലയ്ക്കുന്നുണ്ട്. എത്ര മനോഹരമാണ് ആ പാട്ടും കഥാപാത്രത്തിന്റെ സാന്നിദ്ധ്യവും. എലിപ്പത്തായത്തിലെ വീട്ടുജോലിക്കാരിയായ അവര്‍ണ്ണ സ്ത്രീയുടെ സാന്നിദ്ധ്യത്തിനു സമാനമാണ് ഇതും.
ഇങ്ങനെ ജാതി വരേണ്യതയുടെ മൂല്യബോധത്തിന് എതിരെ കടന്നുവരുന്ന കീഴ്ജാതി സ്വത്വങ്ങളും ഗള്‍ഫുകാരുമൊക്കെത്തന്നെയാണ് ജാത്യാഭിമാനത്തെ പ്രകോപിപ്പിച്ച് പ്രശ്‌നമണ്ഡലം ആഗതമാക്കുന്നതിന്റെ ഊര്‍ജ്ജാവഹകര്‍ അഥവാ ശകുനപ്പിഴകള്‍ എന്ന് അടൂര്‍ മുതല്‍ ജിയോ ബേബി വരെ അറിഞ്ഞോ അറിയാതെയോ അടിവരയിടുന്ന സത്യമാണ്. നമ്മുടെ ഭാവുകത്വ മാറ്റത്തിന്റെ ചരിത്രം എന്നും ഇത്തരം എതിരേ നടന്നുവരുന്ന ശകുനപ്പിഴകളുടെ സാന്നിദ്ധ്യം തന്നെയാണ്.
പുനരുദ്ധാന ആഖ്യാനങ്ങള്‍ ഇതിനെ മറുവശത്തുനിന്ന് ആക്ഷേപിക്കുന്നത് മലയാള സിനിമയിലെത്രയോ കണ്ടതുമാണ്. ദേവാസുരം പോലുള്ള ഉദാഹരണങ്ങള്‍ നോക്കിയാല്‍മതി.
മൂടിവെച്ചും കഴുകിക്കളഞ്ഞും സമ്മതമില്ലാതെ സോറി പറഞ്ഞും പിന്നെയും മണത്തുനോക്കി സോപ്പിട്ടുകഴുകിയും സഹികെട്ട ദുര്‍ഗ്ഗന്ധത്തിനുമേല്‍ പ്രതിഷ്ഠ നേടിയ ജാതീയ ആണധികാരത്തെ അതിന്റെ നിസ്സംഗതയുടെയും അവഗണനയുടെയും അധികാരപ്രയോഗത്തിന്റെയും ദുര്‍ഗ്ഗന്ധം വമിക്കുന്ന മാലിന്യം കൊണ്ടു തന്നെ അഭിഷേകം ചെയ്ത് നടയടക്കുന്നു എന്നതാണ്
ചിത്രത്തിന്റെ ഗംഭീരമായ മുഹൂര്‍ത്തം.
മാലയിട്ടവനെ ആര്‍ത്തവക്കാരിയായ ഭാര്യ തൊട്ടുപോയതിന് പച്ചച്ചാണകം ഗുളികയാക്കിക്കഴിക്കുകയോ പച്ചച്ചാണകം കലക്കിക്കുടിക്കുകയോ ചെയ്താലേ പരിഹാരമുള്ളൂ എന്നു നിര്‍ദ്ദേശിക്കുന്ന ആചാര വിശുദ്ധിക്ക് ഇതിലും മെച്ചപ്പെട്ട മറുമരുന്നില്ല. എന്നാല്‍ കുലപുരുഷുക്കളുടെ ജീവിതം അവിടം
കൊണ്ടവസാനിക്കുന്നതല്ലല്ലോ, ഒരു പരിണാമത്തിനും പിടികൊടുക്കാത്ത അറ്റമില്ലാത്ത ആഖ്യായികയായി നാളത്തെ കഥയ്ക്കുവേണ്ടിയുള്ള നീക്കിയിരിപ്പായി അവര്‍ കാലത്തിന്റെ കോമാളിരൂപങ്ങളായി തുടരും എന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിയുന്നു എന്നിടത്താണ് സംവിധായകന്റെ കൈയൊപ്പ് അതിലും സുന്ദരമായി പതിഞ്ഞുകിടക്കുന്നത്. അതേ അടുക്കള,
അതേ പാത്രങ്ങള്‍, അതേ പൈപ്പുവെള്ളം, അതേ കോസ്റ്റിയൂംസ്, അതേ ശൃങ്കാരം, അടിയില്‍ പൊട്ടിയൊലിക്കുന്ന അതേ ആണധികാര ദുര്‍ഗ്ഗന്ധം. കഥ തുടരുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക